ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 56 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ കൊടകരയിൽ പിടിയിൽ

പിടികൂടിയത് അരക്കോടി രൂപയിലേറെ വിലയുള്ള മുന്തിയ ഇനം കഞ്ചാവ് ; എറണാകുളത്തേക്ക് പാഞ്ഞ വാഹനം ദേശീയ പാതയിൽ കണ്ടെത്തിയത് ഡ്രോണുപയോഗിച്ച്

കൊടകര; അരക്കോടി രൂപ വിലവരുന്ന 56 കിലോഗ്രാം ഉണക്ക കഞ്ചാവുമായി വെള്ളിക്കുളങ്ങര സ്വദേശികളായ രണ്ടു പേരെ തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രൻ ഐ പി എസ് , റൂറൽ ജില്ലാപോലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം റൂറൽ ഡിസിആർബി ഡിവൈഎസ്പി എ. രാമചന്ദ്രൻ , ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും പിടികൂടി.

വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ദീപു എന്ന ദീപക് (24 വയസ്) വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചോന്നിപ്പറമ്പിൽ തിലകന്റെ മകൻ അനന്തു (23 വയസ്) എന്നിവരെയാണ് ഇന്ന് രാവിലെ കൊടകര മേൽ പാലത്തിനു സമീപം വെച്ച് കഞ്ചാവുമായി ആഢംബരക്കാറടക്കം പിടികൂടിയത്. എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. വാടകകയ്ക്ക് എടുത്ത ആഢംബരക്കാറിന്റെ ഡിക്കിയിൽ ഭദ്രമായി പോളിത്തീൻ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയത്. കഞ്ചാവ് പൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെക്കുകയായിരുന്നു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്. കോവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിലും മറ്റു മായാണ് കേരളത്തി കഞ്ചാവ് കടത്തുന്നത്. നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന ” ഡാർക്ക് നൈറ്റ് ഹണ്ടിങ് ” എന്ന പ്രത്യേക വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടുന്നതിന് വഴിയൊരുക്കിയത്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

ഡിസിആർബി ഡിവൈഎസ്പി എ. രാമചന്ദ്രൻ, ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, കൊടകര എസ്.ഐ ഷാജൻ, പ്രത്യേകാന്വേഷണ സംഘത്തിലെ എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡിഷണൽ എസ്ഐ സോജൻ , തോമസ്, റെജി മോൻ, സീനിയർ സിപിഒ മാരായ സതീഷ് എ.ബി, റെനീഷ്, രജനീശൻ , ബൈജു ടി ടി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.പ്രതികളെ കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!