Breaking News

Right to Information Act (വിവരാവകാശം)

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!