പുതുക്കാട് : സൈക്കിളോടിച്ച് എം.എല്‍.എ പദവിയിലേക്കും ഒടുവില്‍ മന്ത്രിപദത്തിലേക്കും ഓടിക്കയറുന്ന മനുഷ്യനെന്ന് പ്രൊഫ. സി. രവീന്ദ്രനാഥിനെ വിശേഷിപ്പിക്കാം. പക്ഷേ, അതുപോരാ. മനുഷ്യപക്ഷത്തു നിന്നുള്ള വികസനമെന്തെന്നും അതെങ്ങനെയെന്നും കാണിച്ച ജനപ്രതിനിധിയെന്നുകൂടി അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടതുണ്ട്. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടിക്കൂട്ടി ജനപിന്തുണ ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന നാട്ടുകാരുടെ സ്വന്തം രവീന്ദ്രന്‍ മാഷ് ഇന്നലെയും മണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയിലായിരുന്നു, മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിക്കുന്നുവെന്ന ദൃശ്യമാദ്ധ്യമങ്ങളില്‍ നിന്നുളള വാര്‍ത്തകള്‍ അറിയുമ്പോഴും…
അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി ഫോണ്‍വിളികള്‍ വരുന്നു. എല്ലാവര്‍ക്കും നന്ദി അറിയിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംസാരം. കൈവരുന്ന സ്ഥാനലബ്ധിയോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിന്, ഔദ്യോഗികമായ പ്രഖ്യാപനം വരട്ടെ അപ്പോഴാവാമെന്ന് മറുപടി. അതെ, വാക്കുകളിലും പ്രവൃത്തിയിലുമുള്ള മിതത്വമാണ് അദ്ദേഹത്തിന്റെ രീതി. അതാണ് അദ്ദേഹത്തിന്റെ ശക്തിയും. കോളേജ് അദ്ധ്യാപകനായിരിക്കുമ്പോള്‍ പോലും സൈക്കിളോടിച്ച് കോളേജില്‍ പോയിരുന്ന ഈ അദ്ധ്യാപകനെ തൃശൂരുകാര്‍ക്ക് മറക്കാനാവില്ല. ജനകീയതയും വൈവിദ്ധ്യവും നിറഞ്ഞ വിവിധ പദ്ധതികളാണ് പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രവര്‍ത്തന ഫലമായി മണ്ഡലത്തിലും പോയകാലങ്ങളില്‍ സഫലമായത്.
അതൊന്നും തന്റെ മാത്രം കഴിവുകൊണ്ടല്ലെന്നും മണ്ഡലത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒത്തുപിടിച്ചപ്പോള്‍ ഒരു വികസന ചക്രവാളം തെളിയുകയായിരുന്നുവെന്നും പറഞ്ഞുവയ്ക്കാറുണ്ട് അദ്ദേഹം. ഏതു വികസനപദ്ധതികളിലും ജനങ്ങളുടെ ഇടപെടലായിരുന്നു സവിശേഷത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ കാടിനുള്ളിലുണ്ടായിരുന്ന ഉറപ്പുള്ള വീടുകള്‍ ഉപേക്ഷിച്ച് ആനപ്പാന്തത്തെ ആദിവാസികള്‍ പാലായനം ചെയ്തപ്പോള്‍ ഇവര്‍ക്കിനി ഭൂമിയും വീടും സ്വന്തമായി ലഭിക്കുമെന്ന് ആരും ഒരിക്കലും കരുതിയിരുന്നില്ല. ഒട്ടേറെ കടമ്പകള്‍ താണ്ടി വെള്ളിക്കുളങ്ങരയില്‍ നിന്ന് വെറും ഏഴ് കിലോമീറ്റര്‍ മാത്രം മാറി 55 സെന്റ് വീതം ഭൂമിയും ഉറപ്പും സൗകര്യവുമുള്ള വീടുകള്‍ ഇന്നവര്‍ക്ക് സ്വന്തം. അംഗന്‍വാടി കമ്മ്യൂണിറ്റി ഹാള്‍, ശ്മശാനം എന്നിവയും അവര്‍ക്ക് സ്വന്തമായി.
ഏറ്റവും അവസാനം ശാസ്താംപൂവത്തെ ആദിവാസി കോളനിയിലേക്ക് ഏഴ് കോടി രൂപ ചെലവിട്ട് റോഡ് നിര്‍മ്മിക്കാനുള്ള ഭരണാനുമതിയും ലഭ്യമാക്കി. ഇതൊന്നും ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ സ്വപ്നത്തില്‍ പോലും കരുതാത്ത സൗകര്യങ്ങളായിരുന്നു. മണ്ഡലത്തിലെ എല്ലാ ആദിവാസി കോളനികളിലും വെള്ളവും വെളിച്ചവും പശ്ചാത്തല സൗകര്യങ്ങളും ഏര്‍പ്പെടുത്തി. അങ്ങനെയാണ് പാര്‍ശ്വവല്‍ക്കരണമില്ലാത്ത വികസനത്തിന്റെ പുതുക്കാട് മാതൃകയ്ക്ക് പ്രൊഫ. സി. രവീന്ദ്രനാഥ് ഒരു ഭാഷ്യം ചമച്ചത്. അങ്ങനെയാണ് ആദിവാസി മുതല്‍ നഗരവാസികള്‍ വരെയുള്ളവര്‍ക്കായുള്ള വികസനത്തിനായുള്ള സുസ്ഥിര മാതൃക അദ്ദേഹം ചമയ്ക്കുന്നത്.