ഗൂര്‍ക്ക

ഒരു വര്‍ഷക്കാലത്ത്, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ് 55 കിലോ വിഭാഗത്തില്‍ പെട്ട ഒരു നാടന്‍ ഗൂര്‍ക്ക കൊടകരയില്‍ എത്തപ്പെട്ടു.

നേപ്പാളിലെ നാടോടി നൃത്തവും സൈക്കിള്‍ ചവിട്ട് യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ്ങള്‍ക്ക് വിശപ്പ് വിഗ്‌നമായപ്പോള്‍, ഗോതമ്പിന്റെ നിറമുള്ള ആ സാധു മനുഷ്യന്‍, സ്വപ്നങ്ങള്‍ ഒതുക്കിയടക്കി വച്ച മാറാപ്പൊന്നുമെടുക്കാതെ, കരിം പച്ച നിറമുള്ള ഷര്‍ട്ടും അതേകളറിലുള്ള പാന്റുമിട്ട് ടൈറ്റ് ചെയ്ത തരക്കേടില്ലാത്ത കപ്പാസിറ്റിയുള്ള ഒരു വയറുമായി വന്നു.

ഇന്ത്യാ മഹാരാജ്യത്ത് ഇത്രമാത്രം പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടായിട്ടും കൊടകര തന്നെ തിരഞ്ഞുപിറ്റിച്ചുവന്ന ചുള്ളനെ സമ്മതിക്കണം..!

ജനസംഖ്യയുടെ 90-95 ശതമാനവും ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അബ്കാരികള്‍, ചിട്ടിക്കമ്പനി മുതലാളിമാര്‍, ജന്മികള്‍ തുടങ്ങിയ മേലാള്‍ സമൂഹമായതുകൊണ്ട്, അവരുടെ ബംഗ്ലാവുകള്‍ കൊണ്ട് നിറഞ്ഞ കൊടകരയില്‍ അക്കാലത്ത് വീടൊന്നുക്ക് കുറഞ്ഞത് ഒന്നര ഗൂര്‍ക്കയെങ്കിലും വേണമെന്ന അവസ്ഥയായിരുന്നു.!

കൊടകരയില്‍ കാലുകുത്തിയ ദിവസം, ആദ്യം ചെയ്തത്, ടൌണീലെ ഒരു ഹോട്ടലിലില്‍ നിന്ന് രണ്ടു ബോണ്ടയും കടുപ്പത്തില്‍ മധുരം കുറച്ച് ഒരു ചായയും കഴിക്കലായിരുന്നു. അപ്പത്തന്നെ വിവരമുള്ളവനാണെങ്കില്‍, സ്ഥലത്തെക്കുറിച്ചും ആളുകളെക്കുറിച്ചും ഏറെക്കുറെ ഒരു ഐഡിയ കിട്ടി അവിടെ നിന്ന് കിട്ടാവുന്ന വേഗത്തില്‍ ഓടി രക്ഷപ്പെടേണ്ടതായിരുന്നു. കാരണം അവിടത്തെ ബോണ്ടകളും ചായഗ്ലാസും പ്ലേയ്റ്റും വെയിറ്ററുടെ യൂണീഫോമും അവിടത്തെ ടേബിളും സ്റ്റൂളുകളും വാഷ് ബേയ്‌സനും, ഹൈജീനിക്കില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.

ആരോ കൂടോത്രം ചെയ്തതിന്റെ ഫലമായിട്ട് കൊടകര എത്തിപ്പെട്ട അദ്ദേഹം എങ്ങിനെ പോകാന്‍…

അന്നുതന്നെ ഖൂര്‍ക്ക പ്രദേശത്തെ വീടുകളെല്ലാം സന്ദര്‍ശിച്ച് സ്വയം ഇന്റ്രൊഡ്യൂസ് ചെയ്തു: ‘മേം ഹും. മല്‍മല്‍ സിംഗ്. ഇദര്‍ കാ നയാ ഗൂര്‍ക്ക. ഡിയര്‍ ബായിയോം ഓര്‍ ബഹനോം, ആജ് സെ ആപ്പ്ലോക് രാത് മേം അരാംസെ സോ ജാവോ, നോ നീഡ് റ്റു ഫിക്കര്‍, മേം ഹൂ നാ.!

