Breaking News

കൊട്ടുകലയെ അടുത്തറിയാന്‍ കൊടകരയുടെ അക്ഷരാര്‍ച്ചന

കൊടകര: ക്ഷേത്രവാദ്യകലാരൂപങ്ങളായ മേളം,തായമ്പക,പഞ്ചവാദ്യം എന്നിവയുടെ പഠനരീതികളെക്കുറിച്ചും ഇവയില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വാദനകലയുടെ സാധകരീതികള്‍, വാദ്യകലാരംഗത്ത് ശ്രദ്ധേയരായ ഇരുപത് കലാകാരന്‍മാരെക്കുറിച്ചും വിവരിക്കുന്ന വാദ്യകലയിലെ നാദനക്ഷത്രങ്ങള്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ സഹൃദയസമക്ഷം സമര്‍പ്പിച്ചിരിക്കയാണ് സമര്‍പ്പിച്ചാണ് വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി..

വാദ്യകലാരംഗത്ത് ഉപയോഗിക്കുന്ന ചെണ്ട, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം,പഞ്ചവാദ്യവേദിയില്‍ ഉപയോഗിക്കുന്ന തിമില,മദ്ദളം, ഇടയ്ക്ക, മംഗളവാദ്യങ്ങളായ തകില്‍,നാദസ്വരം എന്നീ വാദ്യോപകരണങ്ങളുടെ സാധകസമ്പ്രദായങ്ങളും ഇവയുടെ നിര്‍മാണരീതികളും വിവരിക്കുന്നതും പഞ്ചാരി,പാണ്ടി എന്നിങ്ങനെ സര്‍വസാധാരണമേളങ്ങളും അടന്ത,അഞ്ചടന്ത, ധ്രുവം, ചെമ്പ, ചെമ്പട എന്നിങ്ങനെ അപൂര്‍വമേളങ്ങളേയും പരിചയപ്പെടുത്തുന്നതാണ് വാദനകലയുടെ സാധകരീതികള്‍. മേളങ്ങള്‍ കാലമിടുന്നതുമുതല്‍ അവസാനകാലം വരെ അവതരിപ്പിക്കാന്‍ ഇതിലൂടെ ഉണ്ണി ശ്രമിച്ചിട്ടുണ്ട്.

കൂടാതെ അടിയന്തിരത്തായമ്പക അക്ഷരങ്ങളിലൂടെ എന്ന തലക്കെട്ടില്‍ ക്ഷേത്രസന്നിധികളില്‍ അടിയന്തിരത്തിന്റെ ഭാഗമായി കൊട്ടുന്ന തായയമ്പകയും മുഴുവനായി അക്ഷരങ്ങളെക്കൊണ്ട് കൊട്ടിത്തീര്‍ക്കുന്നു. പതികാലവും അടന്തക്കൂറും ഇടകാലവും ഇരികിടയുമെല്ലാം അക്ഷരങ്ങളിലൂടെ അവതരിപ്പിച്ച് അവസാനം കയ്യിന്റെ കൂട്ടിയടിയും പിന്നിട്ട് ഗണപതിക്കൈ കൊട്ടി തായമ്പക കലാശിപ്പിക്കുകയാണ്. തായമ്പക അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആസ്വദിക്കുന്ന സഹൃദയര്‍ക്കും ഈ കുട്ടിത്തായമ്പക ഏറെ ഹൃദ്യമാകും.

108 പേജുകളിലായാണ് ഈ പഠനഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പെരുവനം കുട്ടന്‍മാരാരുടെ ആശംസയും കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ അവതാരികയും ഗോപീകൃഷ്ണന്റെ വരകളും ഗ്രന്ഥത്തെ കൂടുതല്‍ ശ്രദ്ദേയമാക്കുന്നു. വാദ്യകലാരംഗത്തെ ശ്രദ്ധേയരായ ഇരുപതുകലാകാരന്‍മാരുടെ വിവരങ്ങളാണ് വാദ്യകലയിലെ നാദനക്ഷത്രങ്ങള്‍ എന്ന രണ്ടാമത്തെപുസ്തകത്തിലൂടെ ഉണ്ണി വായനക്കാരിലേക്കെത്തിക്കുന്നത്. ഇതില്‍ 19 പേരും ഇന്ന് ജീവിച്ചിരിക്കുന്നവരും ഒരാള്‍ കാലയവനികക്കുള്ളില്‍ മറിഞ്ഞകലാകാരനുമാണ്.നിശബ്ദമായ കുറുംകുഴല്‍ എന്ന ആദ്യലേഖനത്തില്‍ രണ്ടുവര്‍ഷംമുമ്പ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേളത്തിന് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍മായരുടെ സ്മരണയിലൂടെയാണ് രചന ആരംഭിക്കുന്നത്.

