ഇരിങ്ങാലക്കുട: മേളക്കമ്പക്കാരുടെ അവസാനതാവളമായ ഇരിങ്ങാലക്കുട സംഗമേശ്വരസന്നിധിയിലെ സമ്പൂര്ണപഞ്ചാരിക്ക് ഇന്ന് കൊട്ടിക്കലാശം.കൊടിയേറ്റും ആറാട്ടുമടക്കം 11 ദിവസം നീളുന്ന തിരുവുത്സവത്തോടനുബന്ധിച്ച് 16 മുഴുവന്‍ പഞ്ചാരികൊട്ടുന്ന കേരളത്തിലെ അപൂര്‍വക്ഷേത്രമാണ് കൂടല്‍മാണിക്യം.കൊടിപ്പുറത്തുവിളക്കുദിവസം രാത്രിയില്‍ വിളക്കിന് ആദ്യപഞ്ചാരിക്കു കാലമിടുന്നു.തുടര്‍ന്ന് രാവിലെ ശിവേലിക്കും രാത്രി വിളക്കിനും പഞ്ചാരിയുടെസഞ്ചാരദിനരാത്രങ്ങള്..
ഉത്സവദിനങ്ങള്‍ നീളും തോറും പഞ്ചാരിയുടെ ദൈര്‍ഘ്യവും വര്‍ധിക്കുന്നു.വലിയവിളക്കിനും പള്ളിവേട്ടദിവസം രാവിലേയും പഞ്ചാരിതുടങ്ങിയാല്‍ പത്തുനാഴിക എന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുന്നു.കിഴക്കേനടപ്പുരയിലാണ് 96 അക്ഷരത്തിലുള്ള പഞ്ചാരിയുടെ പതികാലം തുടങ്ങുന്നത്.നിലയും തകിട്ടകാലവും കുഴമറിഞ്ഞകാലവും കൊട്ടിയശേഷം രണ്ടാംകാലത്തിലേക്ക് കടക്കുമ്പോള്‍ ആസ്വാദകരറിയാതെത്തന്നെ 2 മണിക്കൂര്‍ പിന്നിട്ടിട്ടുണ്ടാകും.തുടര്‍ന്ന് തെക്കേ നടയിലേക്ക് എഴുന്നള്ളിപ്പ് നീങ്ങും.അവിടെയാണ് 48 അക്ഷരത്തിലുള്ള രണ്ടാംകാലത്തിന്റെ ഉരുളുകോലുകള്.
പിന്നീട് പടിഞ്ഞാറെ നടപ്പുരയിലെത്തി തക്കിട്ടകാലത്തിനും കുഴമറിഞ്ഞകാലത്തിനും ശേഷം 3 ചെമ്പടവട്ടത്തിലുള്ള മൂന്നാംകാലത്തിലേക്ക്.മൂന്നാംകാലത്തില്‍ 3 ഉരുളുകോല്.ഈ കാലത്തിലും തക്കിട്ടകാലവും കുഴമറിഞ്ഞകാലവും പിന്നിട്ടാല്‍ ഒന്നരചെമ്പടവട്ടത്തിലുള്ള നാലാംകാലം.നാലു ഉരുളുകോല് എടുത്തശേഷം തക്കിട്ടകാലവും കുഴമറിഞ്ഞകാലവും പിന്നിട്ട് 6 അക്ഷരത്തിലെ അതിമനോഹരമായ അഞ്ചാംകാലത്തിലെത്തുന്നു.പഞ്ചാരിയുടെ ആദ്യാവസാനമാണ് കേമം.അതായത് പതികാലവും അഞ്ചാകാലവും.
അഞ്ചാംകാലത്തില്‍ അഞ്ചോ ആറോ ഏഴോ ഉരുളുകോല് പ്രമാണിയുടെ യുക്തം പോലെ എടുക്കുന്നു.ഇതിന്റെ കുഴമറിഞ്ഞകാലത്തില് ഇലത്താളക്കാര്‍ കൂട്ടിപ്പിടിക്കുന്നത് പുതിയആസ്വാദകരെ കോരിത്തരിപ്പിക്കുന്നു.കൊട്ടിത്തിമിര്‍ക്കുന്ന പഞ്ചാരിക്ക് തലയാട്ടിയും കൈകളുയര്‍ത്തിയും ഇളകിയാടിയും താളമിടാന്‍ സഹൃദയവൃന്ദമാണ് സംഗമേശ്വരസന്നിധിയില്‍ സംഗമിക്കുന്നത്.പഞ്ചാരിപെയ്തുതീര്ന്നാല് പിന്നെ ചെമ്പരടയില് വക വായിച്ച് കുലീപിനിതീര്ഥക്കരയിലേത്തിയാല് എണ്ണങ്ങളുടെ കൊട്ടിക്കയറ്റം.തുടര്‍ന്ന് കിഴക്കേനടപ്പുരയിലെത്തി ചെമ്പടയും കലാശിപ്പിക്കുന്നു.
പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ പഞ്ചാരിപെയ്തുതീര്ന്നാല് പിന്നെ അടുത്ത കയ്യുംകോലുമുള്ള മതില്ക്കകത്തെ മുഴുപഞ്ചാരിക്ക് ഒരാണ്ട് കാത്തിരിക്കണം.പെരുവനംകുട്ടന്മാരാരും സംഘവും തന്നെയാണ് ഇക്കുറിയും ഇവിടെ പഞ്ചാരിപ്പെരുമഴ തീര്‍ക്കുന്നത്.കുറുംകുഴല്‍,കൊമ്പ്,വീക്കംചെണ്ട,ഇലത്താളം എന്നിവയില്‍ ക്രമത്തില്‍ കൊടകര ശിവരാമന്നായര്,കുമ്മത്ത് രാമന്‍കുട്ടി,പെരുവനം ഗോപാലകൃഷ്ണന്,ചേര്‍പ്പ് മണി എന്നിവര്‍ അമരക്കാരാകുന്നു.
റിപ്പോർട്ട് : കൊടകര ഉണ്ണി.