ഓര്‍മയായത് സൗമ്യനും പ്രിയങ്കരനുമായ യൂണിയന്‍ ചെയര്‍മാന്‍ :മരണം ബൈക്ക് സൈക്കിളിലിടിച്ച്

കൊടകര : എറണാകുളം ഗവ.ലോ കോളേജ് യൂണിയനചെയര്‍മാന്‍ കൊടകര മറ്റത്തൂര്‍കുന്ന് ചിറ്റഴിയത്ത് വീട്ടില്‍ സോമസുന്ദരന്റെ മകന്‍ അനന്തവിഷ്ണു(25) മരിച്ചത് ബൈക്ക് വിറകുമായി പോയിരുന്ന സൈക്കിളിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞാണെന്നു പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 7.45 ഓടെയാണ് നാലാംവര്‍ഷ നിയമവിദ്യാര്‍ഥിയായ അനന്തവിഷ്ണു എറണാകുളത്തുനിന്നും ട്രെയിനില്‍ കല്ലേറ്റുംകര വന്നിറങ്ങി ബൈക്കെടുത്ത് മററത്തൂര്‍കുന്നിലെ വീട്ടിലേക്ക് വരുമ്പോള്‍ ആളൂരിനും പുലിപ്പാറക്കുന്നിനുമിടയിലെ കുടസ്റ്റോപ്പില്‍ അപകടത്തില്‍പെട്ട് മരിച്ചത്. ഇടിച്ച വാഹനം ഏതെന്ന് അറിഞ്ഞിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് വിറകിന്റെ ഒരു കെട്ടു കിടന്നിരുന്നു. എങ്കിലും വിറക് ലോറിയാണോ അതോ വിറകുമായി പോയിരുന്ന മറ്റേതെങ്കിലും വാഹനമാണോ എന്ന് സംശയിച്ചിരുന്നെങ്കിലും നിഗമനത്തിലെത്താനായിരുന്നില്ല. എന്നാല്‍ ആളൂര്‍ ഭാഗത്തുനിന്നു തന്നെ വിറകുകെട്ടുമായി വരികയായിരുന്ന പുലിപ്പാറക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുമാരന്‍(64) എന്നയാളുടെ സൈക്കിളിനപുറകിലെ വിറകില്‍തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് തല റോഡിലിടിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.അപകടത്തില്‍ നിസ്സാരപരിക്കേറ്റ കുമാരന്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അനന്തകൃഷ്ണന്റെ മൃതദേഹം ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിമോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 2.30 ഓടെ മറ്റത്തൂര്‍കുന്നിലെ വീട്ടിലെത്തിച്ചു. കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എ മാരായ ഹൈബിഈഡന്‍, വി.ഡി.സതീശന്‍, വി.ടി.ബല്‍റാം, പി.ടി.തോമസ്, അന്‍വര്‍സാദത്ത്, റോജി. എം.ജോണ്‍, മുന്‍ മന്ത്രിമാരായ കെ.പി.വിശ്വനാഥന്‍, കെ.ബാബു, തൃശൂര്‍ ഡി.സിസി.പ്രസിഡണ്ട് പി.എ.മാധവന്‍, എറണാകുളം ഡി.സി.സി പ്രസിഡണ്ട് വി.ജെ.പൗലോസ്, കൊച്ചി മേയര്‍ സൗമിനിജയന്‍, മുന്‍ എം.പി കെ.പി.ധനപാലന്‍, മുന്‍ എം.എല്‍.എ ടി.യു.രാധാകൃഷ്ണന്‍,കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, ബെന്നിബഹ്നാന്‍, ജോസഫ് ടാജറ്റ്, എം.പി.ജാക്‌സണ്‍, ജോസ് വള്ളൂര്‍, എന്നിവര്‍ മററത്തൂര്‍കുന്നിലെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. വൈകീട്ട് 6 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്ന് മറ്റത്തൂര്‍കുന്ന് ജംഗ്ഷനില്‍ അനുശോചന യോഗം നടന്നു.

