കൊടകര: ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികളായ ശ്രീദേവ് എ.ആർ , ദേവ് നിരഞ്ജൻ എസ്, സിദ്ധാർത്ഥ് ശ്രീധർ, രോഹിത് കെ.യു, ജിത്തു വി.സി എന്നീ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്, പ്രത്യേക പരിഗണനയർഹിക്കുന്ന എസ്. എസ്. എൽ.സി പരീക്ഷാർത്ഥികൾക്ക് സ്ക്രൈബ് സഹായം നൽകിയതിനു ലഭിച്ച പ്രതിഫലം കോവിഡ് വാക്സിൻ ചാലഞ്ചിലേക്ക് സസന്തോഷം സംഭാവന ചെയ്തത്.
അഞ്ചു പേരും മുഴുവൻ പ്രതിഫലത്തുകയായ തൊള്ളായിരം രൂപ വീതം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമന് കൈമാറി. അക്കാദമിക മികവിനൊപ്പം സാമൂഹ്യപ്രതിബദ്ധതയും, സഹജീവി സ്നേഹവും ഉണർത്തുക എന്ന വിദ്യാലയത്തിൻ്റെ സന്ദേശമാണ് കൊച്ചു കൂട്ടുകാർ പ്രാവർത്തികമാക്കിയത്. കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ദിവ്യ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ഡി. സിബി, ധന്യ സി.എസ്, ടി.പി. പ്രജിത്ത്, പ്രധാനാധ്യാപിക പി.പി.മേരി, കുട്ടികളുടെ മാതാപിതാക്കൾ, പി ടി എ / എം.പി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.