
കൊടകര: തിരുവോണദിനത്തില്‍ കൊടകരയ്ക്കടുത്ത് വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ 3 പേര്‍ കൂടി അറസ്റ്റിലായി. വാസുപുരം സ്വദേശികളായ ഡെന്നീസ്, ശിവദാസന്‍, രാജന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
വാസുപുരം സ്വദേശികളായ ചെറുപറമ്പില്‍ സാന്റോ, കിഴക്കേവീട്ടില്‍ ജിത്തു എന്നിവരെ സഭവദിവസം തന്നെ അറസ്റ്റുചെയ്തിരുന്നു. ഓട്ടോഡ്രൈവറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാകനുമായ രാജനെ പരിസരത്തെ ജാതിത്തോട്ടത്തില്‍നിന്നും തോട്ടം വളഞ്ഞാണ് അറസ്‌ററുചെയ്തത്. ഡെന്നീസ്, ശിവദാസന്‍ എന്നിവര്‍ കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനില്‍നിന്നും മംഗലാപുരത്തേക്കുകടക്കാനായി ടിക്കറ്റുമായി പോകുന്നതിനിടെയാണ് തന്ത്രപരമായി കുടുക്കിയത്.ബി.ജെ.പി പ്രവര്‍ത്തകനായ മററത്തൂര്‍ വാസുപുരം കാട്ടൂര്‍ വീട്ടില്‍ മണിനായരുടെ മകന്‍ അഭിലാഷ്(അപ്പു-32) ആണ് വെട്ടേറ്റ് മരിച്ചത്.
കേസുമായി ബന്ധപ്പെട്ട് 8 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അഭിലാഷും സുഹൃത്തായ സതീഷുംകൂടി ബൈക്കില്‍ വാസുപുരത്തുനിന്നും ചെമ്പുച്ചിറവഴിയിലൂടെ പോകുമ്പോള്‍ കോതേംകലത്ത് കാരണവക്ഷേത്രത്തിനുമുന്‍വശത്തുവച്ചാണ് ആക്രമണമുണ്ടായത്. ഡെന്നീസുമായി മരിച്ച അഭിലാഷ് ഉത്രാടദിനത്തില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലയില്‍ കലാശിച്ചത്. അഭിലാഷിനൊപ്പമുണ്ടായിരുന്നു സതീഷിനും വെട്ടേറ്റിരുന്നു. ഇയാള്‍ തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.