രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുണ്ടായ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കാഴ്ചാനുഭവങ്ങള്‍ നല്‍കിയ ചിത്രങ്ങളാണ്. രഞ്ജിത്ത് ലാലിനെ ഫ്യൂഡല്‍ പ്രഭുവും അമാനുഷനുമാക്കി മാറ്റുകയാണ് ഇത്തരം ചിത്രങ്ങളിലൂടെയെന്ന് പലവട്ടം വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ ചിത്രങ്ങളെല്ലാം സാധാരണ പ്രേക്ഷകരെ നന്നേ രസിപ്പിച്ചിട്ടുണ്ടെന്നുള്ളകാര്യത്തില്‍ മറിച്ചൊരു വാദത്തിന് ഇടയില്ല. എന്നാല്‍ പിന്നീട് രഞ്ജിത്ത് കുറച്ചുകൂടി യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കുന്ന ചിത്രങ്ങളിലേയ്ക്ക് മാറി.
സൂപ്പര്‍ഹീറോയായി പിന്നീട് പലവട്ടം ലാല്‍ എത്തിയെങ്കിലും അവയ്‌ക്കൊന്നിനും രഞ്ജിത്ത് ചിത്രങ്ങളുടെ ക്ലാസ് ഇല്ലായിരുന്നുവെന്നാണ് പലപ്പോഴും വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ രഞ്ജിത്ത് വീണ്ടും കളംമാറ്റിച്ചവിട്ടുകയാണ്. മോഹന്‍ലാലുമായിച്ചേര്‍ന്ന് പുതിയൊരു തട്ടുപൊളിപ്പന്‍ ചിത്രവുമായി എത്തുകയാണ് രഞ്ജിത്ത്. രഞ്ജിത്തും മോഹന്‍ലാലും ഒന്നിയ്ക്കുന്നുവെന്ന് കേട്ടപ്പോള്‍ ഇരുവരുടെയും ആരാധകരില്‍ ഏറിയപങ്കും ഒരു ആറാം തമ്പുരാന്‍ ദേവാസുരം ടൈപ്പ് ചിത്രം ആഗ്രഹിച്ചിട്ടുണ്ടാകും. മാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് കേട്ടതോടെ ഈ ആഗ്രഹം പ്രതീക്ഷയായി മാറി. കാരണം ആറാം തമ്പുരാനിലും മറ്റും ലാല്‍ മുംബൈയിലെ അധോലോകത്തുനിന്നെത്തുന്ന നായകനായിട്ടാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ജി ഫോര്‍ ഗോള്‍ഡിലെ കള്ളക്കടത്തുകാരനും ഇത്തരത്തിലൊരു സൂപ്പര്‍ ഹീറോ ആയിരിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കാന്‍ തുടങ്ങി.
ഇപ്പോള്‍ വീണ്ടും പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആറാം തമ്പുരാന്റെ രണ്ടാം ഭാഗമായിരിക്കും ജി ഫോര്‍ ഗോള്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ രഞ്ജിത്ത് ഇതുവരെ ഒരു വ്യക്തതയും തന്നിട്ടില്ല. എന്തായാലും ലാല്‍ വീണ്ടും കള്ളക്കടത്തുകാരനായി എത്തുന്ന ചിത്രം മികച്ചൊരു ത്രില്ലറായിരിക്കുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം. മുമ്പ് ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, ഇന്ദ്രജാലം, എന്നീ ചിത്രങ്ങളിലെല്ലാം കറതീര്‍ന്ന കള്ളക്കടത്തുകാരനായി ലാല്‍ അഭിനയിച്ചുതകര്‍ത്തിട്ടുണ്ട്. രഞ്ജിത്ത് എന്ന പ്രതിഭയുടെ പിന്‍ബലംകൂടിയാകുമ്പോള്‍ ജി ഫോര്‍ ഗോള്‍ഡിലെ കള്ളക്കടത്തുകാരനും പ്രേക്ഷകര്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന പണ്ട് ഓര്‍മ്മയിലേയ്‌ക്കൊരു ഫോണ്‍ നമ്പര്‍ കളഞ്ഞിട്ടുപോയ സാഗര്‍ ഏലിയാസ് ജാക്കിയെപ്പോലൊരു കഥാപാത്രമാകുമെന്ന് പ്രതീക്ഷിയ്ക്കാം.
