ഇനി ഫെയ്‌സ്ബുക്കിലെ സെലിബ്രിറ്റികളേയും പ്രമുഖ വ്യക്തികളുടേയും ഒറിജിനല്‍ അക്കൗണ്ടുകള്‍ ഏതെന്ന് തിരഞ്ഞ് ഫെയ്‌സ്ബുക്ക് യൂസേഴ്‌സ് ബുദ്ധിമുട്ടേണ്ടി വരില്ല. വ്യാജന്‍മാരെ മനസ്സിലാക്കി തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ മനസ്സിലാക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ ഒരു വഴി കണ്ടെത്തിയിരിക്കുന്നു. സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഏതെന്ന് നിര്‍ണിച്ചു കൊണ്ട് അവരുടെ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക്ക് മറ്റ് യൂസേഴ്‌സിന് വഴികാട്ടിയാകുന്നത്.
അതായത് ഫെയ്‌സ്ബുക്ക് പേജ് യഥാര്‍ത്ഥമാണോ എന്ന് ഫെയ്‌സ്ബുക്ക് തന്നെ നിര്‍ണയിക്കുമെന്ന് സാരം.
ബ്ലൂ സര്‍ക്കിളില്‍ വൈറ്റ് ചെക്ക് മാര്‍ക്ക് സെലിബ്രിറ്റികളുടെ അക്കൗണ്ട് പേരിനടുത്ത് സജ്ജീകരിച്ചാണ് ഫെയ്‌സ്ബുക്ക് ഇത് സാധ്യമാക്കുന്നത്. ഫെയ്‌സ്ബുക്ക് തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് പുതിയ സംവിധാനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ മാത്രമേ ഫെയ്‌സ്ബുക്ക് വെരിഫിക്കേഷന്‍ ചെയ്യുകയുള്ളൂ.
ട്വിറ്ററിന്റെ പാത പിന്തുടര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ ഏതെന്ന് തിരിച്ചറിയാന്‍ ഫെയ്‌സ്ബുക്ക് സംവിധാനം ഒരുക്കിയിരിക്കുന്നത്.