വരന്തരപ്പിള്ളി : മലയോര കാര്‍ഷിക ഗ്രാമങ്ങളായ വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, കരയാംപാടം, നന്തിപുലം, മറ്റത്തൂര്‍, വാസുപുരം, അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നതു കുറുമാലിപ്പുഴയിലെ ജലസേചന പദ്ധതികളെയാണ്.ഈ പദ്ധതികളില്‍ വേനല്‍ക്കാലത്തു വെള്ളം കിട്ടുന്നതു ചിമ്മിനി ഡാമില്‍ നിന്നാണ്. വെള്ളം പുഴയില്‍ മണ്‍ചിറകള്‍ നിര്‍മിച്ചു കെട്ടിനിര്‍ത്തിയാണു ജലസേചന പദ്ധതികളിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നത്.
കുറുമാലിപ്പുഴയില്‍ അഞ്ചു സ്ഥലങ്ങളിലാണു മണ്‍ചിറകള്‍ നിര്‍മിക്കുന്നത്. ഇതില്‍ കന്നാറ്റുപാടം, കാരിക്കുളം എന്നിവിടങ്ങളില്‍ മണല്‍ചിറകളും തോട്ടുമുഖം, വാസുപുരം, കുണ്ടുകടവ് (കാനത്തോട്) എന്നിവിടങ്ങളില്‍ മണ്‍ചിറകളുമാണു നിര്‍മിക്കുന്നത്. കുണ്ടുകടവ് (കാനത്തോട്) ചിറ നിര്‍മിക്കണമെങ്കില്‍ മുളകൊണ്ടു തെതല്‍ നിര്‍മിച്ചു വേലിവച്ചു മണ്ണിട്ടു നികത്തേണ്ടതും ഉണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചിറ നിര്‍മിച്ചു വെള്ളം സംഭരിക്കുക എന്ന രീതി അവലംബിച്ചു. ഇതിനു മുന്‍പു ഡിസംബറില്‍ ചിറ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇടയ്ക്കു മഴ പെയ്തതാണു ചിറ നിര്‍മാണം വെകാന്‍ ഇടയാക്കിയത്. ഇതിനു പുറമെ ടിപ്പര്‍ സമരവും മണ്ണ് എടുക്കുന്നതിന് അനുമതി ലഭിക്കാനുണ്ടായ താമസവും കരാറുകാരെ ബുദ്ധിമുട്ടിച്ചിരുന്നു.
ഈ വര്‍ഷം ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാര്‍ ലേലത്തില്‍ പങ്കെടുത്തില്ല. മണ്ണിനും മറ്റ് അസംസ്കൃത വസ്തുക്കള്‍ക്കും വിലയേറിയതും കൂലികൂടിയതും ചിറ നിര്‍മാണത്തിനു ബാധ്യത കൂട്ടുന്നതായി കരാറുകാര്‍ ആരോപിച്ചു. രണ്ടാമതു നടന്ന ടെന്‍ഡറിലാണു കരാറുകാര്‍ പണി നടത്താമെന്നേറ്റത്.
കോള്‍നിലങ്ങളിലേക്കു കൃഷിക്കാവശ്യമായ വെള്ളം ചിമ്മിനി ഡാമില്‍നിന്നു തുറന്നുവിട്ടതോടെ പുഴയിലെ ജലവിതാനം ഉയര്‍ന്നതിനാല്‍ ചിറ നിര്‍മാണം വീണ്ടും വെകി. പുഴയില്‍ ഒഴുക്കുവെള്ളം കൂടിയെങ്കിലും ജലസേചന പദ്ധതികളില്‍ പമ്പിങ്ങിനാവശ്യമായ വെള്ളമില്ലാത്തതു കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പാടശേഖരങ്ങള്‍ വെള്ളം കിട്ടാതെ ഉണങ്ങി വിണ്ടുകീറിയ നിലയിലാണ്. ഈ അവസ്ഥയില്‍ ഒരാഴ്ച കഴിഞ്ഞാല്‍ നെല്‍കൃഷി പാടെ നശിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. അടിയന്തരമായി കുറുമാലിപ്പുഴയിലെ ചിറകള്‍ നിര്‍മിക്കുന്നതിനു നടപടിയെടുക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
കടപ്പാട് : മനോരമ