വിഷുപ്പുലരിയില്‍ കണികാണാന്‍ രാജസ്ഥാന്‍കുടുംബത്തിന്റെ കൃഷ്ണവിഗ്രഹം

കൊടകര :    മഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലിചൂടിയ മനോഹര  കൃഷ്ണവിഗ്രഹങ്ങള്‍  മലയാളിയുടെ മഹോത്സവമായ വിഷുപ്പുലരിയില്‍  കണികാണാനൊരുക്കുകയാണ്  രാജസ്ഥാന്‍ കുടംബം. ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂര്‍ തൂപ്പങ്കാവ് പാലത്തിനോടുചേര്‍ന്നാണ്  രാജസ്ഥാനിലെ പാലി ജില്ലയിലെ എരിട്ടിയ സ്വദേശിയായ ബാവുലാലും കുടുംബവും വിവിധവലിപ്പത്തിലും വര്‍ണത്തിലുമുള്ള ചാരുതയേകുന്ന  ശ്രീകൃഷ്ണവിഗ്രഹങ്ങളുമായി മേടമെത്തുന്നതിനും മാസങ്ങള്‍ക്കുമുമ്പേ സജീവമായത്.  കര്‍ണികാരവും കണിവെള്ളരിയുമായി കണികണ്ടുണരാന്‍ കാത്തിരിക്കുന്ന മലയാളിക്ക് കണ്ണന്റെ കമനീയ ശില്‍പ്പങ്ങള്‍  ഭക്തിരസപ്രദാനമാണ്.

പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തയ്യാറാക്കിയ ആയിരക്കണക്കിന് വിഗ്രഹങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെനിന്നും  വിറ്റുപോകുന്നത്. പതിറ്റാണ്ടോളമായി ഇവിടെ ബാവുലാലും കുടുംബവും വിഗ്രഹങ്ങളുമായി ഉണ്ടെങ്കിലും വിഷുക്കാലമാണ് ഇവരുടെ ചാകര. ഗണപതിയും സരസ്വതിയും ശിവനും ഭദ്രകാളിയുമൊക്കെ ഇവരുടെ കലവറയിലുണ്ടെങ്കിലും വിഷുവിപണിയില്‍ കൃഷ്ണവിഗ്രഹങ്ങളാണ് വിറ്റഴിയുന്നത്.

200 രൂപമുതല്‍ 1000 രൂപവരെ വിലയുള്ള വിഗ്രഹങ്ങളുണ്ട്. വീടുകളിലേക്കു മാത്രമല്ല സംസ്ഥാനത്തിന്റെ പലഭാഗത്തുമുള്ള അലങ്കാരവില്‍പ്പനസ്ഥാപനങ്ങളിലേക്കും  ഇവിടെനിന്നും വിഗ്രഹങ്ങള്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്നുണ്ട്. കൊടകരയിലെത്തുന്നതിനുമുമ്പ് കോട്ടയം ,കൊട്ടാരക്കര, തിരുവല്ല തുടങ്ങി കേരളത്തിന്റെ പല കേന്ദ്രങ്ങളിലും ഈ കുടുംബം കൃഷ്ണവിഗ്രഹങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങളില്‍ വിവിധവര്‍ണത്തിലുള്ള ചായം മുക്കുകയാണ്. ബാവുലാലിന്റെ പത്‌നിയും കുട്ടികളും കൂടാതെ രാജസ്ഥാനില്‍നിന്നുതന്നെയെത്തിയ നാലോളം പേരും ഇവര്‍ക്കൊപ്പമുണ്ട്.

കഴിഞ്ഞ ഒരുമാസത്തോളണായി ഇവര്‍ക്ക് തിരക്കോടു തിരക്കാണ്. വീടുകളിലേക്കായി ഇഷ്ടപ്പെട്ട വിഗ്രഹങ്ങള്‍ ഓരോന്നു വാങ്ങി ക്കൊണ്ടുപോകുന്നവരും അമ്പതും നൂറും എണ്ണം വില്‍പ്പനക്കായി വാങ്ങിപ്പോകുന്നവരും രാവിലെ മുതല്‍ ഇവിടെയെത്തുന്നു. ഇക്കുറി മേടം രണ്ടിനാണ് വിഷു. അതുകൊണ്ടുതന്നെ മേടപ്പിറപ്പിന്റെ സായംസന്ധ്യവരെ കൃഷ്ണവിഗ്രഹങ്ങളെ വിപണിയിലൊരുക്കാനായി രാവും പകലും ഭേദമില്ലാതെ നിര്‍മാണത്തിന്റെ തിരക്കിലാണ് ഇവര്‍

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!