തൃശൂർ : പടിഞ്ഞാറേമാനത്ത് വിശ്വാസത്തിന്റെ അമ്പിളിക്കീറ് തെളിഞ്ഞു. ഇനി വ്രതവിശുദ്ധിയുടെ മുപ്പത് രാപകലുകള്‍. സര്‍വശക്തനായ നാഥനും അവനോടുള്ള പ്രാര്‍ഥനകളും സഹജീവികളോടുള്ള നന്മയും കാരുണ്യവും മാത്രം മനസ്സില്‍ നിറയുന്ന പുണ്യങ്ങളുടെ പൂക്കാലം.
മലപ്പുറം ജില്ലയിലെ പൊന്നാനിയിലും പരപ്പനങ്ങാടിയിലുമാണ് റംസാന്‍ മാസപ്പിറവി കണ്ടത്. ഞായറാഴ്ച റംസാന്‍ ഒന്നായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ മുസ്‌ലിംസമൂഹം നോമ്പുകാലത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു.
കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചഹമ്മദ് ഹാജിയും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.അബ്ദുല്‍ ഹമീദ് മദനിയും കേരള ഹിലാല്‍ കമ്മിറ്റി പ്രസിഡന്റ് എം.മുഹമ്മദ് മദനിയും പാളയം ഇമാം ഡോ. യൂസഫ് മുഹമ്മദ് നദ്‌വിയും ഞായറാഴ്ച തന്നെയാണ് നോമ്പ് തുടങ്ങുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകളിലും ഞായറാഴ്ച തന്നെയാണ് നോമ്പ് തുടങ്ങുന്നത്. റംസാനെ വരവേല്‍ക്കാന്‍ പള്ളികളിലെല്ലാം നേരത്തേത്തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മിക്ക പള്ളികളും അറ്റകുറ്റപ്പണികള്‍ നടത്തിയും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും മോടിയാക്കി.
ഇത്തവണത്തെ റംസാന്‍ മഴക്കാലത്തായതിനാല്‍ മിക്ക പള്ളികളിലും താത്കാലിക പന്തല്‍ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. നോമ്പ് തുറക്കാനും വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പള്ളികളിലും ചെറിയ നോമ്പ്തുറയ്ക്ക് സൗകര്യങ്ങളുള്ളപ്പോള്‍ ചിലയിടങ്ങളില്‍ വിപുലമായ നോമ്പ്തുറയും സംഘടിപ്പിക്കുന്നുണ്ട്. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പുതിയ ഇമാമുമാരെയും ചില പള്ളികളില്‍ നിയമിച്ചിട്ടുണ്ട്.
മുസ്‌ലിം വീടുകളിലും നോമ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ‘നനച്ചുകുളി’ പോലുള്ള പരമ്പരാഗത അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടാണ് മലബാറിലും മറ്റും വിശ്വാസികള്‍ റംസാനെ വരവേല്‍ക്കുന്നത്. നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലേക്ക് സ്ത്രീകളും കടന്നുകഴിഞ്ഞു. ഈന്തപ്പഴവും കാരയ്ക്കയും അടക്കമുള്ള വിഭവങ്ങളുടെ റംസാന്‍ വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റംസാനിലെ കാരുണ്യത്തിന്റെയും നന്മയുടെയും നേര്‍ചിത്രങ്ങളായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നാടെങ്ങും കൂട്ടായ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.