101 മണിക്കൂര്‍ മാരത്തോണ്‍ തായമ്പക: ശുകപുരം ദിലീപ് ശുഭപ്രതീക്ഷയിലാണ്

DILEEP SUKAPURAM (11)കൊടകര: താളവും വകയും ചേര്‍ന്ന തായമ്പക എന്ന ക്ഷേത്രവാദ്യകലയില്‍   101 മണിക്കൂര്‍ തുടര്‍ച്ചയായി കൊട്ടിക്കയറാനൊരുങ്ങുകയാണ്  ശുകപുരം ദിലീപ് എന്ന യുവ തായമ്പകവിദ്വാന്‍.. തായമ്പകയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ കലാകാരന്റെ സര്‍ഗവൈഭവശേഷി പ്രകടിക്കാനുള്ള കലാരൂപമായ തായമ്പകയില്‍ ഇരട്ടത്തായമ്പകയില്‍ പരമാവധി കൊട്ടാറുള്ള സമയം രണ്ടര മണിക്കൂറാണ്.

എന്നാല്‍ ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍  2011 ല്‍ 25 മണിക്കൂര്‍ ഒറ്റത്തായമ്പക കൊട്ടിയ ദീലീപ് തന്റെത്തന്നെ റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമമാണിത്.തൃശൂര്‍ നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ഭഗവതിക്ഷേത്രാങ്കണത്തില്‍ ഈ വരുന്ന 10 നാണ് നാദബ്രഹ്മം 2014 എന്ന് പേരിട്ടിരിക്കുന്ന തായമ്പക സമര്‍പ്പണം.രാവിലെ 7.30 ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ആദ്യതായമ്പകക്ക് കാലമിടുന്നതോടെ ഈ ചരിത്രവാദനത്തിന് തുടക്കമാകും.

DILEEP SUKAPURAM (5)തുടര്‍ന്ന് തായമ്പകയിലെ ശ്രദ്ധേയരായ സദനം വാസുദേവന്‍, കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍, കലാമണ്ഡലം ബലരാമന്‍, ശുകപുരം രാധാകൃഷ്ണന്‍, പോരൂര്‍ ഹരിദാസ്, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, പനമണ്ണ ശശി, കലാനിലയം ഉദയന്‍നമ്പൂതിരി,ചെറുതാഴം ചന്ദ്രന്‍, ആറങ്ങോട്ടുകര ശിവന്‍, തൃത്താല ശങ്കരകൃഷ്ണപ്പൊതുവാള്‍,അത്താലൂര്‍ ശിവന്‍, ചേരാനാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ദേവരാജന്‍, തൃത്താല കേശവദാസ്, കാഞ്ഞങ്ങാട്ട് രാധാകൃഷ്ണന്‍ പെരുവനം സതീശന്‍ മാരാര്‍, പെരുവനം പ്രകാശന്‍  മാരാര്‍, ശങ്കരനാരായണന്‍,  എന്നിങ്ങനെ അമ്പതില്‍പ്പരം ജൂനിയറും സീനിയറുമായ തായമ്പകക്കാര്‍ക്കൊപ്പം ദിലീപ് കൊട്ടിക്കയറും.

തായമ്പകയിലെ മലമക്കാവ്, പാലക്കാടന്‍,തൃത്താല തുടങ്ങി പലശൈലിയുടെ പ്രയോക്താക്കളും ഇവിടെ ദിലീപിനൊപ്പം ചേരും.അതുകൊണ്ടുതന്നെ പഞ്ചാരിക്കൂറും ചെമ്പക്കൂറും  അടന്തക്കൂറുമെല്ലാം അനുസ്യൂതം പ്രവഹിക്കും.ഒട്ടനവധി തായമ്പകവിദഗ്ധരുടെ കൈയ്യും കോലും  ഇവിടെ നാദധാരയായി പെയ്തിറങ്ങും.വിളംബകാലത്തില്‍ തുടങ്ങുന്ന പതികാലവും വ്യത്യസ്തമായി പലരും കൊട്ടിവരുന്ന കൂറുകളും രൗദ്രതയുടെ പേമാരിയുതിര്‍ക്കുന്ന  ഇടകാലവുമെല്ലാം ഇവിടെ ഇരമ്പിയാര്‍ക്കും.ചുരുക്കത്തില്‍ കേരളത്തിലെ തായമ്പകകലാകാരന്‍മാരുടെ സംഗമവേദിയായി കൊളത്തൂര്‍ എന്ന കൊച്ചുഗ്രാമം മാറും.

മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്ത് ശുകപുരം ഗ്രാമത്തില്‍ 1973 ല്‍ കാരാട്ട് വെള്ളാട്ട് രാമകൃഷ്ണന്‍നായരുടേയും ശുകപുരത്ത് വീട്ടില്‍നളിനിയുടേയും മകനായാണ് ശുകപുരം ദിലീപ് ജനിച്ചത്. ആതവനാട് ഹൈസ്‌കൂളില്‍ പഠനം.തുടര്‍ന്ന് താളരത്‌നം പൂക്കാട്ടിരി ദിവാകരപ്പൊതുവാളിന്റെ ശിക്ഷണത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ ചെണ്ട അഭ്യസിച്ചു.അമ്മാവനായ ശുകപുരം രാധാകൃഷ്ണന്റെ കീഴിലും പരിശീലനം നടത്തി. തായമ്പകയില്‍ പകരക്കാരനില്ലാത്ത വാദ്യകലാരത്‌നം കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ കീഴില്‍ ഇപ്പോഴും ദിലീപ് തായമ്പകയില്‍ ഉപരിപഠനം നടത്തുന്നു.1989 ല്‍ നടന്ന അരങ്ങേറ്റത്തിനുശേഷം കല്ലൂര്‍ രാമന്‍കുട്ടിമാരാരടക്കം നിരവധി പ്രഗത്ഭവാദ്യകലാകാരന്‍മാരോടൊപ്പം തായമ്പക അവതരണത്തില്‍ പങ്കാളിയായി.തുടര്‍ന്ന് അനേകം വേദികളില്‍ ഒറ്റത്തായമ്പകുയും ഇരട്ടത്തായമ്പകയും അവതരിപ്പിച്ചു.

പ്രശസ്തനായി ഇന്ന് അദ്ദേഹം ഉത്സവവേദികളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത വാദ്യകലാകാരനായി നിറഞ്ഞു നില്‍ക്കുന്നു.ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അനേകം ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ ദിലിപിന്റെ മേളവൈഭവം കൊണ്ടു സാധിച്ചു.കലയോടും ചെണ്ടവാദനത്തോടുമുള്ള ആത്മാര്‍പ്പണം ദിലീപിനെ 25 മണിക്കൂര്‍ നീണ്ടുനുല്‍ക്കുന്ന മാരത്തോണ്‍ തായമ്പകയിലൂടെ 2011 ല്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിക്കൊടുത്തു. താളരത്‌നം പൂക്കാട്ടിരിദിവാകരപ്പൊതുവാളുടെ സ്മരണയില്‍ ‘മേളം ചാരിറ്റബിള്‍’ട്രസ്റ്റാ’യിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.

തായമ്പകരംഗത്ത് കരുത്തുറ്റ തായമ്പകയുടെ കാവലാളാണ് ദിലീപ്. നാദബ്രഹ്മത്തോടനുബന്ധിച്ച് 9 ന് വൈകീട്ട് 3 ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും.സി. രവീന്ദ്രനാഥ് എം.എല്‍.എ അധ്യക്ഷത വഹിക്കും. സംഗീതജ്ഞന്‍ പാലക്കാട് ശ്രീറാം അനുഗ്രഹപ്രഭാഷണം നടത്തും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍നായര്‍ ദിലീപിന് ഉപഹാരസമര്‍പ്പണം നടത്തും.

സമ്മേളനത്തിനുശേഷം ഇന്നത്തെ തായമ്പകയില്‍ കൊട്ടിവരുന്ന   പതികാലം പുതിയ രീതിയില്‍ വലിയ പതികാലം എന്ന പേരില്‍ ശുകപുരം ദിലീപ് രംഗത്തവതരിപ്പിക്കും. 101 മണിക്കൂര്‍ എന്ന ലക്ഷ്യത്തിലേക്കെത്തുവാനുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്കുമുമ്പേ ദിലീപ് ആരംഭിച്ചിരുന്നു. ഇതിനുമുന്നോടിയായി 21 ക്ഷേത്രങ്ങളില്‍ ദിലീപ് സേവയായി തായമ്പക അവതരിപ്പിച്ചുവരുന്നു.

തുടര്‍ച്ചയായി നാലോ അഞ്ചോ ദിവസം രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ തായമ്പകയുടെ ലോകത്തിലൂടെയുള്ള പ്രയാണമാണിത്.ഇവിടെ താളംപിടിക്കുന്നവരും കൂടെകൊട്ടുന്നവരും കാണികളും മാറിമാറിവരുമെങ്കിലും ആദ്യതായമ്പക മുതല്‍ 101-ാം മണിക്കൂര്‍ തായമ്പകവരെ മാറാതെ ചെണ്ടയില്‍ എണ്ണങ്ങളും മനോധര്‍മങ്ങളും കൊട്ടുക ദിലീപ് മാത്രമാകും.അതിശ്രമകരമായ ഈ പരീക്ഷണത്തില്‍ ശുകപുരം ദിലീപ്ഏറെ ശുഭാപ്തിവിശ്വാസത്തിലാണ്  . ഭാര്യ: മിനി. മക്കള്‍: മിഥുന്‍കൃഷ്ണന്‍, മുരളികൃഷ്ണന്‍.

റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!