Breaking News

തപാൽ വകുപ്പിനെ ഹൃദയത്തിലേറ്റിയ എം.ജി.സുരേഷ് ഏപ്രിൽ 30ന് പടിയിറങ്ങുന്നു

ഇരുപത്തിയെട്ട് വർഷം തപാൽ വകുപ്പിനെ സ്നേഹിച്ചും ,കത്തുകളെ പ്രണയിച്ചും , നാട്ടുകാരുടെ പ്രിയപ്പെട്ട സന്ദേശവാഹകനായ എം .ജി.സുരേഷ് കൊടകര തപാൽ ആപ്പീസിൻ്റെ പടിയിറങ്ങുന്നു: തൻ്റെ ഹൃദയമിടിപ്പിനോട് ചേർന്ന് കിടന്ന കാക്കി യൂണിഫോം ഏപ്രിൽ 30ന് അദ്ദേഹം അഴിച്ചു വെക്കും.

1993 ൽ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് കനകമല പോസ്റ്റ് ഓഫീസിൽ എക്സ്ട്രാ ഡിപ്പാർട്ട്മെന്റിൽ സുരേഷ് ജോലിയിൽ പ്രവേശിച്ചത്. അവിടെ ഒമ്പതര വർഷത്തിനു ശേഷം പ്രമോഷനായി കൊടുങ്ങല്ലൂരിലേക്ക് .തുടർന്ന് നീണ്ട 17 വർഷമായി കൊടകരയിലെ സൗമ്യസാന്നിദ്ധ്യമായി സുരേഷ് തുടർന്നു.

തപാൽ വകുപ്പിന്റെ കാക്കിയണിയും മുമ്പ് സുരേഷിന്റെ ജോലി മുംബെയിൽ.
ഗോദ്റെജിന്റെ റെപ്രസന്ററ്റീവ് ആയി. പിന്നെ ബാംഗ്ളൂരിൽ ഫുഡ് സർവ്വീസ് മാനേജ്മെൻറ് കോഴ്സിന് ചേർന്നു.. തുടർന്ന് അവിടെ തന്നെ താജ് ഹോട്ടലിൽ ജോലി ചെയ്തു. 86 കാലഘട്ടത്തിൽ നാട്ടിലെത്തി എറണാകുളത്ത് അബാദ് പ്ലാസയിൽ ജോലിയിൽ പ്രവേശിച്ചു. ജീവിതത്തിന്റെ വഴിത്തിരിവ് അവിടെ നിന്നാണ്. യൂണിയൻ ഉണ്ടാക്കിയെന്ന കാരണത്താൽ 90 ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.കൂടെ 32 പേരേയും.പിന്നെ സമരങ്ങളുടെ തീഷ്ണകാലം. ജീവിതം കൂട്ടിമുട്ടിക്കാൻ തൃശൂർ കാസിനോയിലെ ജോലിയും അബാദ് പ്ലാസക്കു മുന്നിലെ സമരവും ഒരുമിച്ച് കൊണ്ടുപോയി.

ഇതിനിടയിലാണ് കനകമല പോസ്റ്റ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത് . അപ്പോഴും ഒരു ഹോട്ടലിലെ പാർട് ടൈം ജോലിയും സുരേഷ് നിർവ്വഹിച്ചിരുന്നു.ഒട്ടേറെ അനുഭവങ്ങളാണ് തപാൽ രംഗത്ത് സുരേഷിനുള്ളത്. സർക്കാർ സർവ്വീസിൽ ജോലി ലഭിച്ച ഉത്തരവുകൾ കൊടകരയിലെ പലർക്കും കൊണ്ടുപോയി കൊടുത്തതിൻ്റെ റിക്കാർഡ് സുരേഷിന് മാത്രം സ്വന്തം. ഏതൊരു സർക്കാർ ഓഫീസിൽ കയറി ചെന്നാലും സുരേഷിൻ്റെയടുത്തേക്ക് അന്ന് ഉത്തരവ് കൈപറ്റിയ ഒരാളെങ്കിലും ഓടി വരും ആ നന്ദി പ്രകടിപ്പിക്കാൻ.

