കൊല്‍ക്കത്ത: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണദൗത്യത്തിന് ഒക്ടോബറില്‍ തുടക്കമാവും. ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ജെ.എന്‍. ഗോസ്വാമിയാണ് ഇതറിയിച്ചത്. 1.4 ടണ്‍ ഭാരമുള്ള ചൊവ്വാ പര്യവേക്ഷണപേടകം ഒക്ടോബര്‍ മധ്യത്തോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിനിടെ ഗോസ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു. ചൊവ്വാപര്യവേക്ഷണത്തിനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ടാവും. ഇതിനുമുമ്പ് മറ്റു രാജ്യങ്ങളൊന്നും ശ്രമിച്ചിട്ടില്ലാത്ത ചില പരീക്ഷണങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 470 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത്. പദ്ധതിക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും ഗോസ്വാമി പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ഡയറക്ടറാണ് ഗോസ്വാമി. രാജ്യത്തിന്റെ ചൊവ്വാദൗത്യത്തിന് കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വിക്ഷേപിച്ച് 300 ദിവസത്തെ യാത്രയ്ക്ക് ശേഷം, 2014 സപ്തംബറോടെ ഇന്ത്യയുടെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ സ്വന്തംനിലയ്ക്ക് വികസിപ്പിച്ച പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി – എക്‌സ് എല്‍) ഉപയോഗിച്ചാണ് ചൊവ്വാപേടകം വിക്ഷേപിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ചന്ദ്രനിലേക്ക് വിജയകരമായി പേടകം അയച്ച് നാല് വര്‍ഷം കഴിയുമ്പോഴാണ് ഇന്ത്യ ചൊവ്വാ പര്യവേക്ഷണ പേടകം അയയ്ക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും മാത്രമാണ് ഇതുവരെ ചൊവ്വയിലേക്ക് പര്യവേക്ഷണപേടകം അയച്ചിട്ടുള്ളത്.