ജി ഫോര്‍ ഗോള്‍ഡില്‍ സൂപ്പര്‍ വില്ലനായി സിദ്ദിഖ്
രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമായ ജി ഫോര്‍ ഗോള്‍ഡ് ഒരു അടിപൊളി ത്രില്ലറായിരിക്കുമെന്നകാര്യം ഉറപ്പായിരിക്കുകയാണ്. ഇത്തരത്തില്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ത്രില്ലര്‍ ചിത്രങ്ങള്‍ എടുത്തപ്പോഴെല്ലാം അവയില്‍ നായകനൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുമുണ്ടായിരുന്നു. മുണ്ടയ്ക്കല്‍ ശേഖരനും, കൊളപ്പുള്ളി അപ്പനുമെല്ലാം ഇത്തരത്തില്‍ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന വില്ലന്മാരായിരുന്നു. ഇപ്പോള്‍ വീണ്ടും മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹീറോ വേഷം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡിനും നായകനൊപ്പം തന്നെ പിടിച്ചുനില്‍ക്കുന്ന സൂപ്പര്‍ വില്ലനാണ് ഉണ്ടാവുകയെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമുണ്ടെന്ന് തെളിയിച്ച ഒരുപാട് നടന്മാരുണ്ടായിട്ടുണ്ട്. ചിലരെല്ലാം ഇപ്പോഴും ഇത്തരത്തില്‍ മികച്ച വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കോമഡിയും മിമിക്രിയുമായി എത്തി പിന്നീട് സ്വഭാവനടനായും അതുകഴിഞ്ഞ് മികച്ച വില്ലനായും മാറിയ സിദ്ദിഖാണ് രഞ്ജിത്തിന്റെ ചിത്രത്തില്‍ വില്ലനാകുന്നത്.
ജി ഫോര്‍ ഗോള്‍ഡിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ ചിത്രത്തില്‍ സിദ്ദിഖ് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പത്തുവയസ്സിന്റെ വ്യത്യാസമുള്ള രണ്ട് സഹോദരന്മാരായിട്ടായിരിക്കും ചിത്രത്തില്‍ സിദ്ദിഖ് അഭിനയിക്കുക. മികച്ച വില്ലത്തരങ്ങളുള്ള ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും രണ്ടുതരം മേക്കപ്പായിരിക്കുമെന്നും കേള്‍ക്കുന്നു. രണ്ടുപേരും കോമ്പിനേഷന്‍ സീനുകളില്‍ എത്തും എന്നുള്ളതാണ് മറ്റൊരു സവിശേഷത. ഇതിന് മുമ്പ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകനില്‍ സിദ്ദിഖ് ഇരട്ടവില്ലന്മാരായി എത്തിയിരുന്നു. പക്ഷേ നായകനിലെ രണ്ട് വില്ലന്മാര്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.
27വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഒരുപക്ഷേ സിദ്ദിഖിന് ഏറ്റവും പ്രശംസകള്‍ നേടിക്കൊടുത്തത് വില്ലന്‍ വേഷങ്ങളായിരിക്കും. നായകന് ചിത്രത്തിന് അവസാനം വരെ കടുത്ത തലവേദനയുണ്ടാക്കുന്ന വില്ലന്മാരെയാണ് സിദ്ദിഖ് അവതരിപ്പിച്ചിട്ടുള്ളത്. മികച്ച ചിത്രങ്ങളിലെയും സിദ്ദിഖ് ചെയ്തിട്ടുള്ള വില്ലന്മാര്‍ക്ക് ഒന്നിനൊന്ന് വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഉണ്ടായിരുന്നത്. ഇനി ജി ഫോര്‍ ഗോള്‍ഡിലെ ഇരട്ടവേഷത്തില്‍ സിദ്ദിഖ് എന്തു പുതുമയുമായിട്ടാണ് എത്തുന്നതെന്ന് കാത്തിരുന്ന് കാണാം.