ആശാന്‍ അനുഗ്രഹിച്ചുനല്‍കിയ തിമിലയില്‍ പരയ്ക്കാടന്റെ വാദ്യപ്രയോഗം

Paraykkadപഞ്ചവാദ്യകുലപതി അന്നമനട അച്ചുതമാരാര്‍ അനുഗ്രഹിച്ചുനല്‍കിയ തിമിലയില്‍ പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ കൊട്ടിക്കയറുകയാണ് ശിഷ്യന്‍ പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍.
പഞ്ചവാദ്യത്തിലെ ആചാര്യനായിരുന്ന അന്നമനട അച്ചുതമാരാരുടെ വത്സലശിഷ്യനായി കുറേക്കാലം അദ്ദേഹത്തെ അനുഗമിക്കാന്‍ സാധിച്ചതാണ് തന്റെ ജീവിതത്തിലെ ധന്യതയാര്‍ന്ന സമയമെന്ന് മാരാര്‍ അഭിമാനത്തോടെ പറയുന്നു.അച്ചുതമാരാര്‍ അവസാനകാലത്ത് അതീവസന്തോഷത്തോടെ അനുഗ്രഹിച്ചു നല്‍കിയ അദ്ദേഹത്തിന്റെ സ്വന്തം തിമിലയിലാണ് തങ്കപ്പമാരാര്‍  നാദസപര്യ നടത്തുന്നത്..പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് തിരുവമ്പാടിയുടെ മഠത്തില്‍വരവിന് 1975 മുതല്‍ 7 വര്‍ഷവും പാറമേക്കാവ് വിഭാഗത്തില്‍ 84 മുതല്‍ ഇക്കാലമത്രയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഇദ്ദേഹം.പഞ്ചവാദ്യകുലപതിവാദ്യകലാരംഗത്തെ കുലപതിയും പല്ലാവൂര്‍ അപ്പുമാരാരുടെ ഗുരുവും മാതുലനുമായിരുന്ന പൊറത്തുവീട്ടില്‍നാണുമാരാരുടെയും മഠത്തില്‍മാരാത്ത് അമ്മുമാരസ്യാരുടേയും ഇളയപുത്രനായി 1957 ലാണ് നാരായണന്‍കുട്ടി എന്ന തങ്കപ്പന്‍മാരാരുടെ ജനനം.സ്‌കൂള്‍വിദ്യാഭ്യാസത്തോടൊപ്പം പിതാവിന്റെ കീഴില്‍ തിമിലവാദനവും പരിശീലിച്ച മാരാര്‍ പതിനഞ്ചാംവയസ്സില്‍ അരങ്ങേറ്റംകുറിച്ചു.

അച്ചനൊപ്പം അടുത്തുള്ള പരയ്ക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ അടിയന്തിരത്തിനുപോകാറുള്ള കുട്ടിക്ക് പഞ്ചവാദ്യത്തോട് ഏറെ താത്പര്യമായിരുന്നു.അരങ്ങേറ്റത്തുനുശേഷം അക്കാലത്തെ നിരവധി വാദ്യപ്രമാണിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് തന്റെ വാദനവൈഭവത്തെ പുഷ്ടിപ്പെടുത്തി.
ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം, ഉത്രാളിക്കാവ് വടക്കാഞ്ചേരി വിഭാഗം, കരുവന്തല, നെല്ലുവായ്, വേലുപ്പിളളി, വരാക്കര തുടങ്ങി പല പ്രമുഖപൂരങ്ങള്‍ക്കും പഞ്ചവാദ്യത്തിന്റെ അമരക്കാരന്‍ തങ്കപ്പന്‍മാരാരാണ്.റഷ്യ,ആഫ്രിക്ക,സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും മാരാര്‍ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.ഘടനാപരമായ കെട്ടുറപ്പിലും ഘനസൗഷ്ഠവതയിലും ശ്രദ്ധിക്കുന്ന മാരാരുടെ കൊട്ടിത്തിമിര്‍ക്കുന്ന ശൈലി ആസ്വാദകര്‍ക്ക് ആഹ്‌ളാദകരമാണ്.ഇക്കാലയളവിനുള്ളില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ മാരാരെ തേടിയെത്തി.പാറമേക്കാവ് ദേവസ്വം, ഉത്രാളിക്കാവ്, ഞാങ്ങാട്ടിരി, വരവബര്‍ പാലയ്ക്കല്‍, പെരിങ്ങോട്ടുകര കാനാടി ദേവസഥാനം എന്നിവിടങ്ങളില്‍നിന്നും സുവര്‍ണമുദ്ര, വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍നമ്പീശന്‍ സ്മാരക പ്രഥമഅവാര്‍ഡ്,ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്‌ററിന്റെ പ്രഥമവാദ്യകലാരത്‌ന പുരസ്‌കാരം,കാലടി ആസ്വാദകസമിതി സുവര്‍ണമുദ്ര,,ചാലക്കുടി നമ്പീശന്‍ സ്മാരക സുവര്‍ണമുദ്ര എന്നിവ അവയില്‍ ചിലതു മാത്രം.തൊഴിലിനോടുള്ള കൂറും പെരുമാറ്റത്തിലെ വിനയവും സഹപ്രവര്‍ത്തകരോടുള്ള ബഹുമാനവും തുറന്നു പറയുന്ന ശീലവും മാരാരുടെ പ്രത്യേകതകളാണ്.മാരാരുടെ മക്കളായ മഹേശ്വരനും മഹേന്ദ്രനും മരുമകന്‍ ഉണ്ണികൃഷ്ണനും പാറമേക്കാവിന്റെ പഞ്ചവാദ്യനിരയിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!