പപ്പേട്ടന് ഗര്‍ജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ് ആളുടെ ഭാര്യയുടെ അഭിപ്രായം.
പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത് ഒരിക്കല്‍ പോലും ആ സിഹം ഗര്‍ജ്ജിക്കാന്‍ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടിലില്ലാതിരുന്നതും നാട്ടുകാര്‍ ഗര്‍ജ്ജനത്തെക്കുറിച്ചറിയതെപോയതിന് ഒരു പ്രധാന കാരണമാണ്.
എട്ടാം ക്ലാസില്‍ വീണ്ടും തോല്‍ക്കാന്‍ നില്‍ക്കാതെ, അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്‌സ്‌ക്ലൂസീവ് ഡെസ്റ്റിനേഷനായ മദ്രാസിലേക്ക് കള്ളവണ്ടി കേറി ഒറ്റപ്പ്‌പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത് ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ് തുന്നല്‍ പണി പഠിച്ചത്. അവിടെനിന്ന് പിന്നെ ഡെല്‍ഹിയില്‍, കല്‍ക്കട്ടയില്‍, ബോബെയില്‍…അങ്ങിനെയങ്ങിനെ…. ഇന്ത്യാമഹാരാജ്യം മൊത്തം ആള്‍ കറങ്ങി.
കുറെയധികം കൊല്ലങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വന്നൂ കൊടകരക്കാര്‍ക്ക്, വീണ്ടും മുഖധാവില്‍ മൂപരെയൊന്ന് കാണാന്‍ . തറവാട് ഭാഗം വക്കാന്‍ നേരം എങ്ങിനെയോ, ആരോ പറഞ്ഞറിഞ്ഞ്, തന്റെ പെറ്റുവളര്‍ന്ന കുടിയിലേക്ക് വന്നപ്പോള്‍ ബോബെയില്‍ നിന്ന് കെട്ടിയ മഹാരാഷ്ട്രക്കാരി മിന്നുവും പിന്നെ, ഒമ്പത് വയ്‌സായ മകളും കൂട്ടിനുണ്ടായിരുന്നു.
പോയിടത്തെല്ലാം രാജാവിനെപ്പോലെയാണത്രേ ജീവിച്ചത്. ധര്‍മ്മക്കാരനെപ്പോലെ മരിക്കാതിരിക്കാനായിട്ടായിരിക്കണം നാട്ടിലേക്ക് മടങ്ങിയതെന്ന് ജനം അടക്കം പറഞ്ഞു. പപ്പേട്ടന്റെ ജോലിയെപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍, ഓ, ആള്‍ വല്ലാതെയങ്ങ് വാചാലനായിപ്പോകും; പാമ്പുഗുളിക കത്തിച്ചപോലെ.
മദ്രാസിലായിരുന്നപ്പോള്‍ എം.ജി.ആറിന്റെ ഭാര്യയുടെ ജാക്കറ്റ് സ്ഥിരമായി തച്ചിരുന്ന ആ അരവി തമ്പി യാര്?
പപ്പേട്ടന്‍.!
അങ്ങ് ഡെല്‍ഹിയിലെത്തിയപ്പോള്‍ ഫ്രന്‍സ് ടൈലേഷ്‌സില്‍ വച്ച് സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയുടെ ജാക്കറ്റടിച്ചിരുന്ന പപ്പു ബായി കോന്‍?
ഓര്‍ കോന്‍? അതും പപ്പേട്ടന്‍
‘നീ ഇപ്പറയുന്നതൊക്കെ നേരാണോ എന്റെ പപ്പൂ’ എന്ന ചോദ്യത്തെ ചൊടിച്ചുകൊണ്ടിങ്ങനെ അദ്ദേഹം അതിശക്തമായി നേരിട്ടു.
‘സംശയമുണ്ടെങ്കില്‍ ഇന്ദിരാഗാന്ധിയുടെ ജാക്കറ്റിന്റെ പിന്‍ഭാഗം ഒന്ന് പൊക്കി നോക്ക്.! ഫ്രണ്ട്‌സ് ടൈലേഴ്‌സിന്റെ സ്റ്റിക്കര്‍ ഉണ്ടോന്ന്?’
വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു തെളിവെടുപ്പ്. പ്രധാനമന്ത്രിയുടെ പിന്നില്‍ കൂളിങ്ങ് ഗ്ലാസ്സുവച്ച്നില്‍ക്കുന്ന സഫാരി സ്യൂട്ടിട്ട ഗണ്മാന്റെ വെടിയുണ്ട തിരുനെറ്റിയില്‍ കൂടെ ഊളാക്കുകുത്തി പോകുന്നത് സങ്കല്‍പ്പിക്കാന്‍ പോലും ശക്തിയില്ലാത്ത നാട്ടുകാര്‍ കൂടുതല്‍ ക്ലാരിഫിക്കേഷന് നിന്നില്ല.
ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത് എന്തായാലും ഭാഗ്യായി. അല്ലെങ്കില്‍….
ആക്ച്വലി, അണ്ണാച്ചിയുടെ പോക്കറ്റടിച്ചാണ് മദ്രാസില്‍ നിന്ന് മുങ്ങിയെന്നും , ജീവിതയാത്രയില്‍ പലരുടെയും മറ്റുപലതുമടിച്ചെന്നും അവസാനം സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ട് തെറിക്കുകയായിരുന്നെന്നുമെല്ലാം എന്തായാലും പില്‍ക്കാലത്ത് നാട്ടിലെ ബാര്‍ബര്‍ ഷണുമുഖനും കല്യാണിവേലത്തിയും ബി.ബി.സി. ഭാസ്‌കരേട്ടനും നടത്തിയ ഗവേഷണങ്ങളില്‍ തെളിഞ്ഞു.
കൊടകര തുടങ്ങിയ ഫ്രന്‍സ് ടൈലേഴ്‌സിന്റെ ഫ്രാഞ്ചൈസിയുമായി മുന്നോട്ട് പോകുമ്പാഴായിരുന്നു, ആളുടെ മുന്‍പില്‍ ദൈവം വിസയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം ദൈവത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ട്, ഏതോ നോട്ടീസ് അഞ്ഞൂറ് പേര്‍ക്ക് വിതരണം ചെയ്തതിന് കിട്ടിയ ഫലമാണോ എന്നറിയില്ല…!
വരുമാനക്കണക്കില്‍ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആള്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാരുടെയിടയിലെ ഇമേജിന് കാര്യമായ മാറ്റം വന്നു. ബോബെയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ‘എവിട്യാര്‍ന്നൂറാ നീ’ എന്ന പുശ്ചത്തിന്റെ ആറ്റങ്ങള്‍ കലര്‍ന്ന ആ ഒറ്റ ചോദ്യത്തില്‍ നിന്ന്, സ്‌നേഹബഹുമാനങ്ങളില്‍ മുങ്ങിക്കുതിര്‍ന്ന ‘എന്നാ വന്നത്? ഇനി എന്നാ തിരിച്ച്?’ എന്ന ‘ഇരട്ട’ ചോദ്യത്തിലേക്ക് മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗള്‍ഫുകാരനായി തുടരാന്‍ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട് മാസങ്ങള്‍ കഴിയുമ്പോള്‍ രണ്ടുമാസം ഭാര്യക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച് സന്തോഷത്തോടെ കുബൂസിന്റെയും ചിക്കന്‍ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയില്‍ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടന്‍ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത് നാട്ടിലേക്കയച്ച് കൌണ്ടര്‍ ഫോയിലുകള്‍ കൂട്ടി നോക്കി സായൂജ്യമടഞ്ഞു.
അപ്പോഴും ഗര്‍ജ്ജിക്കുന്ന സിംഹമെന്ന വിശേഷണം സ്വന്തം വീട്ടുകാര്‍ക്ക്, പ്രത്യേകിച്ച് തന്റെ ഭര്‍ത്താവിനോടും മകനോടും തോന്നുന്ന വെറും തോന്നല്‍ മാത്രമാണെന്ന ജനത്തിന്റെ വിശ്വസം തകര്‍ക്കപ്പിട്ടിരുന്നില്ല.
