ചെമ്പുചിറ : കോവിഡിൻ്റെ പിടിയിൽ ഒന്നര വർഷത്തോളം മുടങ്ങിക്കിടന്ന കളി ചിരികളുടെ മേളക്കാഴ്ച ഒരുക്കി ചെമ്പുചിറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ കളിമുറ്റത്ത് അതിജീവനത്തിൻ്റെ പ്രവേശന മഹാമഹം കേരളപ്പിറവി ദിനത്തിൽ കൊണ്ടാടി. അറിവിൻ്റെ തേൻ മധുരം നുകരാൻ ഓടിയെത്തിയ കുരുന്നുകളുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി എസ് പ്രിൻസ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ അങ്കണത്തിലൊരുക്കിയ വിശാലമായ ചടങ്ങിന് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അശ്വതി വിബി അധ്യക്ഷത വഹിച്ചു. അതിജീവനത്തിൻ്റെ സ്കൂൾദിനങ്ങളിൽ കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങളെ ഫ്ലാഷ് മോബിലൂടെ അവതരിപ്പിച്ച എസ് പി സി വിദ്യാർഥികൾ ചടങ്ങിൽ പ്രത്യേക ശ്രദ്ധ നേടി. വളരെ ആശങ്കയിലും ആഹ്ലാദത്തിൻ്റെ ചിരിത്തെളിമ അധ്യാപകരിലും കുട്ടികളിലും കാണാനുണ്ടെന്ന് ആശംസാ ഭാഷണത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ടി.കെ.അസ്സെൻ കൂട്ടിച്ചേർത്തു.
പ്രതീക്ഷകളുടേയും കരുതലിൻ്റെയും കാലഘട്ടത്തിൽ എല്ലാ വിദ്യാർഥികൾക്കും ആത്മവിശ്വാസവും ആശംസകളും നേർന്നു കൊണ്ട് വാർഡ് മെമ്പർമാരായ ശ്രീ NP അഭിലാഷ്, ശ്രീമതി സീബ ടീച്ചർ, ശ്രീമതി ശാന്തി ബാബു, ശ്രീമതി ജിഷ ഹരിദാസ് എന്നിവർ സംസാരിച്ചു. കളിമുറ്റമൊരുക്കാം എന്ന പദ്ധതിയെ മുൻനിർത്തി വിദ്യാലയ പരിസരം വീട്ടുമുറ്റം പോലെ നിർമ്മലവും സജീവവുമാക്കാൻ അശ്രാന്തo പരിശ്രമിച്ച എല്ലാ വ്യക്തികളേയും അഭിനന്ദിച്ചു കൊണ്ട് പി ടി എ പ്രസിഡൻ്റ് ശ്രീമതി മഞ്ജു സജി, M പി ടി എ പ്രസിഡൻ്റ് ശ്രീമതി ജിസി ടിറ്റൻ, എസ് എം സി ചെയർമാൻ ശ്രീ. Nട വിദ്യാധരൻ, ഓ എസ് എ സെക്രട്ടറി ശ്രീ സന്ദീപ് KS എന്നിവർ സംസാരിച്ചു. കേരളപ്പിറവി ദിനം ശ്രേഷ്ഠ ഭാഷാ പദവി നേടിയ മലയാള ഭാഷാ ദിനം കൂടിയാണെനോർമ്മിപ്പിച്ചു കൊണ്ട് മുതിർന്ന അധ്യാപിക ശ്രീമതി ഗീത കെ.ജി സംസാരിച്ചു.
എസ് പി സി കുട്ടികളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ടിവി. ഗോപി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് PP ടെസ്സി നന്ദിയും രേഖപ്പെടുത്തി.