Breaking News

ആഹ്ലാദത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍.

03089_498088തിരുവനന്തപുരം: ഒരു പൊളിച്ചെഴുത്തിന് തുടക്കമിടുകയാണ് ഈ ചെറുപ്പക്കാര്‍. നിരീക്ഷണ ക്യാമറകളുടെ പരിധിയില്‍, സമയമില്ലായ്മയുടെ സമ്മര്‍ദത്തില്‍ അതികഠിനമായി ഓരോ മണിക്കൂറും ചെലവഴിക്കുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് അതിരില്ലാ സ്വാതന്ത്ര്യം നല്‍കാന്‍ ഇവര്‍ ധൈര്യം കാണിച്ചു. ടെക്‌നോപാര്‍ക്കുകളില്‍ കേട്ടുകേള്‍വിയില്ലാത്ത ‘തോന്ന്യാസങ്ങള്‍’ വിജയകരമായ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തില്‍ അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ’ഡിജിറ്റല്‍ ബ്രാന്‍ഡ് ഗ്രൂപ്പ്’ (ഡി.ജി.ബി) വന്‍കിട കമ്പനിയൊന്നുമല്ല. ആഗ്രഹിക്കുന്നതുപോലെ വളരാന്‍ എല്ലാ സാധ്യതയുണ്ടായിട്ടും. ആഹ്ലാദിച്ച് ജോലി ചെയ്യുക എന്ന മുദ്രാവാക്യം ഇവര്‍ പ്രാവര്‍ത്തികമാക്കി. ഓരോ തൊഴിലാളിയേയും നിരീക്ഷിക്കുന്ന എച്ച്. ആര്‍. ഗ്രൂപ്പ് എന്ന സങ്കല്‍പ്പം ഇവര്‍ പൊളിച്ചെഴുതി. മറിച്ച് ജീവനക്കാര്‍ക്ക് സ്വയം വിലയിരുത്താനും കമ്പനിയെ വിലയിരുത്താനും അവസരമൊരുക്കി. തോന്നുമ്പോള്‍ ജോലി ചെയ്യാനും തോന്നുംപോലെ ചെയ്യാനും ഇവര്‍ ജീവനക്കാരോട് പറഞ്ഞു.

ഫലം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത ഒരു പ്രോജക്ടും സമയക്രമം തെറ്റിച്ചിട്ടില്ല. ഇഷ്ടം പോലെ പ്രോജക്ടുകള്‍ ലഭിക്കുന്നുമുണ്ട്. സാധാരണ ഐ.ടി.കമ്പനികള്‍ ‘ക്ലെയിന്റില്‍ ‘ നിന്ന് ഒരു മണിക്കൂര്‍ സേവനത്തിന് 30- 50 ഡോളര്‍ ഈടാക്കുമ്പോള്‍ അതിന്റെ ഇരട്ടിയിലധികമാണ് ഡി.ജി.ബിയുടെ നിരക്ക്. ഗുണമേന്‍മയില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയില്ലെന്ന ഉറപ്പാണ് അതിന് പിന്നില്‍. തിരുവനന്തപുരത്തിന് പുറമെ അമേരിക്കയിലെ കാലിഫോര്‍ണിയയിലും കമ്പനിയ്ക്ക് ഓഫീസുണ്ട്.

സോഫ്റ്റ്‌വേറുകളുടെ സുരക്ഷാവേലികള്‍ പൊട്ടിക്കുന്നത് ഹോബിയാക്കി മാറ്റി പിന്നീട് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച ജെറമിയ ജാക്‌സ് എന്ന അമേരിക്കക്കാരനും കഴക്കൂട്ടുത്തുകാരന്‍ ദീപു എസ്.നാഥുമാണ് ഡി.ജി.ബിയുടെ സാരഥികള്‍. ജെറമിയ്ക്ക് ആഗോളതലത്തിലുള്ള പ്രശസ്തിയൊന്നു മാത്രം മതി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പോക്കിന്. എന്നാല്‍ സംതൃപ്തി നല്‍കുന്ന പ്രോജക്ടുകള്‍ മാത്രം ഏറ്റെടുക്കുകയെന്ന നയമുള്ളതിനാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഇവര്‍ സമയമെടുത്ത് ആസ്വദിച്ച് മുന്നോട്ടുപോകുന്നു.

ആകസ്മിക തുടക്കം

ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ഡിപ്ലോമ നേടി സര്‍ക്കാരിന്റെ ചെറുകിട കമ്പ്യൂട്ടര്‍വത്ക്കരണ പദ്ധതികളില്‍ നിന്നുള്ള ചെറിയ വരുമാനവുമായി ജീവിച്ചുപോന്ന ദീപു എന്ന ചെറുപ്പക്കാരന്‍ ഏഴുവര്‍ഷം മുമ്പ് ബാംഗ്ലൂരിലെത്തുന്നതോടെയാണ് കഥ ഗതി തിരിയുന്നത്. ബാംഗ്ലൂരില്‍ ഒരു കമ്പനിയ്ക്കുവേണ്ടി ജോലചെയ്യവെ ദീപു അമേരിക്കക്കാരനായ ജെറമിയയെ പരിചയപ്പെടുന്നു.

പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത, സോഫ്റ്റ്‌വേര്‍ കോഡെഴുതാന്‍ ശാസ്രതീയ വിദ്യാഭ്യാസ നേടാത്ത ജെറമി പതിനൊന്നു വയസ്സുമുതല്‍ തന്നെ പ്രശസ്തനാണ്. പ്രമുഖ ക്രഡിറ്റ്കാര്‍ഡ് കമ്പനികളുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറി പ്രതിരോധപ്പിഴവുകള്‍ കാണിച്ചുകൊടുത്ത ജെറമി തന്റെ പുതിയ പ്രോജക്ടിന് ആളെത്തേടിയാണ് ബാംഗ്ലൂരിലെത്തിയത്.

ദീപുവിനേയും സംഘത്തേയും ജെറമിയ്ക്ക് ‘ക്ഷ ‘ പിടിച്ചു. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്തും അമേരിക്കയിലും കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഉഗ്രന്‍ ശമ്പളം കിട്ടിത്തുടങ്ങിയ ദീപുവിനും സംഘത്തിനും അതൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍, എല്ലാ വിജയകഥകളിലും സംഭവിക്കുന്നതുപോലെ അവര്‍ വെല്ലുവിളി ഏറ്റെടുത്തു.

വെബ്ബ് ഡെവലപ്‌മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ , ഡാറ്റാബേസ് ആര്‍കിടെക്ച്ചര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡി.ജി.ബിയുടെ ടെക്‌നോപാര്‍ക്ക് കേന്ദ്രത്തില്‍ ഇന്ന് 32 പേരുണ്ട്. ‘ജീവനക്കാരുമായി ബന്ധപ്പെട്ട് ഇവിടെ ഒരു പ്രത്യേക നയമോ ഡ്രസ്‌കോഡോ ഒന്നും ഞങ്ങള്‍ക്കില്ല. ഉത്തരവുകളെ വെറുക്കുക, ആശയങ്ങളെ സ്‌നേഹിക്കുക എന്നാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകരോട് പറയുന്നത്. ഇവിടെ നിരീക്ഷണ ക്യാമറയില്ല. സമയ നിബന്ധനയൊന്നുമില്ല. അഞ്ചുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ലീവ് അപേക്ഷ പോലും നിരസിച്ചിട്ടില്ല. ഫാക്ടറിയിലെ തൊഴില്‍ സംസ്‌ക്കാരത്തില്‍നിന്ന് ഐ.ടി.കമ്പനികള്‍ ഇതുവരെ മാറിയിട്ടില്ല. എന്നാല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഡി.ജി.ബി.യില്‍. അങ്ങേയറ്റത്തെ ഗുണനിലവാരമാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ക്ക് തിരിച്ച് ലഭിക്കുന്നത്’ – ദീപു പറയുന്നു.

03089_498089

സാങ്കേതിക സംവാദം

ഡി.ജി.ബിയിലെ ‘കുട്ടികള്‍ ‘ ടെക്‌നോപാര്‍ക്കില്‍ നടത്തുന്ന ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. അല്‍പ്പസ്വല്‍പം അലമ്പും ബഹളവുമൊക്കെയായി ഇവര്‍ കോളേജ് ജീവിതം തുടരുന്നു. കുറച്ചുനാള്‍ മുമ്പ് കമ്പനി നവീകരണത്തിന് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ 32 ജീവനക്കാരും ലോഡിങ് തൊഴിലാളിയായി. അന്നത് വാര്‍ത്തയായിരുന്നു.

ഞങ്ങളുടെ സംസ്‌ക്കാരത്തിലേയ്ക്ക് പുതിയൊരാളെ ഇഴുകിച്ചേര്‍ക്കുക പാടാണ്. എന്നാല്‍ ഒരിക്കല്‍ ഈ സ്വാതന്ത്ര്യത്തിന്റെ വില എന്തെന്നറിഞ്ഞാല്‍ പിന്നെയവര്‍ വിട്ടുപോകില്ല. ഈ ടീമിന്റെ സ്പിരിറ്റുമായി ഒത്തുചേരുന്നവരെ തിരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധിച്ചാണ്’ – ദീപു പറയുന്നു.

കമ്പനിയുടെ രണ്ടാംഘട്ട വികസനത്തിനൊപ്പം ‘കോഫി വിത്ത് ഡി.ബി.ജി ‘ എന്ന പരിപാടി ഉടന്‍ തുടങ്ങുകയാണ്. ആര്‍ക്കും മാസത്തിലെ ആദ്യ ബുധനാഴ്ച ടി.ബി.ജിയിലെത്തി സാങ്കേതിക സംവാദം നടത്താം. ആശയങ്ങള്‍ നിശ്ചയമായും ചര്‍ച്ചചെയ്യപ്പെടും. കേള്‍ക്കാനുമാളുണ്ടാകും. സത്യം.സമത്വം. സ്വാതന്ത്ര്യം.

പി.എസ്.ജയന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!