Breaking News

ഫോട്ടോഗ്രാഫിയെ പ്രണയിച്ച ഭിഷഗ്വരന്‍ – ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍

ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ തന്റെ വീട്ടിലെ ഫോട്ടോഗ്രാഫുകളാല്‍ ഗാലറിയൊരുക്കിയ പരിശോധനാമുറിയില്‍

കൊടകര: ആരോഗ്യശാസ്ത്രവും കലയും സംഗമിപ്പിച്ച് ആയിരങ്ങള്‍ക്ക് മാനസികാരോഗ്യം സമ്മാനിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ പ്രതിഭയാണ് ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍. താന്‍ പകര്‍ത്തിയ പൂക്കളും പൂമ്പാറ്റകളും ഉള്‍പ്പെടുന്ന നിരവധി ചിത്രങ്ങളുടെ ഗാലറിയാണ് വീട്ടിലെത്തുന്ന രോഗികള്‍ക്കായി നാട്ടിന്‍പുറത്തിന്റെ നന്മ തിരിച്ചറിഞ്ഞ ഈ ഭിഷഗ്വരന്‍ ഒരുക്കിയിരിക്കുന്നത്.

ഫോട്ടാഗ്രാഫിയുടെ ചരിത്രം പറയുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ ഫോട്ടോഗ്രാഫി മ്യൂസിയങ്ങളിലൊന്നായ ഫോട്ടോ മ്യൂസ് തൃശൂര്‍ ജില്ലയിലെ മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയിലാണ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍കളറിംഗും പെയിന്റിങ്ങുകളുമൊക്കെയായി കുട്ടിക്കാലം മുതല്‍ ചിത്രകലയെ താലോലിച്ച് വരയുടെ ലോകത്ത് വിഹരിച്ച ഉണ്ണികൃഷ്ണന്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നാണ് ചിത്രകലയുടെ സൂക്ഷ്മവും സുന്ദരവുമായ പാഠങ്ങള്‍ അടുത്തറിഞ്ഞത്. ചിത്രകലാരംഗത്ത് ശ്രദ്ധേയനും പണ്ഡിതനുമായ വിജയകുമാര്‍മേനോന്‍ ഇദ്ദേഹത്തിന് ഗുരുതുല്യനാണ്. 1993 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജന്മദേശത്തുതന്നെ സ്‌നേഹ എന്ന പേരില്‍ നാട്ടുകാരായ രോഗികളെ പരിചരിക്കുന്നതിനായി ഒരു ക്ലിനിക്ക് തുടങ്ങി . സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പഞ്ചായത്തായ മറ്റത്തൂരിലെ ആനപ്പാന്തം കോളനിയിലെ ഉള്‍പ്പെടെ അനവധി രോഗികള്‍ ഡോക്ടറുടെ സന്ദര്‍ശകരാണ്.

കൊടകര, വരന്തരപ്പിള്ളി, കോടശ്ശേരി, തുടങ്ങിയവിടങ്ങളില്‍നിന്നും ഈ സ്‌നേഹാലയത്തിലേക്ക് ചികിത്സതേടി പലരുമെത്തിയിരുന്നു. ആ കാലത്തും ആനപ്പാന്തത്തെ ശാസ്താംപൂവം ഉള്‍പ്പെടെയുള്ള കോളനികളിലെത്തി ഡോക്ടര്‍ തന്റെ ചിത്രങ്ങളുടെ ഫോട്ടോഡോക്യുമെന്ററി നടത്തുമായിരുന്നു. കാടും കാടരും കാട്ടടറിവുകളും എന്നും ഡോക്ടര്‍ക്ക് ്‌നുഭൂതിയായിയിരുന്നു. 2005 ല്‍ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ആനപ്പാന്തം ആദിവാസി കോളനിയില്‍ മരിച്ച മൂന്നുപേരുടേയും ്ര്രചിതങ്ങള്‍ ഇന്നും ഫോട്ടോമ്യൂസിന്റെ ശേഖരത്തിലുണ്ട്. അന്നത്തെ ചിത്രങ്ങള്‍ കണ്ട് ഡോക്ടറെ കാണാന്‍ വരുന്ന പലരും ഇന്നും കണ്ണീര്‍ പൊഴിക്കുന്നു. ഒരു രോഗിയുടെ ചുറ്റുപാടുകളും ജീവിതസാഹചര്യങ്ങളും മാനസീകവും സാമൂഹികമായ അവസ്ഥയും മനസ്സിലാക്കി ശാസ്ത്രവും കലയും ഒന്നിപ്പിച്ചാണ് ഡോക്ടറുടെ ചികിത്സ.ദക്ഷിണേന്ത്യയിലെ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവടങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ പൂമ്പാറ്റകളെക്കുറിച്ച് വ്യാഴവട്ടക്കാലം പഠനം നടത്തിയ പ്രതിഭയാണ് ഇദ്ദേഹം.അന്നും ഇന്നും ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാണ് പ്രദീപ് മേനോനും ഡോ.ബിജു രാമന്‍കുട്ടിയും. 2013 ലാണ് ഡോക്ടര്‍ കലാത്മക ഫോട്ടോഗ്രാഫിയിലേക്കു തിരിയുന്നത്.

