പാലിയേക്കര:ടോള്‍ബൂത്തിനു സമീപത്തെ സമാന്തരപാത അടച്ചുകെട്ടിയതു വസ്തുതകള്‍ പരിശോധിച്ചല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ പുറത്തായത് അധികൃതരുടെ കള്ളത്തരങ്ങള്‍. പാത അടച്ചുകെട്ടാന്‍ അനുകൂലമായി ഉണ്ടെന്നു പറയുന്ന കോടതി ഉത്തരവ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അടച്ച സമാന്തരപാത തുറക്കുന്നതിന് ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞതോടെ ടോള്‍ വിരുദ്ധസമരം പുതിയ ദിശയിലേക്കു നീങ്ങുകയാണ്.
സമാന്തരപാത അടയ്ക്കണമെന്നാവശ്യപ്പെട്ടു ടോള്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പാത അടയ്ക്കാന്‍ കോടതി ഉത്തരവു നല്‍കിയത്. ടോള്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം സമാന്തരപാത അടയ്ക്കുകയാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആരും എതിര്‍ക്കാനില്ലാത്തതിനാല്‍ കോടതി സര്‍ക്കാര്‍വാദം രേഖപ്പെടുത്തുകയാണുണ്ടായത്.
ദേശീയപാതയിലൂടെ പോയിരുന്ന വാഹനങ്ങള്‍ ടോള്‍പിരിവ് ഒഴിവാക്കി സമാന്തരപാതയിലൂടെ പോയിത്തുടങ്ങിയപ്പോഴാണ് ഈ പാത കൊട്ടിയടയ്ക്കാന്‍ തീരുമാനമായത്. ഇരുമ്പുതൂണുകളും ബീമുകളും ഉപയോഗിച്ചാണ് ഇവിടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കൊട്ടിയടച്ചത്.
സമാന്തരപാത അടച്ചുകെട്ടിയതു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു അധികൃതരുടെ ഇതുവരെയുള്ള വിശദീകരണം.എന്നാല്‍ ഈ ഉത്തരവ് വസ്തുതകള്‍ പരിശോധിച്ചല്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ സമാന്തരപാത അടച്ചതിനു പിന്നിലെ കള്ളത്തരങ്ങളാണു വെളിച്ചത്തുവന്നത്.
കോടതി ഉത്തരവുണ്ടെന്നു കാണിച്ചു ടോള്‍കമ്പനി വന്‍ സന്നാഹവുമായെത്തിയാണു സമാന്തരപാത അടച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ഇതിനു സൗകര്യമൊരുക്കിക്കൊടുത്തിരുന്നു. ഇതിനിടെ ദുരൂഹസാഹചര്യത്തില്‍ സമാന്തരപാതയിലെ പാലം തകരുകയും ചെയ്തു. പാലം തകര്‍ന്നതോടെ സമാന്തരപാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പിന്നീടു പാലം നിര്‍മിച്ചു റോഡ് ടാറിങ് നടത്തിയെങ്കിലും കെട്ടിയടയ്ക്കപ്പെട്ട പാത മാത്രം തുറന്നില്ല.
തലോര്‍-പാലിയേക്കര സമാന്തരപാത വാഹന ഗതാഗതം നടത്താനാവാത്തവിധം കൊട്ടിയടച്ചതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ജോയ് കൈതാരത്ത് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ‘പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും പരാതി ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ടോള്‍ വിരുദ്ധ സമരസമിതിയും ഈ വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കിയിട്ടുണ്ട്.
ടോള്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടോള്‍പിരിവു നിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വെറുംവാക്കായി തുടരുകയാണ്. ഇല്ലാത്ത റോഡിനും അനുബന്ധ സംവിധാനങ്ങള്‍ക്കും വാഹന യാത്രികര്‍ ചുങ്കം നല്‍കാന്‍ തുടങ്ങിയിട്ടു രണ്ടു വര്‍ഷം തികഞ്ഞു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സമാന്തരപാത തുറപ്പിക്കാനുള്ള നിയമനടപടികള്‍ക്കൊരുങ്ങുകയാണു ടോള്‍ വിരുദ്ധസമരക്കാര്‍. കടപ്പാട് : മനോരമ