Breaking News

കുറുംകുഴല്‍ ആചാര്യന്‍ കൊടകര കൃഷ്ണന്‍ കുട്ടി നായര്‍ (1933 -2017 )

തൃശ്ശൂര്‍ ജില്ലയില കൊടകരയില്‍ കുന്നത്ത് ശങ്കരന്‍ നായരുടെയും മഠത്തിക്കാട്ടില്‍ നാനികുട്ടി അമ്മയുടെയും മകനായി 1933 – മെയ് മാസത്തില്‍ (എടവ മാസം) ജനിച്ചു . സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സൃഷിയവാദ്യങ്ങളോട് ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്ന ശ്രീ കൃഷ്ണന്‍ കുട്ടി നായര്‍ അമ്മാവന്‍ മഠത്തിക്കാട്ടില്‍ വേലായുധ പണിക്കരുടെ ശിക്ഷണത്തില്‍ കുറുകുഴല്‍ ആഭ്യസിച്ച് പത്താമത്തെ വയസ്സില്‍ കൊടകര പൂനിലാര്‍കാവ് ദേവി ക്ഷേത്രസന്നിധിയില്‍ വെച്ച് അരങ്ങേറ്റം നടത്തി.

തന്റെ തട്ടകത്തിലെ തന്നെ ക്ഷേത്രത്തില്‍ അടിയന്തിരക്കാരനായി രംഗപ്രവേശം ചെയ്ത കൃഷ്ണന്‍ കുട്ടി നായര്‍ കുറുമാലിക്കാവ്, നന്തിപുരം, പയ്യൂര്‍കാവ് എന്നീ ക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളിലെ സാന്നിധ്യം കാരണം വളരെ പ്രയോജനമുണ്ടായി. കുറുംകുഴലിലെ കുലപതികളായിരുന്ന കൊമ്പത്ത് കുട്ടന്‍ പണിക്കരുമായുള്ള സഹപ്രവര്‍ത്തനം ഇദ്ദേഹത്തെ വളരെ ശ്രദ്ദേയനാക്കി. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തി മേളത്തിനും ഇരിങ്ങാലകുട കൂടല്‍മാണിക്യ ക്ഷേത്രം , തൃപ്പുണിത്തുറ, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം , നെന്മാറ വല്ലങ്ങി വേല , ഊരകത്ത് അമ്മതിരുവടി ക്ഷേത്രം, പെരുവനം, ആറാടുപുഴ എന്നിങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പൂരങ്ങള്‍ക്കും കുഴല്‍ നിരയില്‍ പ്രമാണി ആയിരുന്നു. മേള രംഗത്ത് മുടിച്ചാ മന്നന്മാരായിരുന്നാ പെരുവനം നാരായണ മാരാര്‍, പെരുവനം അപ്പു മാരാര്‍, പല്ലാവൂര്‍ അപ്പു മാരാര്‍, തൃപ്പേക്കും അച്ചുത മാരാര്‍, തുടങ്ങി പഴയതലമുറയിലെയും പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ തുടങ്ങി ഇപ്പോഴത്തെ മേള ഇതിഹാസങ്ങളുടെ മേളങ്ങള്‍ക്കും കുറുംകുഴല്‍ നിരയെ നയിച്ചിട്ടുണ്ട്..

കുറുംകുഴല്‍ വിദ്വാനായിരുന്ന പരേതനായ കൊടകര ശിവരാമന്‍ നായര്‍ ഇദ്ദേഹത്തിന്റെ അനുജനാണ്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ സുവര്‍ണ്ണ മുദ്ര , ആറാട്ടുപുഴ ശ്രീ ധര്‍മ്മശാസ്താ പുരസ്‌കാരം, ഇരിങ്ങാലകുട , പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യകലാ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. കുറുംകുഴല്‍ കലാകാരനായ പരേതനായ നന്തിപുരം കേശവന്‍, ഇപ്പോഴത്തെ പ്രശസ്ത കുറുംകുഴല്‍ കലാകാരന്മാരായ കൊടകര അനൂപ്, മുത്തിക്കാട്ടില്‍ ജയന്‍, തെക്ക മഠത്തില്‍ പ്രദീപ് എന്നിവരുള്‍പ്പെട്ട വലിയൊരു ശിഷ്യഗണങ്ങള്‍ തന്നെ ഇദ്ദേഹത്തിനുണ്ട് പരേതയായ കാരേക്കാട്ട് സുഭദ്ര ആയിരുന്നു ഭാര്യ. ഉണ്ണികൃഷ്ണന്‍, സുമ എന്നിവര്‍ മക്കളും ദിവ്യ, ദിവാകരന്‍ എന്നിവര്‍ മരുമക്കളുമാണ്..

അവസാനനാളുകളില്‍ തൃക്കൂര്‍ പുലക്കാട്ടുകരയിലുള്ള മകളുടെ വസതിയില്‍ താമസിച്ചിരുന്ന അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 2017 എപ്രില്‍ പതിമൂന്നാം തിയ്യതി ബന്ധുമിത്രാദികളെയും കലാകേരളത്തേയും ദു:ഖസാഗരത്തില്‍ ആറാടിച്ചു കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. തൃക്കൂരിലുള്ള വീട്ടുവളപ്പില്‍ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. (കുറുംകുഴല്‍ ആചാര്യന്‍ കൊടകര കൃഷ്ണന്‍ കുട്ടി നായരുടെ പാവനസ്മരണക്ക് മുമ്പില്‍ ബാഷ്പാഞ്ജലികളോടെ സമര്‍പ്പിക്കുന്നു).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!