ഇന്ത്യയില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന ഈ വര്‍ഷം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ടാബ്‌ലറ്റുകള്‍ ബിസിനസ് യൂസര്‍മാരെയും, വിലകുറവുള്ള ഉപകരണങ്ങള്‍ സാധാരണ ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്നതിനാല്‍, ഈ വര്‍ഷം ഇന്ത്യയില്‍ ടാബ്‌ലറ്റ് വില്‍പ്പന 60 ലക്ഷം കടക്കുമെന്ന് ‘സൈബര്‍മീഡിയ റിസര്‍ച്ചി’ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2012 ല്‍ ഏതാണ്ട് 30 ലക്ഷം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് രാജ്യത്ത് വിറ്റുപോയത്. 2011 ല്‍ വെറും അഞ്ചുലക്ഷമായിരുന്നതാണ്, ഒരു വര്‍ഷംകൊണ്ട് ആറിരട്ടി വര്‍ധിച്ച് 30 ലക്ഷമായത്. അതാണ് 2013 ല്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിലകുറഞ്ഞ ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ കമ്പനികള്‍ വിപണിയിലെത്തിച്ചതാണ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ മൊബൈല്‍ വിപണി വന്‍വളര്‍ച്ച രേഖപ്പെടുത്തിയതിന് കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ ഈ വര്‍ഷം രംഗത്തെത്തുന്നത് കാര്യമായി വിപണിയെ സ്വാധീനിക്കും – സൈബര്‍മീഡിയയിലെ വിദഗ്ധന്‍ ഫൈസര്‍ കവൂസ പ്രസ്താവനയില്‍ പറഞ്ഞു. ആഗോളതലത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂണിക്കേഷന്‍സ് വിപണിയാണ് ഇന്ത്യ. 90 കോടി മൊബൈല്‍ ഫോണുകളാണ് ഇന്ത്യയിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയില്‍ ഇപ്പോഴും 12 കോടി പേര്‍ക്കേ ഇന്റര്‍നെറ്റ് ലഭ്യമായിട്ടുള്ളൂ. ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ 23.9 ശതമാനം വിഹിതമുള്ള സാംസങിനാണ് ഒന്നാംസ്ഥാനം. കഴിഞ്ഞ ജൂലായ് – സപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരമാണിതെന്ന് സൈബര്‍മീഡിയ അറിയിച്ചു. ഇന്ത്യയിലെ പ്രാദേശിക കമ്പനിയായ മൈക്രോമാക്‌സിനാണ് രണ്ടാംസ്ഥാനം (വിപണി വിഹിതം 15.3 ശതമാനം). ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മാതാക്കളായ ഡേറ്റാവിന്‍ഡാണ് മൂന്നാംസ്ഥാനത്ത്. അതേസമയം, ഐപാഡുമായി ലോക ടാബ്‌ലറ്റ് വിപണിയില്‍ മുന്നിലുള്ള ആപ്പിളിന് ഇന്ത്യയില്‍ അഞ്ചാംസ്ഥാനമേ (8.7 ശതമാനം) ഉള്ളൂ. കഴിഞ്ഞ ജൂലായ് -സപ്തംബര്‍ പാദത്തില്‍ ഇന്ത്യയില്‍ വിറ്റ ടാബ്‌ലറ്റുകളുടെ ശരാശരി വില 13,200 രൂപയാണ്. പക്ഷേ, മൊത്തം ടാബ്‌ലറ്റുകളെ പരിഗണിച്ചാല്‍ 63.5 ശതമാനവും പതിനായിരത്തില്‍ താഴെ മാത്രം വിലയുള്ളതായിരുന്നു. എന്തുകൊണ്ട് ആപ്പിളിന്റെ ഐപാഡ് ഇന്ത്യയില്‍ ജനപ്രിയമാകുന്നില്ല എന്ന് മേല്‍പ്പറഞ്ഞ കണക്ക് വ്യക്തമാക്കുന്നു. ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ടാബ്റ്റായ ഐപാഡ് മിനി തുടങ്ങുന്നത് തന്നെ 21,900 രൂപായില്‍ നിന്നാണ്.