ഒരിക്കല്‍ ലീവിന് വന്ന് പോയിട്ട് മൂന്നു മാസമ്പോലുമായിരുന്നില്ല, പെട്ടെന്ന് അമ്മക്കൊരു തളര്‍ച്ച, അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ ഡോക്ടര്‍ അറിയിച്ചതിന് തുടന്ന് മാതൃസ്‌നേഹം അധികം അനുഭവിക്കാന്‍ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
സുഹൃത്ത് ആനന്ദനായിരുന്നു കോഴിക്കോട് വഴി അഞ്ചുകിലോ സ്വര്‍ണ്ണം വഹിച്ചാല്‍ ഒരു വണ്‍വേ ടിക്കറ്റ് ഫ്രീ കിട്ടുന്ന സ്‌പെഷല്‍ സ്‌കീമിനെക്കുറിച്ചാളോട് പറഞ്ഞത്.കേട്ടപ്പോള്‍ പേടിയും പിന്നെപ്പിന്നെ, എല്ലാവര്‍ക്കുമാകാമെങ്കില്‍….എന്തൊകൊണ്ട്…എന്ന് സമാധാനിച്ച്, അങ്ങിനെ ടിക്കറ്റിന്റെ പൈസ ലാഭിച്ച് അഞ്ചുകിലോ വി.ഐ.പി. ലഗേജുമായി അദ്ദേഹം കോഴിക്കോട്ടിറങ്ങി.
പറഞ്ഞേല്‍പിച്ച പോലെ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ കാത്തുനിന്ന വ്യക്തിക്ക് പെട്ടി കൈമാറുമ്പോള്‍ നേരിയ ഒരു സംശയം മനസ്സില്‍ തോന്നത്തക്ക ഒരു വിശേഷം ഉണ്ടായിരുന്നു. ആളുടെ സ്‌പെസിഫിക്കേഷന്‍ കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ രൂപം സിലോണ്‍ മനോഹറിന്റേതായിരുന്നുവെങ്കിലും പെട്ടികൊടുത്തത് ടീ ഷര്‍ട്ടിട്ട ചുരുണ്ടമുടിയുള്ള ഒരു സാദാ മലയാളിക്കായിരുന്നു.ബാക്കിയെല്ലാം പറഞ്ഞപോലെയായിരുന്നതുകൊണ്ട്, തോന്നലിന് വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി, അമ്മയെക്കാണാനുള്ള ധൃതിയില്‍ പെട്ടെന്ന് തന്നെ അദ്ദേഹം കൊടകരക്ക് പോയി.
ലാന്റ് ചെയ്ത ദിവസം എലൈറ്റ് ഹോസ്പിറ്റലില്‍ അമ്മക്ക് കൂട്ട് കിടന്ന പപ്പേട്ടന്‍ പിറ്റേന്ന് ഉച്ചയോടെയായിരുന്നു വീട്ടിലെത്തിയത്. കുളികഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴാണ് ഭാര്യ ആ കാര്യം പറഞ്ഞത്.
‘ഇന്നലെ ഉച്ചതിരിഞ്ഞ്, ഷാര്‍ജ്ജയില്‍ നിന്ന് വന്ന പപ്പന്റെ വീടിതല്ലേ എന്ന് ചോദിച്ച് ഒരു വെള്ളകാറില്‍ 3 ആള്‍ക്കാര്‍ വന്നിരുന്നു. ‘
ചോറുണ്ണല്‍ നിറുത്തി ആദികലര്‍ന്ന സ്വരത്തില്‍ പപ്പേട്ടന്‍ ചോദിച്ചു:
ആര് വന്നൂന്ന്? എന്തുകാര്യത്തിന്?
ഓ! ചേട്ടന്‍ ഇവിടെയില്ലെന്ന് പറഞ്ഞപ്പോ, എന്നാല്‍ നാളെവരാമെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ പോയി. എന്തായാലും ഇവിടെയടുത്തുള്ള ആള്‍ക്കാരല്ല, തിരിച്ച് കാറില്‍ കയറാന്‍ നേരം കറുത്ത് ചുരുണ്ടമുടിക്കാരനായ ഒരു ഉണ്ടന്‍ മറ്റുള്ളവരോട് ‘ആളെ നമുക്ക് നാളെ പിടിക്കാം’ എന്നുപറഞ്ഞത് കേട്ടു.
ആറുലക്ഷം ഉടമ്പുഞ്ഞരമ്പുകളും മൊത്തത്തില്‍ കോച്ചിവലിക്കണപോലെത്തോന്നിയ ആ സമയത്ത് പപ്പേട്ടന്‍ ഇന്നസെന്റ് സ്‌റ്റൈലില്‍ സ്വയം ചോദിച്ചു.
