രഞ്ജിത്ത് മാധവന്‍ സംവിധാനം ചെയ്ത ലാര്‍ക്കക്ക് പുരസ്ക്കാരം

കൊടകര :  പുഴയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലതയുടെ സ്മരണാര്‍ഥമുള്ള പുരസ്‌കാരം രഞ്ജിത്ത് മാധവന്‍ സംവിധാനം ചെയ്ത ലാര്‍ക്കക്ക് ലഭിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച  രാജ്യാന്തര മൈക്രോ ഫിലിം ഫെസ്റ്റിവലിലാണ്    മികച്ച പരിസ്ഥിതി സംരക്ഷണ പ്രമേയത്തിനുള്ള ഡോ. എ. ലത പുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ രഞ്ജിത് മാധവന്റെ  ‘ലാര്‍ക്ക’ എന്ന മൈക്രോ മൂവിയെ തേടിയെത്തിയത്.

ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയില്‍ ചെറുജീവികള്‍ക്കും അവയുടേതായ സ്ഥാനമുണ്ടെന്ന് പറഞ്ഞുവെക്കുന്നതാണ്  രഞ്ജിത്ത് ഒരുക്കിയ ലാര്‍ക എന്ന മൈക്രോ മൂവി . മനുഷ്യന്റെ അശ്രദ്ധയില്‍ നിരത്തോരങ്ങളില്‍ ചതഞ്ഞരയുന്ന കുഞ്ഞുജീവികളുടെ നിലവിളിയാണ് ഒന്നരമിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം. റോഡും  മററ് ആധുനിക സൗകര്യങ്ങളും മനുഷ്യര്‍ക്ക്  മാത്രം അവകാശപ്പെട്ടതല്ലെന്ന് ലാര്‍ക ഓര്‍മപ്പെടുത്തുന്നു.

എ ബയോഗ്രഫി ഓഫ് റോഡ് എന്ന പേരില്‍ രഞ്ജിത്ത് തയ്യാറാക്കിയ ചിത്ര പരമ്പരക്കായുള്ള യാത്രക്കിടയില്‍ പല സ്ഥലങ്ങളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ലാര്‍കയിലുള്ളത്. കൃത്രിമ ഷോട്ടുകള്‍ ഉള്‍പ്പെടുത്താതെ  പ്രകൃതിയില്‍ കണ്ടതിനെ അതേപടി പകര്‍ത്തുക മാത്രമാണ് ഇതില്‍ രഞ്ജിത്ത് ചെയ്തിട്ടുള്ളത്.

ഫോട്ടോഗ്രഫിയില്‍ വേറിട്ടതും വ്യത്യസ്തവുമായ പാത സ്വീകരിക്കുന്ന ഈ യുവ ഫോട്ടോഗ്രഫര്‍ ഇതുവരെ ആരും തെരഞ്ഞടുത്തിട്ടില്ലാത്ത പ്രമേയങ്ങളെയാണ് പലപ്പോഴും ക്യാമറയുമായി പിന്തുടരുന്നത്.

ഒഴുകുന്ന വെള്ളത്തില്‍ കാറ്റും വെളിച്ചവും ചേര്‍ന്ന് സൃഷ്ടിച്ച  അമൂര്‍ത്തരൂപങ്ങളെ ക്യാമറയില്‍ പകര്‍ത്തി ഹൈഡ്രാര്‍ട്ട് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ രഞ്ജിത്ത് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലതയുടെ പേരില്‍ നല്‍കുന്ന പുരസ്‌കാരത്തിനാണ് രഞ്ജിത്തിന്‍രെ മൈക്രോ മൂവി അര്‍ഹമായത്.  പതിനായിരം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന  പുരസ്‌കാരം  ഓഗസ്റ്റ് 20 ന് കൊച്ചിയില്‍  നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

സഹ്യപര്‍വതനിരകളുടെ പാരിസ്ഥിതിക നിലനില്‍പ്പിനുവേണ്ടിയും പുഴകളുടെ പുനരുജ്ജീവനത്തിനുവേണ്ടിയും  തന്റെ ജീവിതം പൂര്‍ണമായി വിനിയോഗിച്ച പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു ഡോ.എ.ലത. ലതയുടെ പ്രവര്‍ത്തനമേഖലകളില്‍ പ്രഥമസ്ഥാനം ചാലക്കുടിപ്പുഴത്തടത്തിലായിരുന്നു. പൂക്കളും പുഴുക്കളും പുഴകളുമടങ്ങുന്ന പ്രകൃതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വജീവിതം ഹോമിച്ച പുഴകളുടെ കൂട്ടുകാരി ഡോ.എ.ലതയുടെ പേരിലുള്ള പുരസ്‌കാരം തന്റെ സൂക്ഷ്മചിത്രത്തെ തേടിയെത്തിയതില്‍ ഏറെ ആഹ്ലാദത്തിലാണ് രഞ്ജിത്ത് മാധവന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!