പേരാമ്പ്ര: പേരാമ്പ്ര പള്ളിയുടെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ അന്തോണി നാമധാരികളുടെ സംഗമം നടത്തി. അന്തോണി നാമധാരികളുടെ പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബ്ബാന, സമര്‍പ്പണം എന്നിവയ്ക്കുശേഷം പൊതുയോഗം നടത്തി.
ഇടവകയിലെ അന്തോണി നാമധാരികളില്‍ 70 വയസ്സിന് മുകളിലുള്ള എല്ലാവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവകയിലെ 160 ഓളം അന്തോണി നാമധാരികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മധുരപലഹാര വിതരണവും, ചായസല്‍ക്കാരവും ഉണ്ടായിരുന്നു. വികാരി ഫാ. പോള്‍ എളങ്കുന്നപ്പുഴ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ പള്ളി വികാരി ഫാ. പോളി പുതുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി.
ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ തൊമ്മാന, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ വര്‍ഗ്ഗീസ് കരിയാറ്റില്‍, പള്ളി ട്രസ്റ്റി പാപ്പച്ചന്‍ പന്തല്ലൂക്കാരന്‍, കെ.എം. ആന്റണി കൊളപ്രന്‍, ആന്റണി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂണ്‍ 16 -ാം തിയ്യതി ശനിയാഴ്ച ഇടവകയുടെ സ്ഥാപിത രൂപം കൂട് തുറക്കല്‍, പ്രദക്ഷിണം, വാനത്ത് വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 17-ാം തിയ്യതി ഞായറാഴ്ച രാവിലെ നേര്‍ച്ച ഊട്ട് വെഞ്ചിരിപ്പും പതിനായിരത്തില്‍പ്പരം പേര്‍ക്ക് നേര്‍ച്ച ഭക്ഷണവിതരണവും ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ആരാധന, പ്രദക്ഷിണം, കുട്ടികള്‍ക്ക് ചോറൂണ് എന്നിവയും ഉണ്ടായിരിക്കും.