പുതുക്കാട് : ദേശീയ പാത കുറുമാലിയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പുതുക്കാട് രാപ്പാള്‍ ചെറാകുളം പുഷ്പാകരന്റെ മകന്‍ ആകാശാണ് (18) മരിച്ചത്. കൂടെയുണ്ടായിരുന്നയാളെയും വാഹന ജീവനക്കാരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാലി ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചക്ക് 1 നാണ് സംഭവം.
ഒല്ലൂര്‍ സെന്റ് ജോസഫ് പാരലല്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ആകാശ് പരീക്ഷ കഴിഞ്ഞ് കുറുമാലിയില്‍ ബസിറങ്ങി സമീപവാസിയായ ചെരല്‍വിളയില്‍ ജോസഫ് (55) എന്നയാളോടൊപ്പം വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ചാലക്കുടി ഭാഗത്തുനിന്ന് പച്ചക്കറി കയറ്റി അമിത വേഗതയില്‍ വന്ന പിക്കപ്പ്‌വാന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ്‌വാന്‍ സൈഡ് ഗാര്‍ഡുകള്‍ തെറിപ്പിച്ച് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കൊയമ്പത്തൂര്‍ സ്വദേശികളായ ശരവണന്‍, രവികുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.
നാലുപേരെയും ഉടന്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആകാശിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കുള്ള ജോസഫിനെ പിന്നീട് ജൂബിലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വാഹന ജീവനക്കാരുടെ പരിക്ക് നിസാരമാണ്. ആകാശിന്റെ അമ്മ-അജിത. സഹോദരി-അമൃത. പുതുക്കാട് പോലീസ് നടപടി സ്വീകരിച്ചു.