‘ഇയ്യാള് ഇതാര്‍ടെ അപ്പന്‍ ചത്തകാര്യമാണീ പറയുന്നതെന്ന’ കുമാരേട്ടന്റെ സംശയത്തിന്, കരയില്‍ ആകപ്പാടെ ഹിന്ദി അറിയുന്ന ആളായിരുന്ന മിലിട്ടറി ഭാസ്‌കരേട്ടന്‍, ‘നിങ്ങളെല്ലാവരും ഇനി രാത്രിയില്‍ ബിന്ദാസായി, തെല്ലും ഭയപ്പെടാതെ ഉറങ്ങിക്കോ, ഇങ്ങേര് കാവലുണ്ട്’ എന്ന് ട്രാന്‍സലേറ്റ് ചെയ്തുകൊടുത്തു.

‘ഓ പിന്നേ…..പത്തിന്റെ പൈസ കിട്ടുമെന്ന് വിചാരിച്ച് ഇങ്ങേര് ഇവിടെ കറങ്ങണ്ട, നേരത്തിന് വന്നാ വേണമെങ്കില്‍ വല്ല കഞ്ഞ്യോ ചോറോ കൊടുക്കാം’ നാട്ടുകാര്‍ നിലപാട് വ്യക്തമാക്കി.

‘അമ്മിണിയെങ്കില്‍ അമ്മിണി’ എന്ന് വിചാരിച്ചിട്ടായിരിക്കണം, ഗൂര്‍ക്കക്ക് അതും സമ്മതമായിരുന്നു. ചോറിന് വേണ്ടിയുള്ള ‘ചോര്‍’ വേട്ട.

ഗൂര്‍ക്ക യുടെ ഗ യും കൂര്‍ക്കയുടെ ക യും തമ്മിലുള്ള വിത്യാസത്തിന് വലിയ സീരിയസ്നെസ്സ് കൊടുക്കാത്ത വലിയൊരു സമൂഹം അദ്ദേഹത്തെ ‘കൂര്‍ക്കേ…കൂര്‍ക്കേ..’ എന്ന് വിളിച്ചിരുന്നു. കഞ്ഞിക്ക് സൂപ്പര്‍ കോമ്പിനേഷനായ മണി മണി പോലുള്ള ഒരു ഭക്ഷ്യവസ്തുവിന്റെ പേരിട്ടാണ് തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞോ അറിയാതെയോ, ‘കൂര്‍ക്കെ ഇന്നാ ചോറ്’ എന്ന് കേള്‍ക്കുമ്പോളേക്കും ‘ജീ സാബ്’ എന്ന് പറഞ്ഞ് ആള്‍ ഇറയത്ത് ചമ്രം പടിഞ്ഞിരുന്നു.

തന്റെ ബുദ്ധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുബുദ്ധികളുമായി കൂട്ടുകൂടി, കൂട്ടുകൂടി അങ്ങിനെ രാത്രിയില്‍ കറങ്ങി നടക്കുന്ന വീടും കുടിയുമില്ലാത്ത പലരും കൂര്‍ക്കയുടെ ഗഡികളായി മാറുകയും കൊടകര ബോയ്‌സ് സ്‌കൂളിനടുത്തുള്ള ഗുരുകുലം എന്ന കെട്ടിടം, ടീച്ചര്‍മാരുടെയും മാഷന്മാരുടെയും കരിക്കട്ട പടങ്ങള്‍ക്കും കഥകള്‍ക്കും മാത്രമല്ലാ, ഈ കൂര്‍ക്കക്ക് ഉറങ്ങാനും ചീട്ടുകളിച്ചിരിക്കാനുമെല്ലാമുള്ള സങ്കേതമായി മാറുകയും ചെയ്തു.