ഫോട്ടോഗ്രാഫിയില്‍ 2017-18 കാലയളവില്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ഉണ്ണികൃഷ്ണനെ തേടിയെത്തി. നൂതനസങ്കല്‍പ്പത്തിലധിഷ്ഠിതമായ രണ്ടുമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുകലാകാരന്‍മാര്‍ ഒരേപ്രതലത്തില്‍ കലാസൃഷ്ടി നടത്തുന്ന അപൂര്‍വചിത്രപ്രദര്‍ശനത്തിനും കോടാലിയിലെ ഫോട്ടോമ്യൂസിന്റെ റൂറല്‍ഗാലറി വേദിയായിരുന്നു. ഒരേക്യാന്‍വാസില്‍ ഒരു ഫോട്ടോഗ്രാഫും അതുമായി ബന്ധപ്പെട്ട പെയിന്റിങ്ങും സമ്മേളിക്കുകയായിരുന്നു. ഇത് ലോകത്തില്‍തന്നെ ആദ്യസംരംഭമായിരുന്നു. രണ്ടുചിത്രങ്ങള്‍ ഒന്നിച്ചുകാണുമ്പോള്‍ അതിലെ രണ്ടുഭാവങ്ങളെ കണ്ടെത്തിയുള്ള സര്‍ഗാത്മകഫോട്ടോഗ്രാഫിയില്‍ ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ പഠനം നടത്തിയിരുന്നു. ഫോട്ടോഗ്രാഫിയെ അറിയാനും അനുഭവിക്കാനുമായി അമേരിക്ക. യൂറോപ്പ്, മധ്യേഷ്യ എന്നിങ്ങനെ ലോകത്തെ ഇരുപതോളം രാജ്യങ്ങളില്‍ ഡോക്ടര്‍ സന്ദര്‍ശനം നടത്തി.

