കൊടകര: വിവിധദേശങ്ങളില്‍നിന്നെത്തിയ കാവടിക്കൂട്ടങ്ങള്‍ ക്ഷേത്രസന്നിധിയിലെത്തി തകില്‍നാദസ്വരമേളത്തിന്റെ താളത്തിനൊത്ത് കൂടിയാടിയപ്പോള്‍ പേരാമ്പ്ര ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടിമഹോത്സവം ആസ്വാദകര്‍ക്ക് അനുഭൂതിയായി.
എട്ടുകാവടിസംഘങ്ങളുടേയും മുഴുവന്‍ ഗോപുരക്കാവടികളും തകില്‍-നാദസ്വരങ്ങളും വട്ടമിട്ടുനിന്നാണ് ആട്ടവും കൊട്ടും നടന്നത്. പുലര്‍ച്ചെ ഗണപതിഹോമത്തോടെ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തുടക്കമായി. കലശാഭിഷേകം, ശ്രൂഭൂതബലി, ഭക്തരുടേയും കാവടി സംഘങ്ങളടേയും അഭിഷേകങ്ങള്‍, കാവടികൂട്ടയാട്ടം, ഉച്ചപൂജ, ദീപാരാധന എന്നിവയുണ്ടായി.
അപ്പോളൊപ്പട, പെരിയച്ചിറ ,ആശാരിപ്പാറ, താണിപ്പാറ, തെക്കുംമുറി, സെന്റര്‍, സുബ്രഹ്മണ്യസമാജം, വടക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്രവിജയന്‍, ഡോ. ഒ.വി.ഷിബു, വിനോദ് ശാന്തി, മേല്‍ശാന്തി സുധിശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.