കത്തുകൾ കൊണ്ടുപോയി കൊടുക്കുമ്പോൾ സ്ഥാപനങ്ങളിലും കടകളിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് അവിടങ്ങളിൽ കുറെ പേർക്ക് ജോലി തരപ്പെടുത്തി കൊടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ തപാൽ സ്നേഹി മുന്നിൽ തന്നെ . സ്നേഹ കത്തുകളും ,മണിയോർഡറുകളും മുടങ്ങാതെ വീടുകളിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എത്തിച്ചിരുന്ന സുരേഷിനെ വലയം ചെയ്ത് ഒരു പാട് ആത്മാർത്ഥ ബന്ധങ്ങളുണ്ട്.

ഒട്ടേറെ വിശിഷ്ട വ്യക്തികൾസുരേഷിന്റെ പരിചിത വലയത്തിലുണ്ട്. ഗസൽ ചക്രവർത്തി ഉംബായിയുമായി ആത്മാർത്ഥ ബന്ധമുണ്ടായിരുന്നു.. അബാദ് പ്ലാസയിൽ വെച്ച് തുടങ്ങിയതാണ് ചങ്ങാത്തം. കാവിൽ ,കൊടകര ടൗൺ ,അഴകം, വല്ലപ്പാടി, മരത്തോംപ്പിളളി എന്നിവിടങ്ങളായിരുന്നു സുരേഷിന്റെ സേവന മേഖല. കനത്ത ചൂടിനെ നേരിട്ട് ക്ഷീണം തട്ടാതെ ജോലി ചെയ്യുന്ന തന്റെ വിജയസൂത്രം കഞ്ഞിവെള്ളമാണെന്ന് ചെറുചിരിയോടെ സുരേഷ് പറയും. ദിവസവും 3 ലിറ്റർ കഞ്ഞിവെള്ളമാണ് വീട്ടിൽ നിന്ന് കൊണ്ടുവന്ന് ജോലിക്കിടയിൽ കഴിക്കുക.

കൊടകര ഗ്രാമപഞ്ചായത്ത് 2019 ൽ മികച്ച പോസ്റ്റ് മാനായി സുരേഷിനെ ആദരിച്ചിട്ടുണ്ട്: ലയൺസ് ക്ലബ്ബിൻ്റേയും ,വ്യാപാരി വ്യവസായി സംഘടനകളുടേയും ആദരവ് സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.

ഇന്ന് പോസ്റ്റ്മാനെ കാണുമ്പോൾ ജനങ്ങൾക്കത്ര മതിപ്പില്ലെന്ന് സുരേഷ് പറഞ്ഞു.പണ്ട് തോൾസഞ്ചി നിറയെ വിശേഷങ്ങളുമായി പടി കടന്നു വരുന്ന പോസ്റ്റ്മാനെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുമായിരുന്നു .ഇന്ന് കത്തുകളില്ലാത്ത കാലത്ത് പോസ്റ്റ്മാൻ വിതരണം ചെയ്യുന്നത് ഭൂരിഭാഗവും കുറി കമ്പനി നോട്ടീസുകളും ,വ്യവസായ കത്തുകളും .

വേറിട്ട വിട പറയൽ മാതൃക സൃഷ്ടിച്ചിട്ടാണ് സുരേഷ് തപാൽ സഞ്ചി തിരിച്ചേൽപ്പിക്കുന്നത് .
സേവന കാലയളവിൽ തന്നെ ചേർത്തു പിടിച്ച കുറെ പേർക്ക് തപാൽ കാർഡിൽ നന്ദി വാക്കുകളെഴുതി അയച്ചു കൊണ്ടാണ് വിശ്രമ ജീവിതത്തെ സ്വീകരിക്കുന്നത്.

ഗീതയാണ് സുരേഷിന്റെ ഭാര്യ. എക മകൻ നിർമ്മൽ കല്ലേറ്റുങ്കര പോസ്റ്റ് ഓഫീസിൽ പോസ്റ്റ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്യുന്നു.നിർമ്മലിൻ്റെ ഭാര്യ നീനു ചാലക്കുടിയിൽ ആയുർവേദ ഡോക്ടറാണ് .പേരക്കുട്ടി ധ്രുവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.