
കൊടകര: സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കുകാരണമെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് വി.മുരളീധരന്‍. കൊടകര വാസുപുരത്ത് വെട്ടേറ്റുമരിച്ച ബി.ജെ.പി ബൂത്ത്‌സെക്രട്ടറി അഭിലാഷിന്റെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിക്കാനെത്തിയതായിരുന്നു മുരളീധരന്‍. അക്രമം നടത്തുന്ന സി.പി.എമ്മിനേയും ആക്രമണത്തിന് ഇരയായ ബി.ജെ.പിയേയും ഒരേതരത്തില്‍കാണുന്നത് അപലപനീയമാണ്.
സി.പി.എമ്മില്‍ നിന്നും ആയിരക്കണക്കിനുപ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്കുഒഴുകുന്നതിലുള്ള ആധിയാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്.ജനാധിപത്യപരമായി ആര്‍ക്കും ഏതുരാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്നും സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണണമെന്നും മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണം; വ്യാപക അക്രമം
കൊടകര: ബി.ജെ.പി ബൂത്ത് പ്രസിഡണ്ട് അഭിലാഷ് വെട്ടേറ്റുമരിച്ചതില്‍ പ്രതിഷേധിച്ച് പുതുക്കാട് നിയോജകമണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. തിരുവോണദിനമായ വെള്ളിയാഴ്ച വൈകീട്ട് 4 നാണ് അഭിലാഷ് വെട്ടേറ്റുമരിച്ചത്.
അന്ന് വൈകീട്ട് കൊടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും കൊടകരയില്‍ പ്രകടനം നടത്തിയിരുന്നു. കൊടകര കാവില്‍ സി.ഐ.ടി.യു ഓഫീസിനു നേരെ ആക്രമണമുണ്ടായി. കൊടകര ടൗണിലെ സി.പി.എമ്മിന്റെ കൊടക്കാലുകളും കൊടിതോരണങ്ങളും ഫ്‌ളെക്‌സ്‌ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രകടനം നടത്തിയത്. പ്രകടനം പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൊടകര സ്റ്റേഷനിലെ ദിനേശ് എന്ന പോലീസുകാരന് പരിക്കേല്‍ക്കുകയുമുണ്ടായി.
ഇന്നലെ മൃതദേഹവുമായി ആബുലന്‍സ് വാസുപുരത്തെത്തെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ വികാരധീനരായി. വാസുപുരം സെന്ററിലെ സി.പി.എമ്മിന്റെ കൊടിക്കാലുകളും കോണ്‍ഗ്രസ്സിന്റെ ഓഫീസും തകര്‍ത്തു. ചുങ്കാലില്‍ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പേരിലുള്ള ബസ് കാത്തിരിപ്പുകേന്ദങ്ങള്‍ നശിപ്പിച്ചു. പന്തല്ലൂരില്‍ സി.പി.എം നേതാവ് അശോകന്‍ പന്തല്ലൂരിന്റെ വീടിനു നേരെ ആക്രമണമുണ്ടായി.കോടാലി വെള്ളിക്കുളങ്ങര സി.പി.എം ഓഫീസിനുനേരെ ആക്രമണമുണ്ടായി. പറപ്പൂക്കര, പള്ളം, രാപ്പാള്‍ എന്നിവിടങ്ങളിലും സി.പി.എം, സി.ഐ.ടി.യു ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.