ഇന്ത്യന്‍ കമ്പനിയായ ഐബോളിന്റെ പുതിയ ടാബ്‍ലെറ്റ് ഏറ്റുമുട്ടുന്നത് സാംസങ്ങിനോടും മൈക്രോമാക്സിനോടും ഒന്നുമല്ല. സാക്ഷാല്‍ ആപ്പിളിനോട് ഏറ്റുമുട്ടി വിജയിക്കാനാണ് ഐബോളിന്റെ പുതിയ ശ്രമം. ഐപാഡിന്റെ അതേ വലിപ്പത്തിലുള്ള റെറ്റിന ഡിസ്‍പ്ലേയുമായാണ് ഐബോളിന്റെ പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. വിലയാകട്ടെ ഐപാഡിന്റെ നേര്‍ പകുതിയും. പെര്‍ഫോമന്‍സ് ആന്‍ഡ്രോയ്ഡ് ടാബ്‍ലെറ്റുകളുടെ ഗണത്തില്‍ സാംസങ്ങിനെ കടത്തിവെട്ടാനും ഐബോളിന്റെ പുതിയ മോഡലായ സ്ലൈഡ് ക്യു 9703 ന് കഴിവുണ്ട്.
ആപ്പിള്‍ ഐപാഡില്‍ ഉപയോഗിക്കുന്ന 2048×1536 പിക്സല്‍ റെസലൂഷനുള്ള 9.7 ഇഞ്ച് ഡിസ്പ്ലേയാണ് ഐബോളും ഉപയോഗിച്ചിരിക്കുന്നത്. ഇത് 264 പിപിഐ പിക്സല്‍ ഡെന്‍സിറ്റി നല്‍കും. 1.2 ഗിഗാഹെട്സിന്റെ ക്വാഡ് കോര്‍ പ്രോസസ്സറിന് ഒക്ടാ കോര്‍ ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റിന്റെയും രണ്ട് ജിബി റാമിന്റെയും പിന്തുണയുണ്ട്. ഫോര്‍ കെ അള്‍ട്രാ ഹൈ ഡെഫനിഷനിലുള്ള വീഡിയോ വരെ ഇതില്‍ നന്നായി പ്ലേ ചെയ്യുമെന്ന് കമ്പനി പറയുന്നു.
മള്‍ട്ടി ടാസ്കിങ്ങിന്റെ പുതിയ ലോകമാണ് സ്ലൈഡ് ക്യു 9703 തുറക്കുന്നത്. ഒരേ സമയം നാല് വീഡിയോ വരെ പ്ലേ ചെയ്യാന്‍ ഇതിനാകും. 16 ജിബിയാണ് ഇന്റേണല്‍ മെമ്മറി. കൂടാതെ 32 ജിബി മെമ്മറി കാര്‍ഡ് പിന്തുണയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ( ജെല്ലീബീന്‍ )ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. അധികം വൈകാതെ 4.2 അപ്ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് മെഗാപിക്സലിന്റെ പ്രധാന ക്യാമറയും രണ്ടു മെഗാപിക്സലിന്റെ മുന്‍ ക്യാമറയുമുണ്ട്. 8000 എംഎഎച്ച് ബാറ്ററി ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തന സമയം നല്‍കും. വൈഫൈ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, മൈക്രോ യുഎസ്ബി കണക്ടിവിറ്റികകളുള്ള ടാബിന്റെ ഏക പോരായ്മ ത്രീ ജി സിം സൗകര്യമില്ലാത്തതാണ്. എന്നാല്‍ ഡോങ്കിള്‍ വഴി ത്രീ ജി കണക്ടിവിറ്റി ലഭ്യമാക്കാം. കടപ്പാട് വിജിന്‍ വി.