പൂനിലാർക്കാവ് ദേവി ഭക്തിഗാനം റിലീസ് ചെയ്തു. കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിൻ്റെ ചരിത്രവും പ്രാധാന്യവും ഭക്തി നിർഭരമായി അവതരിപ്പിക്കുകയാണ് ‘ കാവിലമ്മേ ദേവി’ എന്ന ഭക്തിഗാനം. ശ്രീമതി ഇ കെ പുഷ്പവതിയുടെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് പ്രശാന്ത് ശങ്കറാണ് .കൊടകര ഗവണ്മെൻ്റെ ഗേൾസ് സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് പുഷ്പവതി ടീച്ചർ.
കൊടകര കാവിൽ ദേശത്തു ദീർഘകാലമായി താമസിക്കുന്ന ടീച്ചർ ഭക്തി പുരസ്സരം ചിട്ടപ്പെടുത്തിയ വരികൾ കാവിലമ്മക്കുള്ള സമർപ്പണമായാണ് അവതരിപ്പിക്കുന്നത്. കാവിലമ്മയുടെ പ്രാധാന്യവും പരശുരാമനെ പരാമർശിക്കുന്ന ഐതീഹ്യവും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ ഗാനം കൊടകരക്കാർക്കിടയിൽ പൂനിലാർക്കാവിലമ്മയോടുള്ള കറതീർന്ന ഭക്തി എടുത്തുപറയുന്നു.
ദേവിയെ ശക്തിസ്വരൂപിണിയായും സന്താപങ്ങളിൽ ആശ്രയമായും വർണ്ണിക്കുന്ന വരികൾ ഈ ഗാനത്തിന് ഭക്തർക്കിടയിൽ സ്വീകാര്യത നൽകുന്നു. ദേവിയെ നെഞ്ചിലേറ്റുന്ന കൊടകരക്കാർക്ക് എന്നെന്നും കേട്ടാസ്വദിക്കാൻ വിവി ഡിജിറ്റൽ പ്ലാറ്റ്ഫോം ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നു.