‘അപ്പോ പെട്ടി കൊടുത്ത ആള്‍ മാറി ല്ലേ..?’
സന്ധ്യക്ക് ആശുപത്രിയിലേക്ക് പോയ ചുള്ളനെ, അമ്മയുടെ അസുഖത്തെക്കാളും പീഢിപ്പിച്ചത് അഞ്ചുകിലോ സ്വര്‍ണ്ണം എവിടന്നുണ്ടാക്കുമെന്ന ചിന്തയായിരുന്നു.
എങ്ങിനെയൊക്കെ സമാധാനിച്ചിട്ടും ആ ദിവസം ഒരു വറ്റ് ചോറ് കഴിക്കാനോ ഒരു പോള കണ്ണടക്കാനോ പറ്റിയില്ല. കണ്ണടച്ചാല്‍ സിലോണ്‍ മനോഹര്‍ ‘തടവറ’ യിലെ പോലെ അട്ടഹസിച്ചുകൊണ്ട് ‘എവിടെടാ എന്റെ പെട്ടി’ എന്ന് ചോദിച്ചു. പിന്നെ എങ്ങിനെ….
പിറ്റേന്ന് രാവിലെ തന്നെ ജാതിമതഭേദമന്യേ സകലമാന ദൈവങ്ങള്‍ക്കും മുത്തപ്പ്ന്മാര്‍ക്കും മുത്തികള്‍ക്കും ആയിരക്കണക്കിന് രൂപക്കുള്ള ചില്ലറയും പാട്ടക്കണക്കിന് എണ്ണയും നേര്‍ന്ന പ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തില്‍, വീട്ടിലേക്ക് തിരിച്ചു.
വീട്ടിന് മുന്‍പിലെ വെള്ളകാറ് അകലെനിന്ന് കാണുമാറായതുമുതലേ തന്നെ അദ്ദേഹം, കണ്ട്രോള്‍ റൂം ബന്ധം വിശ്ചേദിക്കപ്പെട്ട ഫ്‌ലൈറ്റുപോലെയായി മാറിയിരുന്നു.
വസന്ത പിടിച്ച കോഴിയേപ്പോലെ വീട്ടിലേക്ക് വന്ന പപ്പേട്ടന് ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്,
അപരിചിതരിലൊരുവന്‍ ഇങ്ങിനെ പറഞ്ഞു.
‘ഞാന്‍ സുകുമാരന്‍, ഷാര്‍ജ്ജയിലെ ആനന്ദന്റെ അളിയന്‍. എല്‍.ഐ.സി. ഏജന്റാണ്. കഴിഞ്ഞകൊല്ലം കോടിപതിയായിരുന്നു. ഇവര്‍ ഫീല്‍ഡ് ഓഫീസര്‍മാരാണ്. മിനിമം ഒരു പത്തുലക്ഷത്തിന്റെയെങ്കിലും മണി ബാക്ക് പോളിസി അരവിന്ദേട്ടനെക്കൊണ്ടെടുപ്പിച്ചോളാന്‍ അളിയന്‍ പറഞ്ഞിട്ടുണ്ട്’
പിന്നെയവിടെ നടന്നത് ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു.
രൌദ്രഭാവം പൂണ്ട കഥകളിക്കാരെപ്പോലെയായ പപ്പേട്ടന്‍ തമിഴ്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ അതിഭയങ്കരമായ തെറികള്‍ക്കിടയിലുള്ള ഗ്യാപ്പിലിങ്ങനെ പറഞ്ഞു:
‘നിന്നെയൊക്കെ പാമ്പുകടിച്ച് പണ്ടാരമടങ്ങാനായിട്ട് ഇതൊന്ന് ഇന്നലെത്തന്നെ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ….രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയ ബാക്കിയൊള്ളോന്‍ ഈ നിമിഷം വരെ മനസ്സമാധാനത്തോടെ എന്തെങ്കിലും തിന്നുകയോ മര്യാദക്കൊന്ന് ഉറങ്ങുകയോ ചെയ്തിട്ടില്ലടാ.. നിന്റെ അപ്പാപ്പന്റെ മണി ബാക്ക്'”.