മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത് ശാന്തി ആശുപത്രിയില്‍ വച്ച് എന്റെ സുഹൃത്ത് മാത്തന്റെ അമ്മാമ്മക്ക് സെഞ്ച്വറി, കപ്പിനും ലിപ്പിനുമിടക്ക് നഷ്ടപ്പെട്ടു.
തേഡ് അമ്പയറിന് കൊടുത്ത് കുറച്ചധികം ടൈമെടുത്ത് ഔട്ടാകുകയായിരുന്നുവെന്നതിനാല്‍ അന്നേരം ആശുപത്രിയില്‍ അമ്മാമ്മക്ക് കൂട്ടായി മാത്തനും, അവനു കൂട്ട് സിനിമാക്കഥപറഞ്ഞിരിക്കാന്‍ ചെന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പൊതുവേ, ജീവനുള്ളവയെന്നും ഇല്ലാത്തവയെന്നും വ്യത്യാസമില്ലാതെ, സഞ്ചാരമൊരുക്കാനുള്ള വാഹനങ്ങള്‍ കൊടകരയുണ്ടെങ്കിലും, മനുഷ്യന്റെ കേസില്‍ മാത്രം, ജീവന്‍ പോയാല്‍ പിന്നെ ചാലക്കുടിക്കാരെ ഡിപ്പന്റ് ചെയ്യേണ്ടിവരും.
ഭാസ്‌കരന്‍ ഡോക്ടറുടെ കത്തു വാങ്ങി, സെന്റ് ജേയിംസില്‍ നിന്ന് ആംബുലന്‍സ് ഏര്‍പ്പാടാക്കി പറഞ്ഞുവിട്ടപ്പോഴേക്കും, തട്ടുകടകളുടെ ‘ഹൈറോഡ്’ഉള്ള ചാലക്കുടി ഹൈവേയില്‍ എനിക്കും അവനും, ഓംലെറ്റുകളും ബുള്‍സൈകളും വേവാന്‍ തുടങ്ങിയിരുന്നു. വിജയങ്ങളും പരാജയങ്ങളും ലാഭങ്ങളും നഷ്ടങ്ങളും ജനനങ്ങളും മരണങ്ങളും ആഘോഷിച്ചിരുന്ന ഒരു കാലം. അമ്മാമ്മ, മാത്തന്റെയായതുകൊണ്ട്, ചിലവും അവന്റെ വക.
മുട്ട മൊരിയുന്ന മാദക ഗന്ധത്തില്‍, പെട്രോള്‍ മാക്‌സിന്റെ ചൂടില്‍, സിസര്‍ പാക്കറ്റുകൊണ്ടുള്ള തൊപ്പിവച്ച മണ്ണെണ്ണ വിളക്കില്‍ നിന്ന് സിഗരറ്റ് കൂട് വെട്ടിയുണ്ടാക്കിയ കൊള്ളികൊണ്ട് തീയെടുത്ത് വില്‍സ് കത്തിച്ച് ഓംലെറ്റിനായി കാത്തിരുന്നു.
ആകൃതിയും സീറ്റിങ്ങും നഷ്ടപ്പെട്ടു തുടങ്ങിയ അലൂമിനിയം പ്ലേറ്റില്‍ ഓംലെറ്റ് നിസ്സഹായയായി കിടന്നു. ഉപ്പും കുരമുളക് പൊടിയും കൊണ്ട് ഡെക്കറേറ്റ് ചെയ്ത് ഞാന്‍ സ്പൂണുകൊണ്ട്, ഒരു ‘അരു’ മുറിച്ചെടുത്ത് കഴിക്കാനോങ്ങിയപ്പോള്‍, ഒരു സംശയം.
‘ടാ., നിന്റെ അമ്മാമ്മ മരിച്ചിരിക്കല്ലേ, നിനക്ക് ഇനി ഇതൊന്നും ഒരാഴ്ചത്തേക്ക് കഴിക്കാന്‍ പാടുണ്ടോ?’
ഓംലെറ്റിനെ അതിഭയങ്കരമായി മോഹിച്ച്, ബെഡില്‍ കമിഴ്ന്ന് കിടന്ന് കാലാട്ടിക്കൊണ്ട് വനിത വായിക്കുന്ന ജയഭാരതിയെക്കണ്ട ബാലന്‍.കെ. നായരെപ്പോലെയായ മാത്തന്‍,
‘ഒന്നു പോടാ.. ഞങ്ങള്‍ മാപ്ലമാറ്ക്ക് നോണ്‍ വെജൊഴിവാക്കിയിട്ടൊരു എടപാടില്ല’ എന്നമറി.
ADSL കണക്ഷനില്‍ 100 kb യുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുന്ന സമയം മാത്രമേ ഞങ്ങള്‍ക്ക് ഓംലെറ്റ് ഫിനിഷ് ചെയ്യാന്‍ അന്നും വേണ്ടി വന്നുള്ളൂ.
തിരിച്ചെത്തിയ ഞങ്ങളുടെ അടുത്ത ജോലി, ആളൂര്‍ മുതല്‍ കോടാലി വരെയുള്ള ഈ ബന്ധുക്കളെ അറിയിക്കലായിരുന്നു.
അങ്ങിനെ മൂന്നുമുറി എന്ന സ്ഥലത്തുള്ള അവരുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുമ്പോള്‍ സമയം അര്‍ദ്ധരാത്രി ഒന്നരയെങ്കിലും ആയിക്കാണണം. ഞാന്‍ കോളിംഗ് ബെല്ലടിച്ചു. അകത്തുനിന്ന് ഒരു മുരളന്‍ ചോദ്യം ‘ആരരാാ ഇത് ?’. മറുപടിയില്‍ മാത്തനെ തിരിച്ചറിഞ്ഞ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്, തൃശ്ശൂര്‍ പാറമേക്കാവ് വിമന്‍സ് കോളേജിന്റെ മുന്‍പില്‍ പഞ്ചാരയടിക്കാനായെന്നപോലെ രാവുപകല് നിന്ന നില്‍പ് നില്‍ക്കുന്ന സ്റ്റാച്ച്യൂ കണക്കെയായിരുന്നു. ഒരു തലപ്പാവിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ…
ഉടുത്തിരുന്ന മുണ്ട് തോളിലിട്ട് അത് രണ്ടുകൈകൊണ്ടും വകഞ്ഞ് മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട് ‘സൂപ്പര്‍മാനെ’പ്പോലെ നിന്ന റപ്പായേട്ടനെ കണ്ടിട്ട് ചിരിയുടെ കണ്ട്രോള്‍ പോയ ഞാന്‍ ഒന്നും പറയാതെ, ഒതുക്കിച്ചിരിച്ച് തിരിഞ്ഞു നിന്നു.
ചിരിയൊതുക്കാന്‍ കഴിയാതെ പാവം മാത്തന്‍, പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.