
കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കെ.രാജേഷ് നിര്‍വ്വഹിച്ചു. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബിന്റെയും പി.ടി.എ. യുടെയും നേതൃത്വത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് വിദ്യാലയത്തില്‍ കരനെല്‍കൃഷി നടപ്പിലാക്കിയത്. മട്ടത്രിവേണി ഇനത്തില്‍പ്പെട്ട നെല്ലാണ് ഇത്തവണ കൃഷി ചെയ്തത്. വിദ്യാലയപറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൃഷിയിറക്കിയത്.
20 സെന്റ് സ്ഥലം ഇതിനായി വിനിയോഗിച്ചു. യുവതലമുറയെ കാര്‍ഷിക സംസ്‌കാരത്തോടുടുപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പദ്ധതി എല്ലാവര്‍ഷവും വിദ്യാലയത്തലില്‍ നടപ്പിലാക്കുന്നത്. അക്കാദമിക പഠനത്തോടൊപ്പം കൃഷിപഠനം തുടര്‍ച്ചയായി നടപ്പിലാക്കുന്ന വിദ്യാലയം മറ്റ് വിദ്യാലയങ്ങള്‍ക്ക് മികച്ച മാതൃകയാണ് മുന്നോട്ട് വയക്കുന്നതെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. സ്‌കൂളിലെ കുട്ടികളുടെ കൊയ്ത്തുപാട്ടിന്റെയും നൃത്തചുവടുകളുടേയും അകമ്പടിയോടെയാണ് കൊയ്ത്ത് നടന്നത്. സി.ജി. അനൂപ് സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന നന്ദിയും രേഖപ്പെടുത്തി.
തൊഴിലുറപ്പ് പ്രവര്‍ത്തകരായ ലീലാമണി സതീശന്‍, ശാരദകൃഷ്ണന്‍, ജലജ തുമ്പയില്‍, ലളിത ചന്ദ്രന്‍ എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ. അംഗങ്ങള്‍, കുട്ടികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി. ലഭിക്കുന്ന നെല്ല് അരിയാക്കി സ്‌കൂളിലെ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് പായസം വച്ച് കൊടുക്കുവാനാണ് തീരുമാനം.