Breaking News

ഇലഞ്ഞിത്തറയിലെ കുറുംകുഴല്‍ പ്രമാണം; വെളപ്പായ നന്ദനന് അഞ്ചാമൂഴം

തിരുവമ്പാടിക്ക് അച്ചന്‍; ഇലഞ്ഞിത്തറയ്ക്ക് മകന്‍
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ മേളത്തിന് അച്ചന്‍ കുറുംകുഴല്‍ നിരയുടെ അമരക്കാരനാകുമ്പോള്‍  മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളത്തിന് കുറുംകുഴല്‍ നിരയെ നയിക്കാന്‍ മകനും. വെളപ്പായഉണ്ണികൃഷ്ണന്‍ നായരും ഇദ്ദേഹത്തിന്റെ നന്ദനനുമാണ് ഈ അസുലഭഭാഗ്യവാന്‍മാരായ അച്ചനും മകനും.ഇലഞ്ഞിത്തറമേളത്തിന്റെ കുഴല്‍ പ്രമാണി  വെളപ്പായ നന്ദനന് ഇത് പ്രമാണത്തിന്റെ അഞ്ചാമൂഴം.ഇതിനുമുമ്പ് 10 വര്‍ ഷം കൊടകര ശിവരാമന്‍ നായര്‍ക്കായിരുന്നു ഇലഞ്ഞിത്തറയിലെ കുഴല്‍ പ്രമാണം.22 വര്‍ഷമായി പാറമേക്കാവില്‍ മേളനിരയിലുള്ള നന്ദനന്‍ ഇലഞ്ഞിത്തറയിലേക്ക് ആദ്യം എത്തുമ്പോള്‍ പല്ലാവൂര്‍ അപ്പുമാരാരായിരുന്നു മേളപ്രമാണി.പിന്നെ ഈച്ചരത്ത് ഉണ്ണി മാരാര്‍,ചക്കംകുളം അപ്പുമാരാര്‍.

Nandananനന്ദനന്‍ പ്രമാണമേറ്റെടുക്കുമ്പോള്‍ ഇലഞ്ഞിത്തറയിലെ അമരക്കാരന്‍ പെരുവനം കുട്ടന്‍ മാരാരാണ്.പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ കുറുംകുഴല്‍ പ്രമാണിയായ ഉണ്ണിനായര്‍ വളരെക്കാലമായി ഇവിടത്തെ പ്രമാണിയാണ്.ചേലക്കര നാരായണന്‍ നായര്‍ക്കുശേഷമാണ് ഉണ്ണികൃഷ്ണന്‍ നായര്‍ പ്രമാണമേറ്റെടുത്തത്.  നന്ദനന് കുട്ടിക്കാലം മുതല്‍ വാദ്യകലയെ ഇഷ്ടമായിരുന്നു.10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ കുഴല്‍ പരിശീലിച്ചു.അരങ്ങേറ്റത്തിനൊന്നും കാത്തുനില്‍ക്കാതെ അച്ചനൊപ്പം ചേര്‍പ്പ് മേക്കാവ് ,ചിറക്കല്‍ തിരുവാണിക്കാവ് ക്ഷേത്രങ്ങളില്‍ പാനപ്പറകള്‍ക്ക് കുഴലൂതി.പഴങ്ങാപ്പറമ്പ് ക്ഷേത്രത്തില്‍ യാദൃശ്ചികമായി പെരുവനം അപ്പുമാരാരുടെ ചെണ്ടക്കുമുമ്പില്‍ നന്ദനന്‍ കുഴലൂതി.ഇതാണ് ഇലഞ്ഞിത്തറമേളത്തിന്റെ ഈ കുറുംകുഴല്‍ അമരക്കാരന്റെ ആദ്യപ്രമാണം .

തുടര്‍ന്ന് അപ്പുമാരാരുടെതന്നെ നിര്‍ദേശപ്രകാരം കൊമ്പത്ത് കുട്ടന്‍ പണിക്കരുടെ കീഴില്‍ ഉപരിപഠനം നടത്തി.3 വര്‍ ഷം അഭ്യസിച്ചശേഷം മുണ്ടത്തിക്കോട് പാതിരിക്കോട്ട്കാവ് ക്ഷേത്രത്തില്‍ അരങ്ങേറി.ഇപ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖപൂരങ്ങള്‍ക്കും നന്ദനനാണ് പ്രമാണം.പാറമേക്കാവ്,പുല്ലൂര്‍,കീനൂര്‍,പേരാമംഗലം എന്നിവിടങ്ങളിലായി നിരവധി ശിഷ്യരുണ്ട്.ഇന്ന് മേടപ്പൂരത്തിന് ഇലഞ്ഞിത്തറയില്‍  23 ഓളം വരുന്ന കുറുംകുഴല്‍ നിരയുടെ നടുക്ക് 46 കാരനായ നന്ദനന്‍ നാദവിസ്മയം തീര്‍ക്കും.കൊമ്പത്ത് അനിലനും കുറ്റുമുക്ക് ശിവനും ഇരുഭാഗത്തും അണിനിരക്കും.ബിന്ദുവാണ് നന്ദനന്റെ ഭാര്യ.മക്കള്‍: പ്രിയ,ആരതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!