അസുരവാദ്യത്തില മാന്ത്രികസ്പര്‍ശം എന്ന ലേഖനത്തിലൂടെ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ വാദനവൈഭവവും ജീവിതവഴികളും കണ്ണോടിക്കുന്നു. മദ്ദളത്തിലെ മഹാരാജനായിട്ടാണ് തൃക്കൂര്‍രാജനെ അവതരിപ്പിക്കുന്നത്. മേളകലയുടെ കാവലാളായി ഇലഞ്ഞിത്തറയിലെ മേളഗോപുരശില്‍പ്പി പെരുവനപ്പെരുമയുടെ പര്യായമായ പത്മശ്രീ. പെരുവനം കുട്ടന്‍മാരാരും കടന്നുവരുന്നു.

അന്നമനട എന്ന അഞ്ചക്ഷരം എന്ന തലക്കെട്ടിലൂടെയാണ് പഞ്ചവാദ്യത്തിന്റെ അമരക്കാരന്‍ അന്നമനട പരമേശ്വരമാരാരെ താളുകളിലെത്തിച്ചിരിക്കുന്നത്.തിമിലയിലെ ഏകാന്തപഥികന്‍ കേളത്ത് കുട്ടപ്പന്‍മാാരാര്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍, തൃശ്ശൂരിന്റെ സ്വന്തം കിഴക്കൂട്ട് അന ിയന്‍മാരാര്‍, പാലക്കാടിന്റെയും പുതുക്കാടിന്റേയും സ്വന്തം കുനിശ്ശേരി അനിയന്‍മാരാര്‍, പെരുക്കങ്ങളുടെ പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, പഞ്ചവാദ്യത്തിലെ ശിവതാണ്ഡവം ചെര്‍പ്പുളശ്ശേരി ശിവന്‍, നായത്തോടന്‍ശൈലിയുടെ നായകന്‍ ചെങ്ങമനാട് അപ്പുനായര്‍, കൊടകരയുടെ കൊമ്പ്പെരുമ എരവത്ത് രാമന്‍നായര്‍, മാമാങ്കത്തിന്റെ നാട്ടിലെ മച്ചാട് മണികണ്ഠന്‍, പല്ലാവൂര്‍ രാഘവപ്പിഷാരോടി, ഇലത്താളത്തിലെ മണിനാദം ചേര്‍പ്പ് മണി, പാഞ്ഞാള്‍ വേലുക്കുട്ടി, വാദനവൈഭവത്തിന്റെ മോഹനസ്പര്‍ശം തിച്ചൂര്‍ മോഹനന്‍, പാനയുടെ പരമാചാര്യന്‍ കുമ്മത്ത് അപ്പുനായര്‍, സപ്തസ്വരങ്ങളിലെ സവ്യസാചി വെളപ്പായ നന്ദനന്‍ എന്നീ വാദ്യകലയിലെ നിത്യനക്ഷത്രങ്ങളെയാണ് അക്ഷരങ്ങളിലൂടെ ആസ്വാദകര്‍ക്ക് അടുത്തറിയാന്‍ അവസരമൊരുക്കുന്നത്.

രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് തൃശൂരിലെ തിങ്കള്‍ ബുക്സ് ആണ്. തൃശൂര്‍ കറന്റ് ബുക്സ്, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ബുക്ക് സ്റ്റാള്‍, കൊടകര മഠപ്പാട്ടില്‍ ബുക്ക്സ്റ്റാള്‍, സെന്‍ട്രല്‍ ബുക്ക് സ്റ്റാള്‍ എന്നിവിടങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!