വിടപറഞ്ഞത് വാദ്യകലയിലെ വലംതലയുടെ വരദാനം

തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിൽ നിന്നും… കൊടകര സജിയുടെ അവസാന മേളമായിരുന്നു…

കൊടകര: ക്ഷേത്രവാദ്യകലാരംഗത്ത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി സജീവസാന്നിധ്യമായ കൊടകര സജി സഹപ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും സഹൃദയര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മേളകലയിലെ വലംതലയില്‍ പ്രമാണിയായും സഹപ്രമാണിയായും ശ്രദ്ദേയനായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ പിതാവിനൊപ്പം സമീപക്ഷേത്രങ്ങളില്‍ ഇലത്താളക്കാരനായിട്ടായിരുന്നു പൂരങ്ങള്‍ക്കു ഉല്‍സവങ്ങള്‍ക്കും ആദ്യംശിച്ചത്.

പിന്നീട് തൃപ്പേക്കുളം ഉണ്ണിമാരാരുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച സജി പഞ്ചാരി ,പാണ്ടി മേളങ്ങളെ കൂടാതെ അടന്ത,അഞ്ചടന്ത,ചെമ്പ,ചെമ്പട,ധ്രുവം,കല്‍പ്പം എന്നീമേളങ്ങളിലും അവഗാഹം നേടി. വലംതലക്കാരനായാണ് വാദ്യരംഗത്ത് അറിയപ്പെടുന്നതെങ്കിലും ഏതു മേളവും കൊട്ടാനും പ്രമാണിക്കാനും സജിക്കു സാധ്യമായിരുന്നു. ചെണ്ടകള്‍ വലിച്ചുമൂപ്പിക്കുന്നതിലും സജിക്ക് പ്രത്യേകകഴിവുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ ഓണ്‍ലൈന്‍ക്ലാസ്സുവഴി പഞ്ചാരി അഭ്യസനം ഉള്‍പ്പെടെ നൂറുകണക്കിനുശിഷ്യരുണ്ട്. കൊടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേളകലാകാരന്‍മാരുടെ കൂട്ടായ്മയായ മേളകലാസംഗീതസമിതിയുടെ വൈസ്പ്രസിഡണ്ടായിരുന്നു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം,ആറാട്ടുപുഴ, പെരുവനം പൂരങ്ങള്‍,എടക്കുന്നി വിളക്ക്,നെന്‍മാറ വേല തുടങ്ങി കേരളത്തിനകത്തും പുറത്തും ഒട്ടനവധി പരിപാടികല്‍ പങ്കെടുത്തു.കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ സജിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, ചെറുശ്ശേരി കുട്ടന്‍മാരാര്‍ തുടങ്ങി മേളപ്രമാണിമാരുടെ മേളങ്ങള്‍ക്കെല്ലാം സജി വലംതല നിരയെ നയിച്ചിട്ടുണ്ട്.

പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് ആദ്യം തിരുവമ്പാടി വിഭാഗത്തിലാണ് പങ്കെടുത്തതെങ്കിലും പിന്നീട് പാറമേക്കാവിന്റെ വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ വലംതലനിരയില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാവുകയായിരുന്നു . മേളത്തിന് വലംതലനിരയെ നയിക്കുന്ന സജി പഞ്ചവാദ്യത്തില്‍ ഇലത്താളരംഗത്തും അമരക്കാരനായിരുന്നു. 2009 ലെ പറവൂര്‍ തൃക്കപുരം കാവില്‍ വിജയന്‍മാരാര്‍ സ്മാരക സുവര്‍ണമുദ, 2013 ല്‍ കൊടകര മേളകലാസംഗീതസമിതിയുടെ പ്രഥമ സുവര്‍ണ മുദ എന്നിവ ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനാണ് സജി അവസാനമായി പങ്കെടുത്തത്. ഇന്ന് തൃശൂര്‍ പെരിങ്ങാവ് ധന്വന്തരീക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച മേളത്തിന് വലംതലനിരയുടെ അമരക്കാരനാവേണ്ടിയിരുന്ന സജി അക്ഷരകാലവും ചെമ്പടവട്ടവുമില്ലാത്ത ലോകത്തേക്ക് ജീവിതകാലം കൊട്ടിക്കയറുകയായിരുന്നു. കൊടകര കാവില്‍ കിഴുമലവീട്ടില്‍ പരേതനായ രാമന്‍നായരുടേയും തെക്കേടത്ത് കാര്‍ത്ത്യായനിയമ്മയുടേയും മകനായിട്ടാണ് സജി ജനിച്ചത്. ഭാര്യ: ജ്യോതി. മക്കള്‍; ശ്രീരാഗ് ,ശ്രുതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!