Ananthavishnu1ഓര്‍മയായത് സൗമ്യനും പ്രിയങ്കരനുമായ യൂണിയന്‍ ചെയര്‍മാന്‍

നിയമപഠനത്തിന് സര്‍വകലാശാലവേണമെന്ന പ്രമേയമവതരിപ്പിച്ചും കോളേജ് മാഗസിന്റെ ഒരുക്കങ്ങളും നടത്തി അനന്ത്‌വിഷ്ണു എന്ന യൂണിയന്‍ ചെയര്‍മാന്‍ യാത്രയായി
കൊടകര: യൂണിയന്‍ ചെയര്‍മാന്‍ അനന്ത് വിഷ്ണുവിന്റെ അപകടമരണം എറണാകുളം ഗവ.ലോ കോളേജിനും മറ്റത്തൂര്‍ എന്ന മലയോരഗ്രാമത്തിനും തീരാവേദനയായി. പതിറ്റാണ്ടിനുശേഷം അനന്ത് വിഷ്ണു എന്ന സൗമ്യനായ നേതാവിലൂടെയാണ് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനം തിരിച്ചുപിടിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരുമായിപ്പോലും സഹകരിച്ച് വിയോജിപ്പുകളില്ലാത്തവിധം സംഘാടനം നടത്തുന്നതില്‍ ഈ 23 കാരന്റെ കഴിവ് ഒന്നുവേറെത്തന്നെയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ടി .തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം ഒന്നരമാസക്കാലം തൃക്കാക്കരമണ്ഡലത്തില്‍ അനന്ത് സജീവസാന്നിധ്യമായിരുന്നു. പെരുമ്പാവൂരിലെ ജിഷവധവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന് പൂര്‍ണമായും വ്യക്തമായും വിവരങ്ങള്‍ ധരിപ്പിച്ചത് ഈ കെ.എസ്.യു നേതാവായിരുന്നു. മാത്രമല്ല കോളേജിലെ ബി.എ ക്രിമിനോളജിക്ക് അഫിലിയേഷനുവേണ്ടി എം.എല്‍.എ, എം.പി, ഗവര്‍ണര്‍, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് അനന്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്ത് നിയമപഠനത്തിന് സര്‍വകലാശാലസ്ഥാപിക്കണമെന്നും നിയമപഠനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കാനും കരിക്കുലം പരിഷ്‌കരണത്തിനും പഠനനിലവാരം ഉയര്‍ത്താനും ഇത് സഹായകമാകുമെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ബുധനാഴ്ച അനന്തിന്റെ നേതൃത്വത്തില്‍ എറണാകുളം ലോ കോളേജ് യൂണീറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ദിവസവും വൈകീട്ട് കോളേജ് കാമ്പസ്സില്‍ യൂണിയനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് അനന്ത് തിരിച്ചുപോരാറുള്ളത്. വെള്ളിയാഴ്ചയും കോളേജിലെ മാഗസിന്‍ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു. വൈകീട്ട് 5.30 വരെ കാമ്പസ്സില്‍ സഹവിദ്യാര്‍ഥകള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് ഗേറ്റിനുപുറത്തുനിന്നവര്‍ക്ക് സുഹത്തുകള്‍ക്കൊപ്പമുള്ള ഫോട്ടോവരെ നല്‍കിയാണ് യാത്രയായത്. കോളേജിലെ പഞ്ചവത്സര ബി.എ ക്രമിനോളജി കോഴ്‌സിലെ നാലാംവര്‍ഷ വിദ്യാര്‍ഥിയായ അനന്തിനെക്കുറിച്ച് കോളേജിലെ എല്ലാവര്‍ക്കും നല്ലതുമാത്രമേ പറയാനുളളൂ. സൗമ്യമായ പെരുമാറ്റവും തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള അവസരങ്ങളില്‍ സമവായത്തിന്റെ പാതയിലേക്കു നയിക്കാനുള്ള പ്രത്യേകകഴിവാണ് അനന്തിന്റേത്. സുഹൃത്തുക്കള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ സംഭാഷണവുമായാണ് വിഷ്ണു എത്താറുള്ളത്. കെ.എസ്.യുവിന്റെ മുന്‍നിരനേതാവാണെങ്കിലും കടുത്ത രാഷ്ട്രീയം വച്ചുപുലര്‍ത്തുന്ന സ്വഭാവമായിരുന്നില്ല ഇദ്ദേഹത്തിന്റേത്. കൊടകരയിലോ മററത്തൂരിലോ ആയിരുന്നില്ല കൊച്ചിയിലെ കോളേജിലായിരുന്നു ആ യുവസംഘാടകന്റെ മിന്നുന്ന പ്രവര്‍ത്തനമികവ്. അതുകൊണ്ടുതന്നെ നാട്ടില്‍ പല മുതിര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പോലും അനന്ത് വിഷ്ണുവിനെ അറിയുമായിരുന്നില്ല. മരണത്തിനുശേഷമാണ് തൃശൂര്‍ ജില്ലയിലെ പല നേതാക്കളും എറണാകുളം ലോകോളേജ് യൂണിയന്‍ ചെയര്‍മാനായ അനന്ത് വിഷ്ണു എന്ന മറ്റത്തൂര്‍കാരനായ യുവനേതാവിനെ അറിയുന്നത്. ലോകോളേജില്‍ ചേരുന്നതിനുമുമ്പ് വലിയച്ഛനൊപ്പം നിലമ്പരൂരിലായിരുന്നു അനന്തിന്റെ താമസം. അവിടെയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അച്ഛന്‍ സോമസുന്ദരനും അന്നവിടെയായിരുന്നു ജോലി. എന്നാല്‍ പത്തുവര്‍ഷത്തിലധികമായി അച്ഛന്‍ മറ്റത്തൂരിലെ തറവാട് വീട്ടിലെത്തി കുട്ടനെല്ലൂരിലെ ഔഷധിയില്‍ ജോലിക്കാരനായി. 4 വര്‍ഷംമുമ്പ് എറണാകുളം ലോകോളേജ് പഠനവുമായി ബന്ധപ്പെട്ടാണ് അനന്ത് നാട്ടിലെത്തിയത്. ദിവസവും രാവിലെ കോളേജില്‍ പോകും.രാത്രി വരും. അതുകൊണ്ടുതന്നെയാണ് നാട്ടില്‍ ആരും അറിയാതെപ്പോയതും. അപകടമരണത്തെടുര്‍ന്ന് മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മൃതദേഹത്തില്‍നിന്നും കിട്ടിയത് നിലമ്പൂരിലെ വിലാസമായിരുന്നു. ഇന്നലെ വൈകീട്ട് ഈ യുവനേതാവിന്റെ ചേതനയറ്റ ശരീരം മററത്തൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ ഒട്ടനവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!