വാള പാറ്റിയപോലെ മെലിഞ്ഞിരുന്ന ഇദ്ദേഹം വെറും ആഴ്ചകള്‍ കൊണ്ട്, പിണ്ണാക്ക് ചാക്ക് വെള്ളത്തിലിട്ട പോലെയായി രൂപാന്തരം പ്രാപിച്ചു. അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാല്‍ തന്നെ, അസുരന്മാര്‍ ദേവന്മാരാകുമെന്നും, കൊണ്ടലീസ റൈസ്; കേയ്റ്റ് വിന്‍സ്ലെറ്റിനെപ്പോലെയാകുമെന്നും സറീന വില്ല്യംസ് നമ്മുടെ സാനിയ മിര്‍സയെപ്പോലെയാകുമെന്നൊക്കെയല്ലേ…

അങ്ങിനെ തെണ്ടി തീറ്റയും പണ്ടാരവുമായി ജീവിതം ആസ്വദിച്ചുതിമര്‍ക്കെ, ഒരു ദിവസം, ഗുരുകുലത്തിലെ അന്തേവാസിയും ഗൂര്‍ക്കയുടെ ക്ലോസ് ഫ്രണ്ടുമായിരുന്ന ഒറ്റക്കാളവണ്ടിക്കാരന്‍ പൌലോസ് ചേട്ടന്‍ കഞ്ചാവ് വലിച്ച് വലിച്ച് ബോറടിച്ചപ്പോള്‍ ഗുരുകുലത്തില്‍, കെട്ടിത്തൂങ്ങി മരിച്ചു, ആള്‍ടെ കാളയെയും വണ്ടിയേയും ഒരു ജോഡി പ്ലാസ്റ്റിക്ക് ചെരിപ്പിനേയും അനാഥരാക്കിക്കൊണ്ട്..

ധൈര്യത്തിന് കുറവുണ്ടായിട്ടല്ല, എന്നാലും റിസ്‌കിന്റെ അനന്തസാധ്യതകളെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഒരു പരീക്ഷണത്തിന് നില്‍ക്കാതെ അന്നുമുതല്‍ ഗൂര്‍ക്ക താവളം താല്‍ക്കാലികമായി ഒന്ന് ഷിഫ്റ്റ് ചെയ്തു.

ഈ സംഭവത്തിന്റെ നാലാം നാള്‍, പാതിരാത്രിയില്‍ അതുവഴി രാവി രാവി നടന്ന ഗൂര്‍ക്കയെ, പൌലോസേട്ടന്റെ ശരീരപ്രകൃതിയുള്ള ‘ദേവസ്സിച്ചേട്ടന്‍’ പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ, വെള്ളത്തിന്റെ പുറത്ത് ആളുമാറി, പിന്നിലൂടെ ചെന്ന് ‘ നിന്നെ ഞാനിന്ന് കൊല്ലൂടാ പന്നീ’ എന്ന് ഉറക്കെ പറഞ്ഞ് വട്ടം കെട്ടിപ്പിടിച്ചു. ഗൂര്‍ക്കക്ക് പിന്നെ ഒന്നും ഓര്‍മ്മയില്ല.

പിറ്റേ ദിവസം, ഒറ്റക്കാളവണ്ടിക്കാരന്‍ ഔസേപ്പേട്ടന്റെ പ്രേതം പിടിച്ച ഗൂര്‍ക്ക ബോധമില്ലാതെ വഴിയില്‍ കിടക്കുന്നെന്ന ഫ്‌ലാഷ് ന്യൂസ് കേട്ടാണ് പലരുമുണര്‍ന്നത്. പിന്നെ, ഒരാഴ്ചയോളം ഖൂര്‍ക്കയെ ആരും പുറത്ത് കണ്ടില്ല. രാത്രിയും പകലും.

