കൊടകര: വാസുപുരത്ത് അക്രമിസംഘത്തിന്റെ വെട്ടേറ്റ് സി.പി.എം. പ്രവര്‍ത്തകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാസുപുരം വെട്ടുക്കല്‍ മുഹമ്മദിന്റെ മകന്‍ സുല്‍ത്താന്‍ എന്ന ഷാഹുല്‍ ഹമീദി (47)നാണ് വെട്ടേറ്റത്. സി.പി.എം. വാസുപുരം സെന്റര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ബുധനാഴ്ച വൈകീട്ട് ആറരയോടെ വാസുപുരം സെന്ററിലാണ് സംഭവം. കാറിലെത്തിയ സംഘം വാഹനം നിര്‍ത്തിയിറങ്ങി നടന്നുപോകുകയായിരുന്ന സുല്‍ത്താനുമായി വാക്കുതര്‍ക്കം നടത്തിയെന്നും തുടര്‍ന്ന് ആയുധമെടുത്ത് വെട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മുറിേവറ്റ സുല്‍ത്താനെ ആദ്യം ചാലക്കുടിയില്‍ ആസ്പത്രിയിലെത്തിച്ചു. കഴുത്തിലും വയറ്റിലും ഇരു കൈകളിലും വലതു കാല്‍മുട്ടിലുമായി നിരവധി വെട്ടേറ്റിട്ടുണ്ട്. മുറിവുകള്‍ ഗുരുതരമായതിനാല്‍ പിന്നീട് അശ്വിനി ആസ്പത്രിയിലേക്ക് മാറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മറ്റത്തൂര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി.
10ന് വാസുപുരത്ത് ചെറിയ സംഘര്‍ഷമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയാകാം ബുധനാഴ്ചയിലെ അക്രമമെന്നും പോലീസ് പറഞ്ഞു. രാത്രിയില്‍ മൂലംകുടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. മൂലംകുടം ചൂനിപ്പറമ്പില്‍ സുകുമാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. മുറ്റത്തിരുന്ന ബൈക്ക് കേടുവരുത്തിയിട്ടുണ്ട്. ഇരു സംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കടപ്പാട് : മാതൃഭൂമി