Breaking News

ജയയുടെ ചികല്‍സക്ക് വേണമൊരു കൈത്താങ്ങു്

ഇരുവൃക്കകളും തകരാറിലായ ജയ വൃദ്ധയായ അമ്മ കല്യാണിയോടൊപ്പം
ഇരുവൃക്കകളും തകരാറിലായ ജയ വൃദ്ധയായ അമ്മ കല്യാണിയോടൊപ്പം

കൊടകര : ആളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കനാല്‍പാലത്തിന് സമീപം ചാഴിക്കുളം കൊച്ചക്കന്റെ മകള്‍ ജയയാണ് ചികിത്സക്കും നിത്യവൃത്തിക്കും വഴിയില്ലാതെ കാരുണ്യമതികളുടെ കനിവിനായി കൈനീട്ടുന്നത്. 44 കാരിയായ ജയയും 85 വയസുള്ള രോഗിയായ അമ്മയും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. അവിവാഹിതയായ ജയക്ക് സഹോദരങ്ങള്‍ ഇല്ല. അച്ചന്‍ നേരത്തെ മരിച്ചു. ജയ പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്.

നിരന്തരമുള്ള പനിയും ശരീരത്തില്‍ നീരും അനുഭവപ്പെടുന്നതുമൂലം ജയക്ക് രണ്ടു വര്‍ഷത്തോളമായി പണിക്ക് പോകാന്‍ സാധിക്കുന്നില്ല. രണ്ടു മാസം മുമ്പാണ് ജയയുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇടയ്ക്കിടെ ഡയാലിസിസ് നടത്തുന്നുണ്ട്. ഇവരുടെ ദുരവസ്ഥ കണ്ട സമീപവാസികളും നാട്ടുകാരുമാണ് ഇതുവരെ ചികിത്സക്ക് പണം നല്‍കിയിരുന്നത്.

എന്നാല്‍ തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയക്കുമായി വലിയ തുക ആവശ്യമായി വന്നിരിക്കുകയാണ്. ജയയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് ചികിത്സാ സഹായ സമിതി രൂപവല്‍ക്കരിച്ച് ഉദാരമതികളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് നാട്ടുകാര്‍. വാര്‍ഡ് അംഗം ഇ.കെ. ഭുവനേന്ദ്രന്‍ ചെയര്‍മാനും കെ.എന്‍.സദാനന്ദന്‍ കണ്‍വീനറും എം.കെ.ഉത്തമന്‍ ട്രഷററുമായാണ് ചികിത്സാ സഹായ സമിതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ജയയെ സഹായിക്കാനാഗ്രഹിക്കുന്നവര്‍ അക്കൗണ്ട് നമ്പര്‍: 0790053000001030. ,ഐ.എഫ്.എസ്.സി.കോഡ് : എസ്.ഐ.ബി.എല്‍.0000790.,സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആളൂര്‍ ശാഖ എന്ന വിലാസത്തില്‍ സഹായങ്ങളെത്തിക്കണം.
റിപ്പോര്‍ട്ട് : ലോനപ്പന്‍ കടമ്പോട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!