കൊടകര: ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴയിലെ ദേവസംഗമത്തിന് ദേവീസോദരിമാരായ കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയും അനുജത്തി ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും ഒന്നിച്ചെഴുന്നള്ളി.
ചാലക്കുടി പിഷാരിക്കല്‍ ഭഗവതി രാവിലെ പൂനിലാര്ക്കാവിലെത്തുകയും വിശ്രമശേഷം വൈകീട്ട് ഇരുഭഗവതിമാരും ഒന്നിച്ചെഴുന്നള്ളുകയുമായിരുന്നു. പാണികൊട്ടി എഴുന്നള്ളിച്ച ഭഗവതിമാരെ ചെമ്പടമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണം നടത്തി ശംഖുവിളിയും പാണ്ടിമേളവും കഴിഞ്ഞാണ് എഴുന്നള്ളിയത്.
വടകുറുമ്പക്കാവ് ദേവീദാസന്, കുട്ടികൃഷ്ണന് എന്നീ ആനകള്‍ യഥാക്രമം പൂനിലാര്‍ക്കാവ്, പിഷാരിക്കല്‍ ഭഗവതിമാരുടെ തിടമ്പേറ്റി. പണ്ട് കടുപ്പശ്ശേരി ഭഗവതിയും കൊടകരയിലെത്തി 3 ഭഗവതിമാരും ഒന്നിച്ചാണ് പൂരത്തിന് പുറപ്പെടാറുള്ളത്.എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കടുപ്പശ്ശേരി ഭഗവതി കൊടകരയ്ക്ക് എത്താറില്ല.
3 ഭഗവതിമാര്‍ക്കും കൂടി ആറാട്ടുപുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1 മണിയോടെ 5 ആനയും പഞ്ചാരിമേളവുമായി പൂുരപ്പാടത്ത് എഴുന്നള്ളിപ്പുണ്ടായി. മന്ദാരംകടവില്‍ ആറാട്ടിനുശേഷം ബുധനാഴ്ച രാവിലെ പൂനിലാര്‍ക്കാവ് ഭഗവതി നേരെ പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലേക്കാണ് എത്തുക.
ബുധനാഴ്ച വെകീട്ട് 6 മണിയോടെ കുന്നത്തൃക്കോവില്നിന്നും പൂനിലാര്‍ക്കാവിലേക്ക് എഴുന്നള്ളിച്ച് ഉത്രം വിളക്ക് നടക്കും. പഞ്ചവാദ്യവും നാദസ്വരവും അകമ്പടിയാകും. ക്ഷേത്രഗോപുരത്തിനുമുമ്പില് പാണ്ടിമേളവും ഉണ്ടാകും. മേളത്തിനുശേഷം മതില്ക്കകത്തുപ്രവേശിച്ച് കൊടിക്കല്പറയോടെ ഉത്രംവിളക്കിനും പൂരത്തിനും സമാപനമാകും.