ജീവനും ജീവനത്തിനുമിടയില്‍ 32 മണിക്കൂര്‍…. പ്രളയദുരന്തത്തില്‍ വയലുകളുടെ ഊര് വിതുമ്പുന്നു

കൊടകര: വയലുകളുടെ ഊര് എന്നറിയപ്പെടുന്ന വയലൂര്‍ ഗ്രാമം പ്രളയം കവര്‍ന്നതിന്റെ വേദനയില്‍നിന്നും ഇനിയും മോചിതമായിട്ടില്ല. പറപ്പൂക്കര പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ നെല്ലായിയില്‍നിന്നും പടിഞ്ഞാറോട്ട് ഏതാനും മീറ്ററുകള്‍ അകലെയാണ് ഈ കേദാരഗ്രാമം. സ്വാതന്ത്ര്യദിനരാവില്‍ മഴവെള്ളം വീടുകളുടെ മുമ്പിലെത്തിയപ്പോള്‍ വീട്ടുകാര്‍ സമീപപ്രദേശങ്ങളിലെ കോണ്‍ക്രീറ്റ് വീടുകളുടെ ടെറസ്സിനുമുകളില്‍ അഭയം തേടുകയായിരുന്നു.

ഒന്നോ രണ്ടോ വീട്ടുകാരല്ല. എട്ടോാളം വീട്ടുകാരാണ് ഇത്തരത്തില്‍ മണ്ണിലിറങ്ങാതെ മുകളിലേക്ക് കയറിയത്. എന്നാല്‍ അവരുടെ പ്രതീക്ഷകളേക്കാളും ഏറെ ആര്‍ത്തലച്ചാണ് പ്രളയം കടന്നുവന്നത്. വീടുകള്‍ വെള്ളത്തിലായി. ടെറസ്സിനുമുകളില്‍പെട്ടവര്‍ ചുറ്റും വെള്ളത്തിലായി പുറത്തുകടക്കാനാകാതെ ഒറ്റപ്പെട്ടു. പലരുടേയും മൊബൈല്‍ഫോണുകള്‍ നിശ്ചലമായി. ചിലരുടെ ഫോണുകള്‍ വെള്ളംകയറി ഉപയോഗശൂന്യമായി. ചിലരാകട്ടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഞങ്ങള്‍ ഒറ്റപ്പെട്ടെന്നും ഞങ്ങള രക്ഷിക്കണമെന്നും സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു.എന്നാല്‍ ഒറ്റപ്പെട്ട തുരുത്തായി മാറിയ വയലൂരിലേക്ക് ആര്‍ക്കും എത്തിപ്പെടാനാകാത്ത സ്ഥിതിയായിരുന്നു. ദേശീയപാതയില്‍ കൊളത്തൂരില്‍ പാത കവിഞ്ഞ് ഗതാഗതംമുടക്കി വെള്ളം കവിഞ്ഞ് ഒഴുകുകയായിരുന്നു. തൂപ്പങ്കാവ് ക്ഷേത്രവും സമീപത്തെ വീടുകളും ആര്‍ത്തലച്ചുവന്ന മലവെള്ളത്തില്‍ മുങ്ങി. ദേശീയപാതയും സര്‍വീസ് റോഡുകളും പൊട്ടിത്തകര്‍ത്ത് വെള്ളം നേരെ വയലൂരിലേക്കൊഴുകി. ദേശീയപാതയില്‍ പുതുക്കാട് നിന്നും കൊടകര ഭാഗത്തേക്കുവരാനും ചാലക്കുടി ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്കുപോകാനും ആര്‍ക്കും സാധ്യമല്ലാതായി. പുതുക്കാട് നിന്നും കൊടകര ഭാഗത്തേക്കു കാല്‍നടയായിവന്നവരാകട്ടെ കൊളത്തൂരെത്തിയപ്പോള്‍ അവിടെനിന്നും കടക്കാനാകാതെ കുടുങ്ങി.നെല്ലായി ജംഗ്ഷനും വെള്ളത്തിലായി. കുറുമാലിപ്പുഴ ഗതിമാറി സമീപത്തെ വയലുകളിലൂടെയും വീട്ടുപറമ്പുകളിലൂടെയും ഒഴുകി. നാടും തോടും ചിറയും കനാലും എല്ലാംചര്‍ന്ന് ഒരു കടലായിമാറി കുത്തിയൊഴുകുകയായിരുന്നു.കൊളത്തൂരിനെ ഒഴുക്കി വയലൂരിന്റെ പടിഞ്ഞാറെക്കരയെ ആകെ മുക്കിയാണ് വെള്ളം വയലൂരിലേക്ക് പാഞ്ഞടുത്തത്. ഗ്രാമത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ വയലൂരപ്പന്റെ ശ്രീകോവിലിലേക്ക് വെള്ളം കയറിയ ചരിത്രമില്ല.കൈമുക്ക് വൈദീകരുടെ ഉടമസ്ഥതയിലുള്ളതാണ് വയലൂര്‍ മഹാദേവക്ഷേത്രം. ക്ഷേതവും ക്ഷേത്രത്തിന്റെ നാലുവശവും മഴവെള്ളത്തിലായി. ശ്രീകോവിലിന്റെ പകുത്ിയോളം വെള്ളം കയറി. ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കയറിയവര്‍ക്കും പുറത്തിറങ്ങാനാവാതെ കഷ്ടപ്പെട്ടു.

32 മണിക്കൂറാണ് വയലൂര്‍ നിവാസികള്‍ ജീവനും ജീവനത്തിനുമിടയില്‍ കഴിച്ചുകൂട്ടിയത്.അവസാനം ബേപ്പൂരില്‍നിന്നും മത്സ്യത്തൊഴിലാളികളുമായെത്തിയ 3 ബോട്ടുകളാണ് ഇവിടെ കുടുങ്ങിയവരെ നെല്ലായിയിലേക്കെത്തിച്ചത്. ഇതില്‍ കൊളത്തൂരിലുള്ളവര്‍ കൊടകര ഡോണ്‍ബോസ ്‌കോയിലേയും വയലൂരിലുള്ളവര്‍ നെല്ലായി വടക്കേടത്ത് ഹാള്‍,പോങ്കോത്ര സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പിലായിരുന്നു.നെല്ലായിയിലെ പറപ്പൂക്കര പഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാളില്‍ ഇപ്പോഴും 46 കുടുംബങ്ങളില്‍നിന്നായി 125 പേരുണ്ട്.15 ന് രാത്രിയിലാണ് വീടുകളില്‍ വെള്ളം കയറിയത്.ഇവിടത്തെ മഹാദേവക്ഷേത്രത്തിനുസമീപഭാഗത്തുള്ള സാബു, രാജു, കണ്ണന്‍സ്വാമി, ഉണ്ണിമാരാര്‍, ചന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി പേരുടെ വീടുകളുടെ ടെറസ്സിനുമുകളിലായാണ് വയലൂരുകാര്‍ കുടുങ്ങിയത്. വയലുകളുടെ ഈ ഗ്രാമത്തിന് ഈ പ്രളയത്തെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വേദനയുടെ കഥകളാണുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരേയും ദുരിതാശ്വാസക്യാമ്പിലെത്തി ഞങ്ങളെ ആശ്വസിപ്പിക്കുകയും ഭക്ഷണവും വസ്ത്രവും നല്‍കി പരിചരിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ പേരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഇവര്‍ക്ക്. അവരോട് നന്ദിപറയാന്‍ പോലും വാക്കുകള്‍ കിട്ടാതെ വലയുകയാണ് ഈ വയലൂരിന്റെ മക്കള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!