ആലത്തൂര്‍ : നെല്ലായി ആലത്തൂരില്‍ ക്രിമിനല്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു.ആലത്തൂര്‍ അരീക്കാട്ടില്‍ വീട്ടില്‍ സജീവന്റെ മകന്‍ സജിത്തിനാണ് (29)വെട്ടേറ്റത്. മാരകമായി പരിക്കേറ്റ സജിത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുപതോളം പേര്‍ വരുന്ന സംഘം രാത്രി 9 മണിയോടെ സജിത്തിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടി വീട്ടില്‍ കയറിയ സജിത്തിന്റെ വീടിന്റെ മുന്‍ വാതില്‍ അക്രമികള്‍ വെട്ടി പൊളിച്ചു. തുടര്‍ന്ന് രക്ഷപ്പെടാനായി മരാശ്ശാരി രമേശന്റെ വീട്ടില്‍ ഓടിക്കയറിയ സജിത്തിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ രമേശന്റെ വീടിനു നേരെ പടക്കം എറിഞ്ഞു ഭീതി പടര്‍ത്തി. പടക്കം ഏറില്‍ വീടിന്റെ ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ന്നു. സജിത്തിന്റെ നെഞ്ചത്തും പുറത്തും വെട്ടേല്‍ക്കുകയും ചെയ്തു. രമേശന്റെ വീട്ടിലെ വാതില്‍ രണ്ട് ജനലുകള്‍, ടേബിള്‍ ഫാന്‍, ടീപോയ് എന്നിവയും അക്രമികള്‍ തകര്‍ത്തു.
കൂടാതെ രമേശന്റെ വീടിന്റെ എതിര്‍വശത്തുള്ള തയ്യില്‍ ഷാജിയുടെ വീടിന്റെ 11 ജനല്‍ വാതിലുകള്‍ പൂര്‍ണ്ണമായും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഭാഗികമായും അക്രമികള്‍ തകര്‍ത്തു. അക്രമികള്‍ എറിഞ്ഞിട്ട് പൊട്ടാതെ കിടന്ന പടക്കം സജിത്തിന്റെ വീട്ട് മുറ്റത്ത് നിന്നും പോലീസ് കണ്ടെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ അഴകത്ത് വീട്ടില്‍ ഗോകുല്‍ എന്ന ചാമി, കുറുവത്ത് വീട്ടില്‍ ആദര്‍ശ്(19) നെല്ലായി പടിഞ്ഞാറെപുറക്കാരന്‍ വീട്ടില്‍ ശ്രീക്കുട്ടന്‍(28) മുരിയാട് തൊട്ടുപുറത്ത് വീട്ടില്‍ സനീഷ്(22),ആനന്ദപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാഗ്(22)വാടാനപ്പിള്ളി തേക്കിന്‍കാട് വീട്ടില്‍ അസ്‌കര്‍(31), കാറളം കാരാഞ്ചിറ കൊല്ലേല്‍ വീട്ടില്‍ വിവേക് (19)എന്നിവരെ കൊടകര സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.