Breaking News

റംസാന്‍ അവസാനത്തിലേക്ക്; ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങാന്‍ ഉപയോഗപ്പെടുത്തുക

Ramzhanറംസാനില്‍ മൂന്നില്‍ രണ്ട് ഭാഗം കഴിഞ്ഞ് പോയിരിക്കുന്നു. ഇനി മൂന്നിലൊരു ഭാഗം പൂര്‍ണമായി ബാക്കിയില്ല. എങ്കിലും കഴിഞ്ഞ് പോയതിനേക്കാള്‍ മൂല്യവത്തായ നാളുകളാണ് ഇനിയുള്ളത്. ബാക്കിയുള്ള ദിവസങ്ങള്‍ ദാന ധര്‍മങ്ങള്‍ക്കും ഗുണകരമായ കാര്യങ്ങള്‍ക്കും നമസ്കാരങ്ങള്‍ക്കും വിനിയോഗിക്കുകയും അല്ലാഹുവില്‍ നിന്നുള്ള പ്രീതി കാംക്ഷിക്കുകയും നരകശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുക. ആത്മീയമായ ഉത്കര്‍ഷ റംസാനില്‍ ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം മറ്റു മാസങ്ങളിലെ അവസ്ഥ എന്തായിരിക്കും. ഈ സമയങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണു നല്ല കാര്യങ്ങള്‍ നിര്‍വഹിക്കുക. ഈ മാസത്തിന്‍റെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ധൃതികാണിക്കുക. ഇനി ഏറെ വൈകാന്‍ നേരമില്ല. അനുഗ്രഹത്തിന്‍റെ മാസം അവസാനിച്ച്കൊണ്ടിരിക്കുകയാണ്.

റംസാന്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണ് കഴിഞ്ഞ് പോകുന്നത്. അത് കൊണ്ട് തന്നെ ഇനിയുള്ള ഓരോ സെക്കന്‍റും നന്മകള്‍ വര്‍ദ്ധിപ്പിക്കാനും ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും ഉപയോഗപ്പെടുത്തുക. നിന്നോട് എന്‍റെ ദാസന്മര്‍ എന്നെ കുറിച്ചു ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അത് കൊണ്ട് എന്‍റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍ വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്.(വിശുദ്ധ ഖുര്‍ആന്‍: 2: 186).

റംസാനിലെ അവസാന പത്തു ദിവസങ്ങളിലൊന്നിലാണ് ലൈലത്തുല്‍ ഖദര്‍ അഥവ നിര്‍ണയത്തിന്‍റെ രാത്രിയുള്ളത്. സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ ഭൂമിയില്‍ വരികയും ദൈവം ധാരാളം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദര്‍.ആരെങ്കിലും ലൈലത്തുല്‍ ഖദറില്‍ വിശ്വസിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ മുന്‍കാലത്തെ മുഴുവന്‍ പാപങ്ങളും പൊറുത്തുകൊടുക്കുന്നതാണ്.

ഈ രാവ് നഷ്ടപ്പെടുത്തുന്നവര്‍ക്കാകട്ടെ തീര്‍ത്താല്‍ തീരാത്ത നഷ്ടമാണുണ്ടാകുക. റംസാനിലെ അവസാനത്തെ പത്തില്‍ എന്നല്ലാതെ ഏതു രാവിലാണ് ലൈലത്തുല്‍ ഖദ്റെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ അവസാനത്തെ പത്തു ദിവസവും പ്രതീക്ഷിക്കേണ്ടതാണ്. ഈ പത്ത് രാവിലും നമസ്കാരവും ഖുര്‍ആന്‍ പാരായണവും നടത്താന്‍ വിശ്വാസി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. യഥാര്‍ഥ വിശ്വാസിക്ക് ലഭിക്കുന്ന ഉന്നത വിജയമാണ് ലൈലത്തുല്‍ ഖദ്ര്‍. നിര്‍ണയത്തിന്‍റെ രാവ് മനുഷ്യര്‍ക്ക് അറിയിച്ച് കൊടുത്തിരുന്നെങ്കില്‍ ആളുകള്‍ ആ ദിവസം മാത്രം നന്മകള്‍ വര്‍ദ്ധിപ്പിക്കുകയും മറ്റു ദിനങ്ങളെ അവഗണിക്കുകയും ചെയ്യുമായിരുന്നു. എം. ജാസ്മിന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!