മനസ്സ് എത്ര തവണ ‘വേണ്ട്ര… വേണ്ട്രാ..’ എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല. അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന് കുളിക്കുമുൻപ് മേലാസകലം എണ്ണയും തേച്ച് ശരീരത്തിൽ പിടിക്കാനായി കുട്ടിത്തോർത്തുമുണ്ടുടുത്ത് സ്വന്തം പറമ്പിലൂടെ നടക്കുമ്പോൾ, മാവിൻ കൊമ്പത്ത് ടെമ്പററിയായി വന്നിരുന്ന മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??
‘യൂറേക്കാാാാ..’ എന്ന് വിളിച്ചോടിയ ആർക്കമഡിസിനെ പോലെ, ഞാറ് വലിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് പ്രണരക്ഷാർത്ഥം ഓടിക്കയറിയപ്പോൾ, ആ പെണ്ണുങ്ങളും, പിന്നെ തോട്ടുവരമ്പത്തുകൂടെ സ്കൂളിലേക്ക് പോയിരുന്ന കന്യാസ്ത്രീകളും, കുട്ടികളും ചിതറിയോടിയത്, മഹാളിക്കൂട്ടത്തെ കണ്ടിട്ടല്ലായിരുന്നു. തുണിയും കോണാനുമില്ലാതെ പാഞ്ഞടുക്കുന്ന വര്‍ഗ്ഗീസേട്ടന്‍ ‘ഇതെന്തിനുള്ള വരവാണ്’ എന്ന് മനസ്സിലാവാത്തതുകൊണ്ടായിരുന്നു.
എന്തായാലും തോട്ടിൽ ചാടി മുങ്ങിക്കിടന്നതുകാരണം, കടന്നലിന്റെ ഫാമിലിയിൽ പെട്ട, ആ മഹാളികൾ നിരാശരായി ‘ഓ. ഷിറ്റ്’ എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ മടങ്ങിയതുകൊണ്ട്, ശാരീരികമായി ആൾക്ക് കേടുപാട് അധികം പറ്റിയില്ല; പിന്നാമ്പുറത്ത് നാലണ്ണം കിട്ടിയതൊഴിച്ചാല്‍.
പക്ഷെ, ഒരു ദുർബല നിമിഷത്തിൽ തോന്നിയ ആ ഉൾപ്രേരണ മൂലം, ചില്ലറ കവറേജാണോ വര്‍ഗ്ഗീസേട്ടന് സ്വന്തം വാർഡിൽ കിട്ടിയത്? ഒന്നും രണ്ടും പേരാണോ ചുള്ളന്റെ ‘ബോഡിലാങ്ക്വേജ്’ മനസ്സിലാക്കിയത്??
കുളിക്കാൻ എണ്ണതേച്ച് വീടിന്റെ താഴെപ്പറമ്പിൽ കാഡ്ബറീസിന്റെ കളറായ വെള്ളതോർത്തുമുണ്ടെടുത്ത് ചൂളമടിച്ച് പാട്ടുപാടി നിന്നിരുന്ന ഇതിയാൻ, ആരുടെയോ പുള്ളിമുണ്ടുടുത്ത് ഓട്ടോറിക്ഷയിൽ വന്നിറങ്ങി മന്ദം മന്ദം വരുന്നതുകണ്ട്, വര്‍ഗ്ഗീസേട്ടന്റെ ഭാര്യ, ‘ഇതെന്തൊരു മറിമായമാണെന്റെ കർത്താവേ..’ എന്നു പറഞ്ഞ് താടിയിൽ കൈ വച്ചു പോയി.
പിന്നീട്, വിശദാംശങ്ങളറിഞ്ഞപ്പോൾ, ‘ഇനി നിങ്ങളെ എനിക്ക് കാണേണ്ട മനുഷ്യാ..’, എന്ന് പറഞ്ഞത് വിതുമ്പിക്കൊണ്ടായിരുന്നു. അതുപിന്നെ…
അന്നുമുതൽ, വര്‍ഗ്ഗീസെന്ന പേരിനേക്കാളും വെയ്റ്റുള്ള ആർക്കമിഡിസ് എന്ന് പേർ ഇരട്ടപ്പേരായി വീഴുകയും, ഈ സംഭവം നേരിട്ട് കാണാത്തവരും അറിയാത്തവരും വരെ, പിന്നീട്, ഈ പേരിന്റെ ഉത്ഭവം അന്വേഷിച്ചറിയുമ്പോൾ വര്‍ഗ്ഗീസേട്ടന്റെ സ്ട്രക്ചർ അവരവരുടേ ടേയ്സ്റ്റനുസരിച്ച്, ഭാവനയിൽ കാണുകയും ചെയ്തു.
“ആൾക്ക് മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??”