കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി, ഹൃദയം ‘സ’ ഹൃദയമാക്കി വിദ്യാര്‍ത്ഥികള്‍

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച് നല്കിയ വീട് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചിരിക്കുന്നു

കൊടകര: ആളൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ പൊരുന്നകുന്നില്‍ വയോധികരായ വെളിയത്തുപറമ്പില്‍ കുഞ്ഞപ്പന്‍ ചേട്ടനും കിടപ്പുരോഗിയായ ഭാര്യ അന്നക്കും ഇനി കാറ്റിനേയും മഴയേയും പേടിക്കാതെ കിടക്കാം.കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന ഈ കുടുംബത്തിന് പുതിയ വീട് നിര്‍മിച്ച് നല്കിയത് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്.സഹൃദയയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഹൃദയങ്ങള്‍ സ ഹൃദയമാക്കിയതോടെയാണ് ഈ വീട് യാഥാര്‍ത്യമായത്.

വീടിന്റെ ഫൗണ്ടേഷന്‍ എടുക്കുന്നത് മുതല്‍ സഹൃദയയിലെ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും താല്പര്യവും കരുതലും ഇവിടെയുണ്ടായിരുന്നു.വിദഗ്ധ ജോലിക്കാരോടൊപ്പം കല്ല് ചുമന്നതും വാര്‍ക്ക നടത്തിയതും,ചുമരുകള്‍ തേച്ചതും കോണ്‍ക്രീറ്റിംഗ് നടത്തിയതും ഇലക്ട്രിക്കല്‍,വയറിംഗ്,പ്ലംമ്പിംഗ് ജോലികള്‍ ചെയ്തതുമെല്ലാം സഹൃദയയിലെ വിദ്യാര്‍ഥി സംഘമാണ്.കനത്ത വെയിലും ഭാരമുള്ള ജോലികളും വിദ്യാര്‍ത്ഥികളുടെ നിശ്ചയ ദാര്‍ഡ്യത്തിന് മുന്‍പില്‍ മാറി നിന്നു.പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹൃദയയിലെ വിദ്യാര്‍ഥികള്‍ പാവപ്പെട്ടവര്‍ക്ക് പത്ത് വീടുകളാണ് നിര്‍മിച്ച് നല്കുന്നത്.ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യ വീടാണിത്.

സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്റെ നേതൃത്വത്തില്‍ കോളേജ് മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വീട് നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിച്ചത്.കോളേജിലെ സിവില്‍ വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ കഴിഞ്ഞ ജനുവരി 11 ന് ആരംഭിച്ച് വീടിന്റെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയായി.അഞ്ച് ലക്ഷം രൂപ ചെലവിലാണ് 640 ചതുരശ്ര അടി വിസ്തീര്‍മുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,ഫിനാന്‍സ് ഓഫീസര്‍ ഫാ.ജിനോജ് കോലഞ്ചേരി,മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. വിന്‍സെന്റ് പാറയില്‍,കാല്‍വരിക്കുന്ന് പള്ളി വികാരി ഫാ.ജോസഫ് കിഴക്കുംതല,പ്രൊഫ. സി.പി. സണ്ണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!