
കൊടകര : ”വിദ്യാലയം സമൂഹനന്മക്ക്” എന്ന മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയം. ഇന്ന് നാടിനെ കാര്‍ന്നുതിന്നുന്ന വിഷം മുക്കിയ പച്ചക്കറികള്‍ക്കെതിരെ കേവലം വാക്കുകള്‍ കൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നാട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കുട്ടികള്‍. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ച മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
വിദ്യാലയത്തില്‍ തന്നെ ധാരാളം കൃഷിചെയ്ത ”ചതുരപയറി”ന്റെ വിത്തുകള്‍ ശേഖരിച്ച് ഒഴിഞ്ഞ ചായഗ്ലാസ്സുകളില്‍ മണ്ണിട്ട് മുളപ്പിച്ച് തൈകള്‍ ആകുന്നതുവരെ കുട്ടികള്‍ പരിപാലിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളില്‍ നേരിട്ട് എത്തി തൈകള്‍ വിതരണം ചെയ്തു. വിഷമയമായ പച്ചക്കറികളുടെ ദോഷവശങ്ങള്‍ കുഞ്ഞുവായില്‍ വലിയ കാര്യെമെന്നോണം കുട്ടികള്‍ പറഞ്ഞത് വീട്ടുകാര്‍ സശ്രദ്ധം കൗതുകത്തോടെ ശ്രവിച്ചു. മുന്‍പും കുട്ടികള്‍ നാട്ടില്‍ പലപദ്ധതികളിലും പങ്കാളികളായ് വന്‍വിജയം കൈവരിച്ചവരായതിനാല്‍ ഇത് വെറും കുട്ടികളിയല്ല എന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
വിദ്യാലയമുറ്റത്തും വീട്ടുമുറ്റത്തും കോവല്‍, എന്റെ വീട്ടില്‍ പച്ചക്കറിത്തോട്ടം, കാര്‍ഷികവകുപ്പിന്റെ ഭവനപച്ചക്കറി പദ്ധതി എന്നിവയെല്ലാം വിദ്യാലയം ഈ അധ്യായനെ വര്‍ഷം വിജയകരമായി നടപ്പിലാക്കിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍ പരിപൂര്‍ണ്ണമായും സ്വയം പര്യാപ്തത കൈവരിച്ച വിദ്യാലയമാണ് എ.എല്‍.പി.എസ്. ആലത്തൂര്‍. ഇന്ന് ഗ്രാമത്തിലെ നൂറുവീടുകളില്‍ തൈകകള്‍ നല്‍കി നന്മയുടെ, ആരോഗ്യത്തിന്റെ ഒരു വലിയ പാത കുഞ്ഞുകൈകളാല്‍ തുറക്കപ്പെട്ടിരിക്കുകയാണ് എന്ന് തൈവിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന പറഞ്ഞു. കാര്‍ഷിക ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ എ.എം. ഇന്ദിര, എന്‍.എസ്. സന്തോഷ് ബാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.