‘കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു കൊതു’ എന്ന് പറഞ്ഞകണക്കെ, ആള്‍ടെ ഈ വെക്കേഷന്‍ പീരിയഡില്‍ ആ പ്രദേശത്ത് മൂന്ന് കളവുകള്‍ നടന്നു.

ഈ കേയ്‌സുകളുമായി യാതൊരു വക ബന്ധമില്ലാഞ്ഞിട്ടും, രാത്രി ഉറക്കമില്ലാതെ നടക്കാറുള്ള ആളല്ലേ, എന്ന ‘പരിഗണയുടെ’ പുറത്ത് അന്നത്തെ കൊടകര എസ്.ഐ. ഇങ്ങേരെ, സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

സ്റ്റേഷനില്‍ വച്ച് സംസാരിച്ചപ്പോള്‍, ഗൂര്‍ക്ക വാചാലനായി. കേസന്വേഷണത്തെക്കുറിച്ച് എസ്.ഐക്ക് ക്ലാസെടുക്കുകയും വേണ്ട ഉപദേശം കൊടുക്കുകയും ചെയ്തൂത്രേ. ‘തന്നെ ആരാ എസ്. ഐ. ആക്കിയേ’ എന്ന റോളില്‍ വരെ ‘കള്ളന്മാരെ പിടിക്കാനുള്ള അറിവ് ജന്മനാല്‍ ലഭിക്കുന്ന’ ഗൂര്‍ക്കവര്‍ഗ്ഗത്തില്‍ പെട്ട നമ്മുടെ ഗഡി എടുത്തു. ബെസ്റ്റ്.!

‘നിര്‍ത്തറാ പന്നീ’, എന്ന് എസ്.ഐല്. പറയുന്നതുവരെ, ക്ലാസെടുത്തു.

പോലീസിന്റെ മിരട്ടലില്‍ ഒട്ടും കൂസാതെ ‘യെ ദില്‍ മാംഗേ മോര്‍’ എന്ന റോളില്‍ ‘സര്‍ ഉഢാക്കെ’ നിന്ന ഗൂര്‍ക്കേനെ, പിന്നീട് അരമണീക്കൂര്‍ ഡീസന്റായിട്ടൊന്ന് മെടഞ്ഞുവെന്നാണ് കേള്‍വി.

ഹവ്വെവര്‍, ചിരിയങ്കണ്ടത്ത് ജ്വല്ലറിയുടെ ഷട്ടറിടുമ്പോള്‍ കേള്‍ക്കുന്ന ‘ഠേ’ ന്നുള്ള സൌണ്ട് അന്ന് സ്റ്റേഷനീന്ന് പലതവണ കേട്ടത്രേ..

പാര്‍ട്ടി കഴിഞ്ഞ് പിരിയാന്‍ നേരം, ‘നാളെ മേലാല്‍ ഈ ഏരിയയില്‍ നിന്നെ കണ്ടാല്‍ പിന്നെ നേപ്പാളിലേക്ക് നീ കാര്‍ഗോയായിട്ടാടാ പോവുക’ എന്ന ഭീഷണിക്ക് പുല്ലുവില കല്‍പിച്ച്, പുശ്ചിച്ചു തള്ളിക്കൊണ്ട്, നമ്മുടെ ഗൂര്‍ക്ക ഒരു സെക്കന്റ് പോലും വേയ്സ്റ്റാക്കാതെ കൊടകരയില്‍ നിന്ന് സ്‌കൂട്ടായി..!

കൂടോത്രത്തിന്റെ ഗ്യാസ് പോയിരിക്കണം, അല്ലെങ്കില്‍ കണ്ടകശ്ശനിയുടെ അപഹാരം തീര്‍ന്നിരിക്കണം.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!