കോടാലി: മുരിക്കുങ്ങള്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പൂരം-കാവടി മഹോത്സവത്തോടനുബന്ധിച്ച് കൊണ്ടുവന്ന ആന ചരിഞ്ഞു. കൊല്ലം മുഖത്തല അക്കാവിള കണ്ണന്‍ എന്ന ആനയാണ് ഞായറാഴ്ച പത്തുകുളങ്ങര പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ വളപ്പില്‍ ചെരിഞ്ഞത്. 20 വയസ്സായിരുന്നു.
എന്നാല്‍ ചെറിയ ആനയായിരുന്നതിനാല്‍ ആനകളെ ഏറ്റ ആളോട് ഈ ആനയെ വേണ്ട എന്നു പറഞ്ഞതനുസരിച്ച് ഈ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാതെ പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ വളപ്പില്‍ കെട്ടിയിരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആനചികിത്സകന്‍ ഡോ ഗിരിദാസിനെ വരുത്തി പരിശോധന നടത്തി ചികിത്സ നല്‍കിയതായും ആനക്ക് ഹൃദയാഘാതമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഇനിയും ഉണ്ടായാല്‍ ആന ചെരിയുമെന്നും ഡോക്ടര്‍ പറഞ്ഞതായി ആനയുടെ ഒന്നാം പാപ്പാനും പുത്തനോളി സ്വദേശിയുമായ അജീഷ് പറഞ്ഞു.
ഞായറാഴ്ച പകല്‍ 3 മണിയോടെ ഡോക്ടര്‍ പോയി. 4 മണിയോടെ ആന ചെരിയുകയും ചെയ്തു. ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് മുതല്‍ ആനയെ പാട്ടത്തിനു എടുത്തിരുന്ന ആള്‍ മുഖാന്തിരമായിരുന്നു എഴുന്നള്ളിപ്പുകള്‍ക്ക് പോയിരുന്നത്. തിങ്കളാഴ്ച രാവിലെ ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു ശേഷം കോടനാടുള്ള ആന ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നു വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ടി എസ് മാത്യു അറിയിച്ചു.