കൊടകര : ബൈക്കില്‍ രാജ്യം ചുറ്റാന്‍ നാല്‍വര്‍സംഘം കൊടകരയില്‍ നിന്നും യാത്ര പുറപ്പെട്ടു. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രവും നേരില്‍ കാണാന്‍ രാജ്യം മുഴുവനും സഞ്ചരിക്കാന്‍ യാത്ര തിരിക്കുകയാണ് കൊടകരയിലെ ഈ നാല്‍വര്‍സംഘം. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും സഞ്ചരിക്കും.
രണ്ടു ബൈക്കുകളിലായി നാലുപേര്‍ ഇന്ന് രാവിലെ കൊടകര ഗാന്ധിനഗറില്‍ നിന്ന് സംഘം യാത്രതിരിച്ചു.ലോക പരിസ്ഥിതി ദിനമായ ഇന്ന് വൃക്ഷ തൈകള്‍ നട്ടുകൊണ്ടായിടുന്നു കൊടകരയില്‍ നിന്നും സംഘം യാത്ര തിരിച്ചത്. ബാംഗ്ലൂര്‍ ആണ് ആദ്യ ലക്ഷ്യം. തുടര്‍ന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദില്ലി, മണാലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ലഡാക്കില്‍ എത്തും. ദില്ലിയില്‍ തിരിച്ചെത്തിയശേഷം നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും. രണ്ടുമാസംകൊണ്ട് 17 സംസ്ഥാനങ്ങളും രണ്ട് അയല്‍ രാജ്യങ്ങളും ഇവര്‍ സന്ദര്‍ശിക്കും.
കൊടകര മരത്തം പിള്ളി പണപ്പെട്ടിയില്‍ ബാബുവിന്റെ മകന്‍ കൃപേഷ്, കോടാലി കരുവാന്‍വീട്ടില്‍ മനോഹരന്റെ മകന്‍ പ്രവീണ്‍, മണ്ണുത്തി വെള്ളത്തില്‍ ബെന്നിയുടെ മകന്‍ മെല്‍വിന്‍, കോടാലി തേമാലി ഗ്രാമം തേവര്‍കാട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഫസല്‍ എന്നിവരാണ് ബൈക്കില്‍ നാടുകാണാന്‍ ഇറങ്ങിയത്. നാലുപേരും അളഗപ്പ നഗര്‍ ത്യാഗരാജ പോളിടെക്നിക്കിലെ സഹപാഠികളാണ്.
ഒരുവര്‍ഷം മുമ്പാണ് ഭാരതം മുഴുവന്‍ ബൈക്കില്‍ ചുറ്റി സഞ്ചരിക്കണമെന്ന് ഇവര്‍ തീരുമാനിക്കുന്നത്. വീട്ടുകാരുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങി. യാത്ര ചെലവ് കണ്ടെത്താന്‍ വിവിധ പണികള്‍ ചെയ്തു രണ്ടുലക്ഷം രൂപ സമാഹരിച്ചു. നാല്‍വര്‍സംഘത്തിനു നമ്മുടെ കൊടകര ഡോട്ട് കോം എല്ലാവിധ മംഗളങ്ങളും നേരുന്നു.