തൃശൂര്‍: നഗരത്തിലെ ഫ്ലാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകിയായ യുവതി അറസ്റ്റിലായി. പ്രധാന പ്രതിയായ കൊടകര വെട്ടിക്കല്‍ വാസുപുരം സ്വദേശിയും പുതുക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടുമായ റഷീദ് (38) ന്റെ കാമുകിയായ ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി (38) ആണ് തൃശ്ശൂര്‍ പുഴയ്ക്കല്‍ പാടത്തിന് സമീപത്തെ ടെന്നീസ് ക്ലബ്ബില്‍ ഒളിവില്‍ കഴിയവേ അറസ്റ്റിലായത്.
മഴവില്‍ മനോരമ ചാനലിലെ പ്രമുഖ റിയാലിറ്റി ഷോയായ ‘വെറുതേയല്ല ഭാര്യ’ യിലെ മത്സരാര്‍ത്ഥിയായിരുന്നു ഇവര്‍.മുന്‍ ഭര്‍ത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ഇവര്‍ റഷീദുമായി അടുക്കുന്നത്. റഷീദിന്റെ സുഹൃത്തു കൂടിയായ ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ എന്ന മണി(28)യെ പിനാക്കില്‍ ഫ്ലാറ്റില്‍ വച്ച് കൊലപ്പെടുത്തിയതില്‍ ശാശ്വതിക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.കേസില്‍ കൂട്ടുപ്രതിയായ കൊടകര വാസുപുരം മാങ്ങാറി കൃഷ്ണപ്രസാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സ്ഥാനം തെറിച്ച ഒരു മുന്‍ കെപിസിസി സെക്രട്ടറിയുടെയും ജില്ലയിലെ ഒരു എംഎല്‍എയുടെയും കയ്യാളായി നിന്നിരുന്ന റഷീദ് നിരവധി പണമിടപാടിലെ മുഖ്യകണ്ണിയാണ്. കുഴല്‍പ്പണം, നോട്ട് തട്ടിപ്പ് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളി കൂടിയാണ് റഷീദ്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി പല ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ള റഷീദിനെ സംരക്ഷിക്കുവാന്‍ നേതാക്കളുടെ വന്‍നിര തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
ഗുരുവായൂര്‍ സ്വദേശിയായ ശാശ്വതിയെ ഉപയോഗിച്ച് ചില ഇടപാടുകള്‍ റഷീദ് നടത്തിയിട്ടുണ്ട്. അഞ്ചു വയസ്സുള്ള മകനും ശാശ്വതിയുമാണ് ഫ്ലാറ്റില്‍ താമസം. തൊട്ടടുത്ത ഫ്ലാറ്റ് റഷീദിന് സ്വന്തമാക്കാന്‍ അവസരം ഒരുക്കിയത് ശാശ്വതിയാണ്. ഗുരുവായൂര്‍ സ്വദേശിയായ മുന്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം നഷ്ടപരിഹാരത്തിനുള്ള കേസ് കുടുംബകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഷൊര്‍ണൂര്‍ മണക്കാട് ലത നിവാസില്‍ സതീശനെയാണ് യുവതി അടക്കമുള്ള മൂന്നംഗസംഘം പൂര്‍ണനഗ്‌നനാക്കി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
നിലവിളി പുറത്ത് വരാതിരിക്കുവാന്‍ ടി.വിയുടെ ശബ്ദം ഉച്ചത്തില്‍ ആക്കിയിരുന്നു. തൃശൂര്‍ വെസ്റ്റ് സിഐ വി.കെ.രാജു, എസ്‌ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അമ്പേഷിക്കുന്നത്. അതേസമയം യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍കലാശിച്ചതെന്ന് പിടിയിലായ കൃഷ്ണപ്രസാദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
റഷീദും കാമുകി ശാശ്വതിയും സഹായി കൃഷ്ണപ്രസാദും കൊല്ലപ്പെട്ട സതീശന്‍ കഴിഞ്ഞമാസം കോയമ്ബത്തൂരിലും മറ്റു പലയിടങ്ങളിലുമായി ചുറ്റിയടിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് കോയമ്ബത്തൂരില്‍ ഡിജെ പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. രണ്ടു വാഹനങ്ങളിലായിട്ടായിരുന്നു ഉല്ലാസയാത്ര. 29 ന് രാത്രി തിരികെ എത്തി ഫ്ലാറ്റില്‍ ഉറങ്ങി. പിറ്റേന്ന് സതീശന്റെ സുഹൃത്തായ യുവതി ഫോണില്‍ വിളിച്ചു. യുവതിയെ ശല്യപ്പെടുത്തും വിധം നിരവധി തവണ ഫോണ്‍വിളിച്ചു. തുടര്‍ന്ന് ഇവര്‍ യുവതി ഫോണെടുത്ത് കയര്‍ക്കുകയായിരുന്നു. യുവതി വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ റഷീദാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.
കൊല്ലപ്പെട്ട സതീശന്‍ പിടിയിലായ കൃഷ്ണപ്രസാദ്, റഷീദ് എന്നിവരുമായി യുവതിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം ഇവര്‍ മൂവരും യുവതിയുമായി ഫ്ലാറ്റിലെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെച്ചൊല്ലിയുണ്ടായ തര്‍ക്കം സതീശനും റഷീദും തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിച്ചു. റഷീദ് സതീശനെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കൃഷ്ണപ്രസാദും ശാശ്വതിയും ഇതിന് സഹായിച്ചു.
മര്‍ദ്ദനമേറ്റ സതീശന്‍ ഒരു ദിവസം മുഴുവന്‍ മുറിയില്‍ ബോധരഹിതനായി കിടന്നു. പിറ്റേന്ന് കൃഷ്ണപ്രസാദും സുഹൃത്തുക്കളുമാണ് സതീശനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. സതീശന്‍ മരിച്ചതറിഞ്ഞ് റഷീദും ശാശ്വതിയും ഒളിവില്‍ പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉള്‍പ്പെടെയുള്ളവര്‍ എന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി കേസുകളൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ എടുക്കുയയും ചെയ്തു.
ആക്രമണം നടത്തിയ ദിവസം രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ സതീശനെ റഷീദും ശാശ്വതിയും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഊട്ടി , കൊടൈക്കനാല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. ഇതിനിടെ പുഴയ്ക്കല്‍ പാടത്തിന് സമീപത്തുള്ള ടെന്നിസ് ക്ലബിലും യുവതി ഒളിവില്‍ കഴിഞ്ഞു. ഇവിടെ വച്ച് യുവതിയെ മറ്റൊരാള്‍ കൈമാറാനായിരുന്നു റഷീദിന്റെ പദ്ധതി. ഇതിനിടയിലാണ് ശാശ്വതി പിടിയിലാകുന്നതും. കടപ്പാട് : കേരള ഓണ്‍ലൈന്‍ ന്യൂസ്