വാസുപുരം : തിരുവോണനാളില്‍ വാസുപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ രാജന്‍, ഡെന്നീസ്, ശിവദാസ് എന്നിവരാണ് പിടിയിലായത്. നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
വാസുപുരം സ്വദേശി ഷാന്റപ്പന്‍ എന്ന് വിളിക്കുന്ന ചെരുപറമ്പില്‍ ഷാന്റോ (26), മറ്റത്തൂര്‍ക്കുന്ന് സ്വദേശി കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ജിത്തു (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേര്‍ ഒളിവിലാണ്. തൃശ്ശൂര്‍ മറ്റത്തൂരിലെ വാസുപുരത്ത് കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ അഭിലാഷാണ് (32) വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും മുഖ്യസൂത്രധാരനുമായ രാജനെ വാസുപുരത്തെ ജാതിത്തോട്ടത്തില്‍ നിന്ന് തോട്ടം വളഞ്ഞാണ് പോലീസ് പിടികൂടിയത്. ഡെനീഷ്, ശിവദാസ് എന്നിവരെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പിടികൂടിയത്. ട്രെയിനില്‍ മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.