
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ കുട്ടികള്‍ ഇന്നലെ വിദ്യാലയത്തില്‍ വന്നത് പതിവുപോലെ യൂണിഫോം ധരിച്ച് ബാഗുമായിട്ടല്ല. പരമ്പരാഗത കര്‍ഷക വേഷത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അരിവാളുമേന്തി രാവിലെ തന്നെ വിദ്യാലത്തിലെ നെല്‍പാടത്തിനരികിലെത്തി. പേന വഴങ്ങിയ കുഞ്ഞുകൈകളില്‍ അരിവാള്‍ ആദ്യം ഒന്ന് ഉടക്കി. പക്ഷെ മുതിര്‍ന്നവര്‍ വന്ന് അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കൊയ്ത്തുപാട്ടിന്റെയും നാടന്‍ പാട്ടുകളുടെയും അകമ്പടിയോടെ അവര്‍ കൊയ്‌തെടുത്തത് 120 ദിവസത്തെ അധ്വാനമായിരുന്നു. അക്ഷരമുറ്റത്ത് വിരിഞ്ഞത് അധ്വാനത്തിന്റെ പൊന്ന് തന്നെ ആയിരുന്നു. വിദ്യാലയത്തിലെ കരനെല്‍കൃഷി തുടര്‍ച്ചയായ ഏഴാം വര്‍ഷവും പിന്നിട്ടു. വ്യവസായികമായിട്ടല്ല എങ്കിലും കാര്‍ഷിക പ്രതിബന്ധത വളര്‍ത്തി കൃഷിയറിവ് നേടിയാണ് ഓരോ വര്‍ഷവും കുട്ടികള്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത്.
വിദ്യാലയത്തിന്റെ പ്രധാന പ്രോജക്ട് ആയിട്ടാണ് കുട്ടികള്‍ കരനെല്‍കൃഷി ഏറ്റെടുത്തത്. അതിനാല്‍ തന്നെ നാലാം ക്ലാസ്സിലെ കുട്ടികള്‍ ഓരോ ഘട്ടവും വിശദമായി പ്രോജക്ട് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെപ്പോലെത്തന്നെ അവിലാക്കിയും പായസം വച്ചും കഴിക്കാനാണ് പി.ടി.എ. തീരുമാനം. ഇത്തവണ ജ്യോതി ഇനം നെല്ലാണ് കൃഷി ചെയ്തത്. സ്‌കൂള്‍ പി.ടി.എ., രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകനായ ഷിബു കൈപ്ലാക്കല്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് കൃഷി ചെയ്തത്.
ജില്ലാപഞ്ചായത്ത് പറപ്പൂക്കര ഡിവിഷന്‍ അംഗം ടി.ജി. ശങ്കരനാരായണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ശശി, പറപ്പൂക്കര പഞ്ചായത്ത് അംഗങ്ങളായ ജലജ തിലകന്‍, പ്രീത സജീവന്‍ , പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍, എം.പി.ടി.എ. പ്രസിഡന്റ് സുധി വിനോദ് എന്നവര്‍ പ്രസംഗിച്ചു.