ഇന്ത്യയില്‍ ആദ്യമായി ഫോട്ടോഗ്രാഫിക്ക് മാത്രമായി ഒരു മ്യൂസിയം തുടങ്ങുക എന്ന ലക്ഷ്യത്തോടെ 2014 ജൂലായിലാണ് ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കലും സംഘവും ചേര്‍ന്ന് ഫോട്ടോമ്യൂസിന് തുടക്കമിട്ടത്. കേരളത്തിന്റെ ഫോട്ടോഗ്രാഫി ചരിത്രം പഠിക്കാന്‍ തുടങ്ങിപ്പോഴാണ് അത്തരമൊരു ചരിത്രം എവിടേയും രേഖപ്പെടുത്തിയിട്ടില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. വിദേശരാജ്യങ്ങളിലുള്ളതുപോലെ എന്തുകൊണ്ട് ഒരു ഫോട്ടോഗ്രാഫി മ്യൂസിയം തുടങ്ങിക്കൂടാ എന്ന ചിന്തയില്‍നിന്നാണ് ഫോട്ടോമ്യൂസിന്റെ പിറവി. കൂട്ടുകാരുടെ പ്രോത്സാഹനവും പിന്‍തുണയും ഉണ്ണികൃഷ്ണന്റെ മോഹങ്ങള്‍ക്ക് സാഫല്യമേകി. ഫോട്ടോകള്‍ മാത്രമല്ല ഫോട്ടോഗ്രാഫിയുടെ ചരിത്രം പറയുന്ന പഴയ ക്യാമറകള്‍, ലെന്‍സുകള്‍, പ്രിന്റുകള്‍, ഫിലിമുകള്‍, ഡെവലപ്പമെന്റ് മെഷീനുകള്‍, എന്നിങ്ങനെ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഈ മ്യൂസിയത്തിലുണ്ട്. അപൂര്‍വമായഫോട്ടോകളുടെ ശേഖരണവും അതിന്റെ സംരക്ഷണവുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ബെറ്റര്‍ ആക്റ്റ് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്റെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ കേന്ദ്രമായുള്ള അന്താരഷ്ട്രനിലവാരത്തിലുള്ള മ്യൂസിയമായി മാറ്റാനുള്ള ശ്രമത്തിലാണ് ഉണ്ണികൃഷ്ണന്‍ ഡോക്ടറും സഹപ്രവര്‍ത്തകരും. 1860 മുതലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ 3000 ത്തിലധികം ചിത്രങ്ങളും പതിനായിരത്തോളം ക്യാമറകളും ബന്ധപ്പെട്ട അനവധി ഉപകരണങ്ങളും ഫോട്ടോമ്യൂസിലുണ്ട്. ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് കലയെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന നാലു മുഴുവന്‍സമയ ജീവനക്കാരും ഇവിടെയുണ്ട്. ഫോട്ടോമ്യൂസ് ക്ലബിന്റെ ഫേസ്ബുക്ക് ഫ്രണ്ട്സ്‌ക്ലബില്‍ പതിനായിരക്കണക്കിന് അംഗങ്ങളാണുള്ളത്.

ഓണ്‍ലൈന്‍രംഗത്ത് കൂട്ടായ്മയുടെ വലിയ ശൃംഖലയാണ് ഫോട്ടോമ്യൂസിനുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടനവധി അറിയപ്പെടുന്ന ചരിത്രകാരന്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഫോട്ടോമ്യൂസിന്റെ ഉപദേശകസമിതിയിലുണ്ട്. അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ഫോട്ടോമ്യൂസിന്റെ അക്കാദമിക് ഡയറക്ടടറുമായ നന്ദകുമാര്‍ മൂടാടി, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്ത് തുടങ്ങിയവര്‍ ഫോട്ടോമ്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഡോ.ഉണ്ണികൃ്ണന്‍ പുളിക്കല്‍, പ്രദീപ് മേനോന്‍, ഡോ.ബിജു രാമന്‍കുട്ടി, ശ്രീനിവാസന്‍ പുല്ലരിക്കല്‍,പ്രവീണ്‍, സീമസുരേഷ് തുടങ്ങിയവരുടെ കൂട്ടായ്മയിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഫോട്ടോമ്യൂസിന്റെ പ്രയാണം. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഒട്ടനവധി ചിത്രപ്രദര്‍ശം, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവ ഫോട്ടോമ്യൂസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വിവിധജില്ലകളിലായി സംഘടിപ്പിച്ചു. അപൂര്‍വമായ ഫോട്ടോകള്‍ സൂക്ഷിക്കാനും ഫോട്ടോമ്യൂസില്‍ സൗകര്യമുണ്ട്. കുടുംബഫോട്ടോയോ പൂര്‍വികകരുടെ ഫോട്ടോയോ എല്ലാം ഇവിടെ ഭദ്രമായി സൂക്ഷിക്കും.

കഴിഞ്ഞ 2 വര്‍ഷത്തോളമായി വീട്ടിലിരുന്നാണ് രോഗികളെ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രത്തെ കച്ചവടമാക്കുന്ന ഇക്കാലത്ത് പൂക്കളും പുഴകളും പൂമ്പാറ്റകളുമുള്‍പ്പെടുന്ന പ്രകൃതിയുടെ വിസ്മയങ്ങളെ ക്യാന്‍വാസിലേക്കാവാഹിച്ച് വേദനിക്കുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകുകയാണ് പുളിക്കള്‍ ഉണ്ണികൃഷ്ണന്‍ എന്ന മറ്റത്തൂരിന്റെ മാതൃകാഡോക്ടര്‍.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!